IFFKയില്‍ പങ്കെടുക്കാനെത്തിയ കുറച്ചു പേര്‍ക്ക് ഡിന്നര്‍ നല്‍കാന്‍ 5 ലക്ഷംരൂപ ചെലവഴിച്ചതിന്റെ പേരില്‍ താര സംഘടനയായ അമ്മയില്‍ നടക്കുന്ന വലിയ വിവാദങ്ങളില്‍ തുറന്നു പ്രതികരിച്ച് അമ്മ എക്‌സിക്യൂട്ടീവ് അംഗവും നടനുമായ ജോയിമാത്യു. ഡിന്നര്‍ വിവാദം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. തീര്‍ത്തും തെറ്റായ നടപടിയായിരുന്നുവെന്നും ജോയിമാത്യു തുറന്നടിച്ചു. വണ്‍ ടു ടോക്ക് എന്ന യൂ ട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ജോയിമാത്യുവിന്റെ തുറന്നു പറച്ചില്‍. ഈ വിഷയവുമായി ബന്ധപ്പെട്ട് സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ശ്വേതാ മേനോന്‍ ലെഫ്റ്റായതൊക്കെ വാര്‍ത്തയായിരുന്നു. അന്ന് ഡിന്നര്‍ നല്‍കുന്നതിനെ നിശിചമായി വിമര്‍ശിച്ചവരില്‍ മുമ്പിലായിരുന്നു ജോയി മാത്യു.
അന്നത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പങ്കെടുക്കാനായില്ല. പക്ഷെ അന്നത്തെ കമ്മിറ്റിയില്‍ അത് പാസാവുകയായിരുന്നു എന്നും ജോയി മാത്യു പറയുന്നു. സംഘടനയില്‍ എന്തെങ്കിലും തരത്തിലുള്ള വിയോജിപ്പുണ്ടെങ്കില്‍ അത് പറയുകയാണ് വേണ്ടത്. ക്ഷുഭിതനായി എതിര്‍പ്പു പ്രകടിപ്പിച്ച് ഇറങ്ങിപ്പോവുക എന്നുള്ളത് ശരിയല്ല. കാരണം, തിരഞ്ഞെടുത്ത അംഗങ്ങളോട് കാണിക്കുന്ന വഞ്ചനയാണ്. ഇങ്ങനത്തെ വിമത ശബ്ദങ്ങള്‍ ഉള്ളവര്‍ ഓരോരുത്തരായി രാജിവെച്ചു പോയാല്‍ പിന്നെ വിമത ശബ്ദങ്ങളേ ഉണ്ടാകില്ല. തീരുമാനങ്ങള്‍ ഏകപക്ഷീയമായി എടുത്തുകൊണ്ടിരിക്കും. അതുകൊണ്ട് ഒരിക്കലും ഒരു സംഘടനയില്‍ നിന്നും പുറത്താക്കപ്പെടുന്നതു വരെ രാജിവെച്ചു പോകരുതെന്ന അഭിപ്രായക്കാരനാണ് ഞാനെന്നും ജോയി മാത്യു പറയുന്നു.
- ജോയി മാത്യുവിന്റെ വാക്കുകള്‍
ഭൂരിപക്ഷ അഭിപ്രായത്തിലാണ് അത് പാസായത്. അന്നുതന്നെ എതിര്‍പ്പു പറഞ്ഞു. ഫോണിലൂടെയും വാട്‌സാപ്പിലും പറഞ്ഞു. ഞാന്‍ മാത്രമല്ല, അഞ്ചുപേരില്‍ കുറയാത്തവര്‍ എതിര്‍പ്പു പറഞ്ഞു. ശക്തമായ എതിര്‍പ്പ് ഇപ്പോഴുമുണ്ട്. അത് ശരിയല്ല എന്ന അഭിപ്രായമുണ്ട്. കാരണം, IFFKയില്‍ വരുന്നവര്‍ക്ക് ഡിന്നര്‍ കൊടുക്കേണ്ട ഒരു സ്ഥാപനമോ സംഘടനയോ അല്ല ഇത്. ഇത് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനാണ്. ഇതിനകത്തെ അംഗങ്ങളുടെ സഹായമാണ് ഉദ്ദേശം. അവശത അനുഭവിക്കുന്നവര്‍ നിരവധിയുണ്ട്. അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നു. മരുന്നുകള്‍ വാങ്ങിക്കൊടുക്കുന്നു. ഇന്‍ഷുറന്‍സ് നല്‍കുന്നു. അങ്ങനെ നിരവധി ചാരിറ്റബിള്‍ നല്‍കുന്നു. ഈ ഡിന്നര്‍ കൊടുക്കുന്നതിലൂടെ ഒന്നും സംഘടനയ്ക്കു കിട്ടുന്നില്ല. 5 ലക്ഷം രൂപയ്ക്ക് ഡിന്നര്‍ കൊടുക്കുമ്പോള്‍ 50 ലക്ഷം രൂപ കിട്ടുകയാണെങ്കില്‍ അത് ചെയ്യുന്നതില്‍ തെറ്റില്ല.
5 ലക്ഷം തന്ന സ്ഥിതിക്ക് അമ്മയുടെ ബജറ്റിലേക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ തരാമെന്നു പറയുകയാണെങ്കില്‍ ഞാനെന്റെ ആരോപണം പിന്‍വലിക്കും. പക്ഷെ, അത് നടക്കില്ല. IFFKയില്‍ വന്ന ഡെലിഗേറ്റുകള്‍ക്ക് കുടിവെള്ളം കൊടുത്തിരുന്നെങ്കില്‍ അത് ചാരിറ്റി പ്രവര്‍ത്തനമായി കാണാം. ഈ ഡിന്നര്‍ കൊടുക്കുന്നതാര്‍ക്കാണ്. ആര്‍ക്കോ ആണ്. പട്ടിണി പാവങ്ങള്‍ക്ക് കൊടുക്കുകയാണെങ്കില്‍ മനസ്സിലാക്കാം. ഡിന്നറാണ്, ഉച്ച ഊണല്ല എന്നുകൂടി മനസ്സിലാക്കണം. ഞാന്‍ എതിര്‍പ്പു പ്രകടിപ്പിക്കുമ്പോള്‍ അതിനോട് യോജിക്കണോ വേണ്ടയോ എന്നത് നിലപാടിന്റെ പ്രശ്‌നമാണ്. ഞാനതില്‍ ക്ഷുഭിതനായി എതിര്‍പ്പു പ്രകടിപ്പിച്ച് ഇറങ്ങിപ്പോവുക എന്നുള്ളത് ശരിയല്ല. കാരണം, എന്നെ തിരഞ്ഞെടുത്ത അംഗങ്ങളോട് ഞാന്‍ കാണിക്കുന്ന വഞ്ചനയാണ്. ഇങ്ങനത്തെ വിമത ശബ്ദങ്ങള്‍ ഉള്ളവര്‍ ഓരോരുത്തരായി രാജിവെച്ചു പോയാല്‍ പിന്നെ വിമത ശബ്ദങ്ങളേ ഉണ്ടാകില്ല. തീരുമാനങ്ങള്‍ ഏകപക്ഷീയമായി എടുത്തുകൊണ്ടിരിക്കില്ലേ. ഒരിക്കലും ഒരു സംഘടനയില്‍ നിന്നും പുറത്താക്കപ്പെടുന്നതു വരെ രാജിവെച്ചു പോകരുതെന്ന അഭിപ്രായക്കാരനാണ് ഞാന്‍.
നിങ്ങളെ അവര്‍ പറത്തുകളയും. പുറത്തു കളയുമ്പോള്‍ വെറേ കാര്യങ്ങള്‍ ആലോചിക്കാം. ഞാനീ കാര്യങ്ങള്‍ പുറത്ത് മാധ്യമങ്ങളോട് പറയുമെന്നും പറഞ്ഞിട്ടുണ്ട്. അതെന്റെ അവകാശമല്ലേ. എന്റെ സ്വാതന്ത്ര്യമല്ലേ. എന്റെ മനസ്സിലുള്ള കാര്യങ്ങള്‍ പറയുന്ന ഒരു ലൈനാണ് എന്റേത്. സംഘടനയെ തകര്‍ക്കുന്ന ഒന്നും ചെയ്യാതിരിക്കുക എന്നുള്ളതാണ്. സംഘനയിലെ 506 അംഗങ്ങളോടും എന്റെ നിലപാട് ഇതായിരുന്നു എന്നു പറയാനൊക്കില്ല. അവിടെയാണ് മാധ്യമങ്ങള്‍ ചോദിക്കുന്ന ചോദ്യത്തിന് മറുപടിയായി പറയാന്‍ കഴിയുന്നത്. അവരെല്ലാം മാധ്യമങ്ങള്‍ വീക്ഷിക്കുന്നവരാണല്ലോ. പല സീനിയര്‍ മെമ്പര്‍മാരും എന്നെ വിളിച്ചു ചോദിച്ചിട്ടുണ്ട്. എന്താണ് കാണിക്കുന്നതെന്ന്. ഈ ഫണ്ട്, നിരവധി സീനിയര്‍ അംഗങ്ങള്‍, പ്രതിഫലം പറ്റാതെ സ്റ്റേജ് ഷോ നടത്തി, കഷ്ടപ്പെട്ട് അവര്‍ സ്വരൂപിച്ച പണമാണിത്. മോഹന്‍ലാലിനോ മമ്മൂട്ടിക്കോ പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ല. ഒരു ആശംസ അറിയിച്ചാല്‍ മാത്രംമതി. അപ്പോള്‍ അവരെയൊക്കെ നിര്‍ത്തി ഉണ്ടാക്കിയ പണം ഇങ്ങനെ ചെലവഴിക്കരുത്. ശരിയല്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം.
കുടുംബ സംഗമം മാറ്റി വെച്ചതുമായുണ്ടായ തര്‍ക്കം വാസ്തവമാണ്. ജനുവരി 26 എന്ന ഡേറ്റ് മാറ്റിയത്, ശ്രീനിയേട്ടന്‍ മരിച്ചിട്ട് 41 ചടങ്ങുകള്‍ നടക്കുന്ന ദിവസമാണ്. ശ്രീനിവാസനെ പോലത്തെ ഒരു പ്രതിഭാശാലി, അമ്മയുടെ അധികാര പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ മാത്രമല്ല, അദ്ദേഹം ഇറങ്ങിയ മേഖലയിലെല്ലാം പ്രാവീണ്യം തെളിയിച്ച വ്യക്തിയുടെ മരണത്തിന്റെ ചൂടാറുന്നതിനു മുമ്പ് ആഘോഷിക്കുന്നത് ശരിയല്ല എന്ന അഭിപ്രായം എനിക്കുണ്ട്. മറ്റു നടന്‍മാര്‍ മരിക്കുമ്പോള്‍ ഇങ്ങനെയൊരു മാറ്റിവെയ്ക്കല്‍ ഉണ്ടാകുന്നില്ല. അതെനിക്കും അറിയാം. പക്ഷെ ഇതങ്ങനെയല്ല, ശ്രീനിവാസന്റെ മരണം എന്നത് വലിയൊരു വേര്‍പാടാണ്. കുറേക്കാലത്തേക്ക് മലയാളിക്ക് അത് താങ്ങാനാവില്ല. മലയാളിയുടെ കേരളീയ ജീവിതത്തില്‍ ഇങ്ങനെയൊരു സിനിമാക്കാര്‍ രേഖപ്പെടുത്തിയിട്ടില്ല. വലിയ വലിയ പ്രഗത്ഭരുണ്ടായിട്ടുണ്ട്. ദേശീയ അവാര്‍ഡുകള്‍ വാങ്ങിയവരുണ്ടാകാം.
പക്ഷെ മലയാളികളുടെ ദൈനംദിന ജീവിതത്തെ ഇത്രമാത്രം സ്പര്‍ശിച്ചവേറൊരു ചലച്ചിത്രകാരനുണ്ടാകുമോ. ദിവസം ഉറങ്ങിയെണീക്കുമ്പോഴും ഉറങ്ങുമ്പോഴും സ്പര്‍ശിക്കുന്ന ആളായിരുന്നു അത്. അമ്മ സഘടനയിലെ ഭാരവാഹഗികള്‍ക്ക് മൊബൈല്‍, ലാപ്‌ടോപ് നല്‍കല്‍ എന്നത് സംഘടനയുടെ ഇന്റേണല്‍ ആയിട്ടുള്ള കാര്യങ്ങളാണ്. അത് സംഘടനാപരമായ പോളിസിയാണ്. അതില്‍ യോജിപ്പുണ്ടോ, തര്‍ക്കമുണ്ടോ എന്നത് മാധ്യമങ്ങള്‍ അറിയേണ്ട കാര്യമില്ല. അതിലൊരു അഴിമതി ഉണ്ടായിട്ടുണ്ടെങ്കില്‍ പുറത്തു കൊണ്ടുവരാം. സംഘടനയെ ബാധിക്കുന്ന വിവാദങ്ങളിലേക്കു പോകുന്നില്ല. നിലവില്‍ അമ്മയുടെ പ്രവര്‍ത്തനം തെറ്റില്ലാതെ പോകുന്നു. കുറേക്കൂടി ഡെമോക്രാറ്റിക്കായി. മുമ്പത്തെ ഭരണസമിതിയില്‍ ഡെമോക്രസി ഇല്ലെന്നല്ല. അതിന് പരിമിതി ഉണ്ടായിരുന്നു. പലരും പ്രവര്‍ത്തനോന്‍മുഖമായിരുന്നില്ല. അതിലുള്ള പലരെയും പല കമ്മിറ്റികളിലും കണ്ടിട്ടുപോലുമില്ല.
അതങ്ങ് പ്രവര്‍ത്തിക്കുന്നു. ഉത്തരവാദിത്വപ്പെട്ട ചില ആള്‍ക്കാര്‍ പ്രധാന ജോലികള്‍ ഏറ്റെടുത്തു ചെയ്യുകയായിരുന്നു. എന്നാല്‍, ഇപ്പോഴുള്ള ഭരണസമിതിയില്‍ പലപല കമ്മിറ്റികള്‍ വന്നു. അഴരെല്ലാം ഓരോ കാര്യങ്ങള്‍ ഏറ്റെടുത്തു ചെയ്യുന്നു. ഇതിനെ ഏകോപിപ്പിക്കുന്ന പ്രസിഡന്റ് സെക്രട്ടറി ട്രഷറര്‍ എന്നിവരുമുണ്ട്. ഇവര്‍ ചെയ്യുന്ന പ്രവൃത്തികള്‍ തെറ്റാണെന്ന് പലരും നിരന്തരം പറയുന്നുണ്ട്. അത് തിരുത്താന്‍ തയ്യാറാകുന്നുണ്ട്. തിരുത്താതിരിക്കുന്നുമുണ്ട്. പക്ഷെ, അവിടെ എതിര്‍ ശബ്ദങ്ങള്‍ക്ക് സ്‌പെയിസ് ഉണ്ട്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പിന്നോട്ടടി എന്തെന്നാല്‍, ഭൂരിപക്ഷം മണ്ടത്തരം പറയുകയാണെങ്കിലും ന്യൂനപക്ഷം അംഗീകരിക്കേണ്ട അവസ്ഥയുണ്ടാകും. പക്ഷെ, ഈ ന്യൂനപക്ഷത്തിന് എതിര്‍പ്പ് പറയാനുള്ള ഇടം കിട്ടുക എന്നതാണ്. അതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ളത്. എതിര്‍ക്കുന്നവനെ പിടിച്ചു പുറത്താക്കും. ഇവിടെ പുറത്താക്കുന്നില്ല, പക്ഷെ, പറയാനാകില്ല. ഇപ്പോള്‍ ആ സ്‌പെയിസ് കിട്ടുന്നുണ്ട്. ഒരു കാര്യത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ കൈപൊക്കാം. ആ വിഷയത്തില്‍ വോട്ടിനിടാം. അപ്പോള്‍ വിയോജിപ്പ് തള്ളിപ്പോകാം. പക്ഷെ, വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള സ്‌പെയിസ് കിട്ടുന്നുണ്ട്. അത് ഈ ഭരണസമിതിയുടെ നേട്ടമായിട്ട് കാണുന്നു. എല്ലാ കാര്യങ്ങളിലും ഇടപെടുന്നുണ്ട്.
CONTENT HIGH LIGHTS; IFFK dinner controversy: Actor Joy Mathew says there is still strong opposition; Will not resign until expelled from the organization; Senior members of AMMA also have opposition
















