പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്.
വർഷങ്ങൾക്ക് മുമ്പുതന്നെ താൻ പാർലമെന്ററി രാഷ്ട്രീയ രംഗത്തോട് വിടപറഞ്ഞതാണെന്നാണ് സുധീരൻ പറയുന്നത്. വീണ്ടും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പല സന്ദർഭങ്ങളിലും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് കോൺഗ്രസ് നേതൃതലത്തിൽനിന്ന് സമ്മർദങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, അത്തരം നിർദേശങ്ങളെല്ലാം നന്ദിപൂർവ്വം താൻ ഒഴിവാക്കുകയായിരുന്നുവെന്നും പഴയ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ:
പാര്‍ലിമെന്ററി രാഷ്ട്രീയ രംഗത്തുനിന്നും വര്‍ഷങ്ങള്‍ക്കു മുമ്പേതന്നെ ഞാന്‍ വിടപറഞ്ഞതാണ്. പിന്നീട് പല സന്ദര്‍ഭങ്ങളിലും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് കോണ്‍ഗ്രസ് നേതൃതലത്തില്‍ നിന്നും സമ്മര്‍ദ്ദങ്ങളുണ്ടായെങ്കിലും നന്ദിപൂര്‍വ്വം അതൊക്കെ ഒഴിവാക്കുകയാണുണ്ടായത്. ആ നിലപാടിന് യാതൊരു മാറ്റവുമില്ല. മറിച്ചുള്ള വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല.
















