ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ.) ഭാവി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, പ്രമുഖ ക്ലബ്ബുകളിൽ നിന്ന് സൂപ്പർ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് ശക്തമാകുന്നു. ആരാധകരെ ആശങ്കയിലാഴ്ത്തി കേരള ബ്ലാസ്‌റ്റേഴ്‌സിൽ നിന്ന് നോഹ സദോയി കൂടി പടിയിറങ്ങിയതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നേരത്തെ ക്യാപ്റ്റനായിരുന്ന അഡ്രിയാൻ ലൂണ, തിയാഗോ ആൽവസ് എന്നിവരും ക്ലബ്ബ് വിട്ടതിന് പിന്നാലെയാണ് നോഹയുടെ ഈ നീക്കം.
നോഹ സദോയിയെ ലോൺ അടിസ്ഥാനത്തിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിൽ നിന്ന് വിട്ടയച്ചിരിക്കുന്നത്. 2026 മേയ് 31 വരെയാണ് നോഹയ്ക്ക് ക്ലബ്ബുമായി കരാറുള്ളതെങ്കിലും, താരം അടുത്ത സീസണിൽ ഇൻഡൊനീഷ്യൻ ക്ലബ്ബിനായി കളിക്കാനാണ് സാധ്യത.
പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബും താരവും ലോൺ കരാറിൽ എത്തിച്ചേർന്നത്. നോഹ ക്ലബ്ബിലേക്ക് തിരികെ എത്തുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തമായ സൂചനകളില്ല.
സൂപ്പർ ലീഗിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വമാണ് പ്രമുഖ താരങ്ങൾ ക്ലബ്ബുകൾ വിടാനുള്ള പ്രധാന കാരണം. കേരള ബ്ലാസ്‌റ്റേഴ്‌സിനു പുറമെ മറ്റ് ക്ലബ്ബുകളിലും സമാനമായ രീതിയിൽ പ്രമുഖ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുണ്ട്. എഫ്.സി. ഗോവയുടെ സ്പാനിഷ് താരങ്ങളായ ബോറിയ ഹെരേര, ഹാവിയർ സിവേറിയോ എന്നിവരും ജംഷഡ്പുർ എഫ്.സി.യുടെ ഹാവിയർ ഹെർണാണ്ടസും ക്ലബ്ബ് വിട്ടവരിൽ ഉൾപ്പെടുന്നു.
ബെംഗളൂരു എഫ്.സി.യുടെ സ്പാനിഷ് മുന്നേറ്റനിരക്കാരൻ എഡ്ഗാർ മെൻഡസും ടീം വിട്ടു. കൂടാതെ, ബെംഗളൂരു എഫ്.സി.യുടെ പരിശീലകനായിരുന്ന ജെറാർഡ് സരഗോസയും കരാർ അവസാനിപ്പിച്ച് മടങ്ങിയത് ഐ.എസ്.എൽ. ക്ലബ്ബുകളിലെ പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ഈ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് പുതിയതായി എത്തിച്ച തിയാഗോ ആൽവസുമായുള്ള കരാർ നേരത്തെ ക്ലബ്ബ് അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രമുഖ താരം ലൂണയുടെ കൂറുമാറ്റം
















