ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരം’ എന്ന ഖ്യാതിയുള്ള മധ്യപ്രദേശിലെ ഇൻഡോറിൽ, കുടിവെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നതിനെ തുടർന്നുണ്ടായ രോഗബാധയിൽ അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
നഗരത്തിലെ ഭഗീരത്പുരയിൽ താമസിക്കുന്ന സുനിൽ സാഹു-കിൻജൻ ദമ്പതികൾക്ക് 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കുഞ്ഞാണ് ഈ ദുരന്തത്തിൽ പൊലിഞ്ഞത്. അവ്യാൻ എന്ന് പേരുള്ള കുഞ്ഞാണ് കടുത്ത പനിയും വയറിളക്കവും ബാധിച്ച് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് കുഞ്ഞിന് കടുത്ത രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. കുഞ്ഞിന് മുലപ്പാൽ നൽകാൻ അമ്മയ്ക്ക് സാധിക്കാത്തതിനെ തുടർന്ന് കുപ്പിപ്പാൽ നൽകാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു.
കടയിൽ നിന്ന് വാങ്ങിയ പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം കലർത്തി നൽകിയതാണ് കുഞ്ഞിന്റെ രോഗബാധയ്ക്ക് കാരണമായതെന്നാണ് റിപ്പോർട്ട്. കൊറിയർ കമ്പനിയിൽ ജോലി ചെയ്യുന്ന പിതാവ് സുനിൽ സാഹുവിന്റെ മൊഴി പ്രകാരം, വീട്ടിൽ ഉപയോഗിക്കുന്ന പൈപ്പ് വെള്ളം ഫിൽട്ടർ ചെയ്ത് ശുദ്ധീകരിച്ച ശേഷമാണ് ഉപയോഗിച്ചിരുന്നത്. എങ്കിലും, ഈ വെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നിരുന്നുവെന്ന് പിന്നീട് വ്യക്തമായി.
രണ്ട് ദിവസം മുൻപാണ് കുഞ്ഞിന് രോഗം പിടിപെട്ടത്. വീട്ടിൽ വെച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുഞ്ഞ് മരണത്തിന് കീഴടങ്ങി.
ദീർഘകാലത്തെ പ്രാർത്ഥനകൾക്കൊടുവിൽ ലഭിച്ച കണ്മണിയെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് സുനിൽ-കിൻജൻ ദമ്പതികൾ. ‘ശുചിത്വ നഗരം’ എന്ന് അഭിമാനിക്കുന്ന ഇൻഡോർ നഗരസഭയുടെ അനാസ്ഥയാണ് തങ്ങളുടെ കുഞ്ഞിന്റെ ജീവനെടുത്തതെന്ന ആരോപണമാണ് ഈ കുടുംബം ഉയർത്തുന്നത്.
















