തിരുവനന്തപുരം കോർപ്പറേഷനിലെ ഇലക്ട്രിക് ബസ് സർവീസുമായി ബന്ധപ്പെട്ട വിവാദം പുതിയ വഴിത്തിരിവിലേക്ക്. നിലവിലെ തർക്കത്തിൽ തങ്ങളുടെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് മേയർ വി.വി. രാജേഷും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും ഉറപ്പിച്ചു പറഞ്ഞതോടെ വിഷയം ഒരു വലിയ നിയമപ്രശ്നമായി വളർന്നിരിക്കുകയാണ്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിക്ക് പുറത്ത് ബസ് ഓടിക്കുന്നത് കരാർ ലംഘനമാണ് എന്നാണ് മേയറുടെ പ്രധാന വാദം. എന്നാൽ, കരാർ ലംഘിച്ചിട്ടില്ല എന്ന നിലപാടിൽ മന്ത്രിയും കെഎസ്ആർടിസിയും ഉറച്ചു നിൽക്കുന്നു.
കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ കൗൺസിൽ യോഗത്തിൽ ഈ വിഷയം വൻ ചർച്ചയാക്കാനാണ് ബിജെപിയുടെ നീക്കം. ശബ്ദമില്ലാതെ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് ബസ് സർവീസിനെ ചൊല്ലി കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്നതോടെയാണ് ശബ്ദമുയർന്നു തുടങ്ങിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മേയർ വി.വി. രാജേഷ് വിഷയത്തിന് തിരികൊളുത്തുകയും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അത് ആളിക്കത്തിക്കുകയും ചെയ്തതോടെ വിവാദം ഒരു രാഷ്ട്രീയ പോരാട്ടമായി മാറുകയായിരുന്നു
ഈ ഇലക്ട്രിക് ബസ് വിവാദത്തിന് പിന്നിൽ ചില രാഷ്ട്രീയ അജണ്ടകളും തെറ്റിദ്ധാരണകളും ഉണ്ട്. നഗരത്തിൽ ഓടുന്ന 163 ബസ്സുകൾ നഗരത്തിൽ മാത്രം ഓടുന്നത് ലാഭകരമല്ല എന്ന് കെഎസ്ആർടിസി വിലയിരുത്തിയതിനെ തുടർന്നാണ് മറ്റ് സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച്ചത്. ഇതാണ് മേയർ കരാർ ലംഘനമായി ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ, നഗരത്തോട് ചേർന്നുള്ള മേഖലകളിലും സർവീസ് നടത്താമെന്ന് കരാറിൽ വ്യവസ്ഥയുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു. കൂടാതെ, മെച്ചപ്പെട്ട സേവനത്തിനായി ഡിപ്പോകളിൽ നിന്ന് സർവീസ് നടത്താമെന്നും കരാറിൽ പറയുന്നുണ്ട്. കോർപ്പറേഷൻ പരിധിയിൽ നിന്നുതന്നെ നിർബന്ധമായും സർവീസ് ചെയ്യണമെന്ന് പ്രത്യേകം കരാറിൽ വ്യവസ്ഥയില്ല എന്നതാണ് മന്ത്രിയുടെയും കെഎസ്ആർടിസിയുടെയും പ്രധാന വാദം.
മേയറും മന്ത്രിയും അവരുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ, ഈ ഇലക്ട്രിക് ബസ് തർക്കം വൈകാതെ നിയമനടപടികളിലേക്കും കോടതി വ്യവഹാരങ്ങളിലേക്കും നീങ്ങാനാണ് സാധ്യത.
















