മട്ടന്നൂർ പാലയോട് വീടിന്റെ വാതിൽ തകർത്തു അകത്തു കടന്നു പത്ത് പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന പ്രതി പിടിയിൽ. പാലക്കാട് വട്ടമന്നപുരം സ്വദേശി എം. നവാസിനെയാണ് (55) മട്ടന്നൂർ പൊലീസ് പിടികൂടിയത്. തെരൂർ പാലയോട്ടെ പൗർണമിയിൽ ടി. നാരായണന്റെ വീട്ടിലാണു കവർച്ച നടന്നത്.
ഈ മാസം 22 നായിരുന്നു സംഭവം. നാരായണൻ തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. മോഷണം നടക്കുന്ന ദിവസം നാരായണൻ വീട് പൂട്ടി ബെംഗളൂരുവിലെ മകളുടെ വീട്ടിൽ പോയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി തിരികെ വീട്ടിൽ എത്തിയപ്പോഴാണ് വീടിന്റെ മുൻ വശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണവും പണവും നഷ്ടപ്പെട്ടതായി മനസിലായി.
ഒരു കരിമണി മാല, മൂന്ന് മോതിരം, ഒരു കമ്മൽ എന്നിവയാണ് മോഷ്ടിച്ചത്. വീടിന്റെ താഴത്തെ നിലയിലും മുകളിലത്തെ നിലയിലും കിടപ്പുമറിയിലെ അലമാരയിലും മറ്റും സൂക്ഷിച്ച വസ്ത്രങ്ങൾ അടക്കം പുറത്ത് വാരിവലിച്ചിട്ടിരുന്നു.
വീടിന് ചുറ്റും സിസിടിവി സ്ഥാപിച്ചിരുന്നെങ്കിലും വീടിന്റെ മുൻഭാഗത്തും പിൻഭാഗത്തും സ്ഥാപിച്ച ക്യാമറകൾ തകർത്താണ് അകത്തു കയറിയത്. കണ്ണൂരിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി ശാസ്ത്രീയമായ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് തെളിവ് ലഭിച്ചത്.
















