സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സിനിമാ താരം ജയസൂര്യയെ ഇഡി (എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ) ചോദ്യം ചെയ്തതിന് പിന്നാലെ വിമർശനവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. യൂട്യൂബ് വീഡിയോയിലൂടെ ആയിരുന്നു ആലപ്പി അഷ്‌റഫിന്റെ പ്രതികരണം. പണത്തിനോടുള്ള ആർത്തി കൊണ്ടാണ് ജയസൂര്യ കുരുക്കിലായതെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ…
മലയാള സിനിമയിലെ കഴിവുറ്റ നടനാണ് ജയസൂര്യ. തന്റെ അഭിനയ മികവ് കൊണ്ട് ഇനിയും ഒരുപാട് വർഷങ്ങൾ സിനിമയിൽ തിളങ്ങേണ്ട ആള് കൂടിയാണ് അദ്ദേഹം. വിവിധ രൂപത്തിലും ഭാവത്തിലും എത്രയെത്ര കഥാപാത്രങ്ങൾ നമുക്കായി അദ്ദേഹം അഭ്രപാളികളിൽ അദ്ദേഹം അവതരിപ്പിച്ചു. എല്ലാം ഒന്നിനൊന്ന് മികവുറ്റതാണ്. ഒരാൾ ഉന്നതിയിൽ എത്തുമ്പോഴാണ് അയാളുടെ സ്വഭാവത്തെ കുറിച്ച് നമ്മൾ ചിന്തിക്കുന്നത്.
ആദ്യമൊക്കെ ജയസൂര്യ വിവാദങ്ങളിലും പ്രശ്‌നങ്ങളിലും ചെന്ന് പെട്ടപ്പോൾ നമ്മൾ കരുതി അദ്ദേഹത്തിന് പറ്റിയ എന്തെങ്കിലും അബദ്ധം ആയിരിക്കുമെന്ന്. അതൊക്കെ മനുഷ്യസഹജമായ തെറ്റുകൾ ആണല്ലോ എന്ന്. എന്നാൽ ഇത് ആവർത്തിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴും. ഏറ്റവും അവസാനം നമ്മൾ അറിയുന്നു അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഭാര്യയെയും തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം വിളിപ്പിച്ചിരിക്കുന്നു എന്ന്.
ആഡംബരത്തോടെ ജീവിക്കാനുള്ളതും ഇനിയുള്ള തലമുറയ്ക്ക് കഴിയേണ്ടതും ഒക്കെ അദ്ദേഹം അദ്ദേഹത്തിന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് നേടിയിട്ടുണ്ട്. എന്നിട്ടും പണത്തിനോടുള്ള അത്യാർത്തിയാണ് അദ്ദേഹത്തെ ഇത്തരം ഉടായിപ്പ് പരിപാടികളിൽ ഒക്കെ തലവച്ചു കൊടുക്കാൻ പ്രേരിപ്പിച്ച ഘടകം. തൃശൂർ ആസ്ഥാനമായുള്ള സേവ് ബോക്സ് ആപ്പ് എന്ന തട്ടിപ്പ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു ജയസൂര്യ.
പാവങ്ങളിൽ നിന്ന് 25 കോടിയോളമാണ് ഈ തട്ടിപ്പ് സംഘം തട്ടിയെടുത്തത്. അതിൽ 99 ശതമാനം പേരും പണം നിക്ഷേപിച്ചത് ജയസൂര്യയെന്ന ഒറ്റ വ്യക്തിയുടെ വാക്കിനെ വിശ്വസിച്ചാണ്. പണം നിക്ഷേപിച്ച പലരുടെയും സ്ഥിതി ഇന്ന് പരിതാപകരമാണ്. എപ്പോഴും പാവങ്ങളാണ് ഇതിലൊക്കെ വീഴുന്നത്. പല വിഷയങ്ങളിലും ആധികാരികമായി സംസാരിക്കുന്ന ജയസൂര്യ ഇതിൽ അറിയാതെ ചെന്ന് പെട്ടതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ? ഇതൊരു പാരമ്പര്യ തട്ടിപ്പാണെന്നും ഉടമ സ്വാദിഖ് ജയസൂര്യയുടെ അടുത്ത പരിചയക്കാരനാണെന്നും അറിയുന്നു.
ഈ കമ്പനിയിൽ നിന്നും ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് കോടികൾ എത്തിയതായും അത് ഇഡി കണ്ടെത്തിയതായും പറയുന്നു. പരസ്യത്തിന്റെ മറ്റ് കാര്യങ്ങൾ അന്വേഷിക്കേണ്ടതില്ലെന്നാണ് ജയസൂര്യ പറയുന്നത്. കലാകാരൻമാർക്ക് സമൂഹത്തോട് പ്രതിബന്ധതയില്ലേ. നിങ്ങളെ വിശ്വസിക്കുന്ന സമൂഹത്തെ നിങ്ങൾ വഞ്ചിക്കുകയല്ലേ ചെയ്യുന്നത്. പണത്തിനോട് മാത്രമല്ല ജയസൂര്യക്ക് ആർത്തി. അത് മണ്ണിനോടും പെണ്ണിനോടുമുണ്ടെന്നാണ് വന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പറയപ്പെടുന്നത്.
കൊച്ചിയിലെ ചിലവന്നൂരിൽ കായൽ പുറമ്പോക്ക് കയ്യേറി ജയസൂര്യയുടെ വീടിനോട് അനുബന്ധിച്ച് ബോട്ട് ജെട്ടിയും ചുറ്റുമതിലും പണിതത് വിവാദമായിരുന്നു. പിന്നീട് ഒരു മൂല പൊളിച്ച് എങ്ങനെയോ പ്രശ്‌നം പരിഹരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന സമയത്ത് ഒരു നടി ജയസൂര്യക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്‌തിരുന്നു. നടിയെ കടന്നുപിടിക്കുകയും ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും ചെയ്‌തു എന്നതായിരുന്നു കേസ്.
















