‘സേവ് ബോക്സ്’ നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്യുമെന്ന വാർത്തകൾ നിഷേധിച്ച് നടൻ ജയസൂര്യ രംഗത്ത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് തനിക്കെതിരെ നടക്കുന്ന ‘നുണ പ്രചാരണങ്ങളെ’ അദ്ദേഹം തള്ളിക്കളഞ്ഞത്.
വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇ.ഡി.യിൽ നിന്ന് തനിക്കോ ഭാര്യക്കോ ഇതുവരെ സമൻസ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ചാനലുകളിലൂടെയാണ് തനിക്ക് സമൻസ് ലഭിച്ചതായി താൻ അറിയുന്നതെന്നും, ഏഴാം തീയതി വീണ്ടും ഹാജരാകണമെന്ന് പറഞ്ഞുള്ള പ്രചാരണം വെറും നുണയാണെന്നും ജയസൂര്യ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
നേരത്തെ 24-ാം തീയതിയും 29-ാം തീയതിയും ഹാജരാകാൻ സമൻസ് ലഭിച്ചപ്പോൾ താനും ഭാര്യയും കൃത്യമായി ഹാജരായിരുന്നു എന്നും എന്നാൽ ഏഴാം തീയതിക്കുള്ള സമൻസ് ലഭിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമ ധർമ്മം അധഃപതിക്കുന്നു വാർത്തകൾ വസ്തുനിഷ്ഠമായി ജനങ്ങളിലെത്തിക്കാൻ ബാധ്യസ്ഥരായ മാധ്യമങ്ങൾ ഈ വിധം ‘അധഃപതിക്കുന്നത്’ കാണുമ്പോൾ സഹതപിക്കാനേ നിർവാഹമുള്ളൂ എന്നും അദ്ദേഹം പറയുന്നു.
“മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം എന്താല്ലേ!” എന്ന കടുത്ത വിമർശനവും അദ്ദേഹം ഉന്നയിച്ചു.
പരസ്യ ആവശ്യങ്ങൾക്കായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ഊഹിക്കാൻ സാധിക്കില്ലെന്നും, എല്ലാ സാമ്പത്തിക നടപടികളും നിയമാനുസൃതമായി മാത്രം നടത്തി നികുതി അടയ്ക്കുന്ന ഉത്തരവാദിത്തമുള്ള പൗരൻ മാത്രമാണ് താനെന്നും ജയസൂര്യ കുറിപ്പിൽ വിശദീകരിച്ചു.
സേവ് ബോക്സ്’ നിക്ഷേപ തട്ടിപ്പ് കേസിൽ താൻ ബ്രാൻഡ് അംബാസഡറായി പ്രവർത്തിച്ചതിന് ലഭിച്ച പ്രതിഫലം തട്ടിപ്പിലൂടെ നേടിയ പണമാണോ എന്നതിലാണ് നിലവിൽ ഇ.ഡി. അന്വേഷണം പുരോഗമിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂർ സ്വദേശിയും സിനിമ മേഖലയുമായി അടുത്ത ബന്ധമുള്ള വ്യക്തിയുമായ സ്വാതിക് റഹീമിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ജയസൂര്യ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ :
നുണ പ്രചരണം മാധ്യമ ധർമ്മം ആവുമ്പോൾ രണ്ടുദിവസമായി എന്നെ കുറിച്ചുള്ള നുണ പ്രചാരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് ഞാൻ. കാരണം എനിക്ക് സമൻസ് വന്നു ഏഴാം തീയതി ഞാൻ വീണ്ടും ഹാജരാക്കണം എന്ന് പറഞ്ഞു തുടങ്ങിയതാണ് ഈ നുണ പ്രചരണം.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചാനലിലൂടെ സമൻസ് കിട്ടുന്നതല്ലാതെ നേരിട്ട് ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ എനിക്കോ എന്റെ ഭാര്യയ്ക്ക് ഈ ഡി യിൽ നിന്ന് അങ്ങനെ ഒരു സമൻസ് ലഭിച്ചിട്ടില്ല. 24ന് ഹാജരാകണം എന്ന സമൻസ് കിട്ടി ഞാൻ ഹാജരായി. 29 നും ഹാജരാകണം എന്ന് പറഞ്ഞു. അതിലും ഞങ്ങൾ ഹാജരായിരുന്നു.
അല്ലാതെ ഏഴാം തീയതി വീണ്ടും ഹാജരാകാനുള്ള സമൻസ് ഇതുവരെ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. നമ്മളെ പരസ്യ ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പ് ഒപ്പിക്കുമെന്ന് നമുക്ക് ആർക്കെങ്കിലും ഇന്ന് ഊഹിക്കാൻ പറ്റുമോ? എല്ലാവിധ സാമ്പത്തിക നടപടികളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതു ഖജനാവിൽ അടയ്ക്കുന്ന ഉത്തരവാദിത്തപ്പെട്ട ഒരു സാധാരണ പൗരൻ മാത്രമാണ് ഞാൻ.
വാർത്തകൾ വസ്തുനിഷ്ഠമായി ജനങ്ങൾ എത്തിക്കാൻ ബാധ്യസ്ഥരായ മാധ്യമങ്ങൾ ഈ വിധം അധം പതിക്കുന്നത് കാണുമ്പോൾ സഹതപിക്കുകയും നിർവാഹമുള്ള. മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം എന്താല്ലേ!
















