ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് വലിയ ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി എയർ ഇന്ത്യ എക്സ്പ്രസ് രംഗത്ത്. നിലവിലുള്ള 30 കിലോ ബാഗേജ് പരിധിക്ക് പുറമെ, കുറഞ്ഞ നിരക്കിൽ 10 കിലോ വരെ അധിക ബാഗേജ് കൊണ്ടുപോകാനുള്ള സൗകര്യമാണ് വിമാനക്കമ്പനി ഒരുക്കിയിരിക്കുന്നത്.
ഇതോടെ പ്രവാസി യാത്രക്കാർക്ക് ആകെ 40 കിലോ വരെ ചെക്ക്-ഇൻ ബാഗേജ് നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കും. ഗൾഫിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ഇത് വലിയൊരളവിൽ സാമ്പത്തിക ലാഭവും യാത്രാസൗകര്യവും നൽകും.
ഈ പ്രത്യേക ആനുകൂല്യം അഞ്ച് കിലോ, പത്ത് കിലോ എന്നിങ്ങനെ രണ്ട് ലോട്ടുകളായിട്ടാണ് യാത്രക്കാർക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുക. ഓരോ ഗൾഫ് രാജ്യത്തുനിന്നും ഈ അധിക ബാഗേജ് സൗകര്യത്തിന് വ്യത്യസ്തമായ നിരക്കുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. ഉദാഹരണത്തിന്, യുഎഇയിൽ 5 കിലോ അധികമായി കൊണ്ടുപോകുന്നതിന് 10 ദിർഹവും, 10 കിലോയ്ക്ക് 20 ദിർഹവും നൽകിയാൽ മതിയാകും.
ബഹ്റൈനിലും കുവൈത്തിലും അധികമായി കൊണ്ടുപോകുന്ന ഒരോ കിലോയ്ക്കും 0.2 ദിനാർ വീതമാണ് ചാർജ്. അതേസമയം, ഒമാനിൽ ഒരു കിലോയ്ക്ക് 0.2 റിയാലും ഖത്തറിലും സൗദി അറേബ്യയിലും 2 റിയാൽ നിരക്കിലുമാണ് ഈ സൗകര്യം ലഭ്യമാകുക.
ഈ ആകർഷകമായ ഓഫർ ലഭിക്കുന്നതിനായി യാത്രക്കാർ 2026 ജനുവരി 31-നകം ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതുണ്ട്. ജനുവരി 16 മുതൽ മാർച്ച് 10 വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ പ്രത്യേക ആനുകൂല്യം ലഭ്യമാകുക. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് അംഗീകൃത ബുക്കിങ് ചാനലുകൾ എന്നിവ വഴിയെല്ലാം ടിക്കറ്റ് എടുക്കുന്നവർക്ക് ഈ അധിക ബാഗേജ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
കൂടാതെ, എക്സ്‌പ്രസ് വാല്യൂ, എക്സ്‌പ്രസ് ലൈറ്റ്, എക്സ്‌പ്രസ് ഫ്‌ളെക്‌സ്, എക്സ്‌പ്രസ് ബിസ് തുടങ്ങി എയർ ഇന്ത്യ എക്സ്പ്രസിന്റെ എല്ലാ വിഭാഗം യാത്രക്കാർക്കും ഈ പുതിയ ഓഫർ ലഭ്യമാണെന്ന് കമ്പനി വ്യക്തമാക്കി. കുറഞ്ഞ നിരക്കിൽ കൂടുതൽ സാധനങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കുന്നത് പ്രവാസികൾക്ക്, പ്രത്യേകിച്ച് കുടുംബാംഗങ്ങൾക്കായി സമ്മാനങ്ങൾ വാങ്ങുന്നവർക്ക്, വലിയ സഹായമാകും.
















