പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത വിഷയത്തിൽ പ്രതികരണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.
വി ഡി സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, എതിർക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിന്‍റെ പ്രതികരണം. പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് വി ഡി സതീശൻ തന്നെയാണെന്നും രാഹുൽ പറയുന്നു.
ഒന്നാം വിജയൻ സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ട് വന്നപ്പോൾ അതിന് പ്രതിരോധം എന്ന നിലയിൽ പുനർജനി പദ്ധതിക്ക് എതിരായി ആരോപണം സിപിഎം ഉന്നയിച്ചു. ആ ആരോപണത്തിന് മറുപടിയായി വി ഡി സതീശൻ പറഞ്ഞത് “ ഏത് അന്വേഷണ ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ, ആ അന്വേഷണത്തിന് ഒടുവിൽ കേരളത്തിൽ നടപ്പാക്കാൻ പറ്റുന്ന ഏറ്റവും നല്ല പുനരുജ്ജീവന പദ്ധതിയെ പറ്റി നിങ്ങൾക്ക് റിപ്പോർട്ട് കിട്ടും”എന്നാണ്- രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം
പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് ശ്രീ വിജയൻ സർക്കാരാണോ?
അല്ല…
ബിജെപി ആണോ?
അല്ല…
അത് ശ്രീ വി ഡി സതീശൻ തന്നെയാണ്.
ഒന്നാം വിജയൻ സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ട് വന്നപ്പോൾ അതിന് പ്രതിരോധം എന്ന നിലയിൽ പുനർജനി പദ്ധതിക്ക് എതിരായി ആരോപണം സിപിഎം ഉന്നയിച്ചു.
ആ ആരോപണത്തിന് മറുപടിയായി ശ്രീ വി ഡി സതീശൻ പറഞ്ഞത് “ ഏത് അന്വേഷണ ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ, ആ അന്വേഷണത്തിന് ഒടുവിൽ കേരളത്തിൽ നടപ്പാക്കാൻ പറ്റുന്ന ഏറ്റവും നല്ല പുനരുജ്ജീവന പദ്ധതിയെ പറ്റി നിങ്ങൾക്ക് റിപ്പോർട്ട് കിട്ടും”എന്നാണ്.
പുനർജനി കേവലമായ ഒരു ഭവന നിർമ്മാണ പദ്ധതി മാത്രമല്ല അത് ഒരു പുനരധിവാസ പദ്ധതിയാണ്. 200 ഇൽ പരം പുതിയ വീടുകളും 100 ഇൽ പരം വീടുകളുടെ അറ്റകുറ്റ പണിയും മാത്രമല്ല കുട്ടികൾക്കുള്ള വിദ്യാഭ്യാസവും വരുമാനമില്ലാത്ത മനുഷ്യർക്ക് പശുവും ആടും തൊട്ട് തയ്യൽ മെഷീനുകൾ വരെ കൊടുക്കുന്ന സമഗ്ര പദ്ധതിയാണ്.
ശ്രീ വി ഡി സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, എതിർക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണ്.’
















