മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് ഏതാനും വാർത്തകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച റിപ്പോർട്ടർ ടിവി മാനേജ്‌മെന്റിന് ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി പതിനായിരം രൂപ പിഴ ചുമത്തി. നീക്കം ചെയ്ത വാർത്തകളുടെ ലിങ്കുകൾ ഒരാഴ്ചയ്ക്കകം പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടു.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് വാർത്തകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയത്. റിപ്പോർട്ടർ ടിവി ഡയറക്ടർമാരായ അഗസ്റ്റിൻ സഹോദരന്മാരെക്കുറിച്ചുള്ള വാർത്തകൾക്കെതിരെയായിരുന്നു മാനേജ്‌മെന്റിന്റെ നീക്കം. ഈ ഹർജിയിൽ നേരത്തെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും വാർത്തകൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ, പിന്നീട് എതിർകക്ഷികൾ കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളുമായി കോടതിയെ സമീപിച്ചതോടെ ഹർജി പിൻവലിക്കാൻ റിപ്പോർട്ടർ ടിവി മാനേജ്‌മെന്റ് അനുമതി തേടി. തുടർന്നാണ്, പിഴയായി 10,000 രൂപ ഈടാക്കിക്കൊണ്ട് ഹർജി പിൻവലിക്കാൻ കോടതി അനുമതി നൽകിയത്.
പിഴ ഈടാക്കിയതിനൊപ്പം, നേരത്തെ നീക്കം ചെയ്ത വാർത്താ ലിങ്കുകൾ ഒരാഴ്ചയ്ക്കകം പുനഃസ്ഥാപിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മാധ്യമസ്ഥാപനം തന്നെ വാർത്തകൾ നീക്കം ചെയ്യാൻ ശ്രമിച്ചത് മാധ്യമരംഗത്ത് ചർച്ചയായിട്ടുണ്ട്.
















