റായ്പൂർ: ഛത്തീസ്ഗഢിലെ മാഗ്നെറ്റോ മാൾ ആക്രമിച്ച് ക്രിസ്മസ് അലങ്കാരങ്ങൾ തകർത്ത ബജ്റംഗ് ദൾ പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ വൻ സ്വതീകരണം. കോടതിക്ക് പുറത്തിറങ്ങിയ ആറു പേരെയും മാലയും പൂച്ചെണ്ടും നൽകി സ്വീകരിക്കുകയും ഇവരെ മുദ്രാവാക്യം മുഴക്കി തോളിലേറ്റി ആഘോഷിക്കുകയും ചെയ്തു.

ആഘോഷത്തിൽ തെറ്റില്ലെന്നാണ് സംഘടനയുടെ സംസ്ഥാന തല കോർഡിനേറ്റർ ഋഷി മിശ്ര പ്രതികരിച്ചത്. ഡിസംബർ29ന് അക്രമികൾക്ക് റായ്പൂർ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ക്രിസ്മസ് ദിനത്തിൽ ഛത്തീസ്ഗഢിൽ മത പരിവർത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വലതു പക്ഷ ഗ്രൂപ്പുകൾ ബന്ദ് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെ ഒരു കൂട്ടം ബജ്റംഗ് ദൾ പ്രവർത്തകർ മാളിൽ അതിക്രമിച്ച് കടക്കുകയും ഉള്ളിലെ ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിക്കുകയും ചെയ്തു.
Six Bajrang Dal members, who had forcibly entered Raipur's Magneto Mall and vandalised Christmas decorations, were released on bail. Following their release, they were given a hero's welcome, with drums, garlands, and celebratory music while slogans of 'Isai Missionary Murdabad'… https://t.co/lyAdWJOzDA pic.twitter.com/SHTzqYJZK1
— Mohammed Zubair (@zoo_bear) January 3, 2026
40ഓളം പേർക്കെതിരെ അക്രമത്തിൽ പൊലീസ് എഫ്.ഐ.ആർ ചുമത്തിയിരുന്നു. അതിക്രമിച്ചു കടക്കൽ, മനപൂർവം വസ്തുക്കൾ നശിപ്പിക്കൽ കലാപം, നിയമ വിരുദ്ധമായ സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഡിസംബർ 27നാണ് ആറ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്.
















