ശബരിമലയില്‍ അയ്യപ്പന്റെ സ്വര്‍ണ്ണം ചെമ്പായതിന് സമാനമായി ഇരുപതിനായിരം രൂപയ്ക്ക് പകരം ഇരുപതിനായിരം ഡോളര്‍ വിദേശ ബാങ്കിന് കൈമാറിയ വന്‍ തട്ടിപ്പ് പുറത്തു വന്നിരിക്കുകയാണ്. ഈ തട്ടിപ്പ് മൂന്നുവര്‍ഷമായിട്ടും മൂടിവെച്ച് കേരള സര്‍വകലാശാല രക്ഷിച്ചത് ആരെയൊക്കെ എന്നതാണ് അറിയേണ്ടത്. തട്ടിപ്പും, തട്ടിപ്പിന് കൂട്ടു നിന്നവരെയും ശിക്ഷിക്കാന്‍ കേരള സര്‍വ്വകലാശാലയുടെ ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തില്‍ നടന്ന ഡോളര്‍ തട്ടിപ്പില്‍ വിജിലസ് അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്. ഗവേഷണ ബിരുദമോ ഗവേഷണ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത വിദേശിയായ ഒരു ജേര്‍ണലിസ്റ്റ് കേരള സര്‍വ്വകലാശാല ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തില്‍ ഓണ്‍ലൈന്‍ വഴി പ്രഭാഷണം നടത്തിയതിനുള്ള വേതനമായാണ് 20,000 യു.എസ്. ഡോളര്‍ നല്‍കിയത്.
എന്നാല്‍, നിശ്ചയിച്ചിരുന്നത്. ഇന്ത്യന്‍ രൂപയില്‍ ഇരുപതിനായിരം രൂപ ആയിരുന്നു. അതായത് 230 യു.എസ് ഡോളര്‍ ആണ് നല്‍കേണ്ടിയിരുന്നത്. ഇവിടെയാണ് ഇരുപതിനായിരം ഡോളര്‍ നല്‍കിയതായി കണ്ടെത്തിയിരിക്കുന്നത്. 230 യു.എസ്. ഡോളറിനുള്ള ഇരുപതിനായിരം രൂപയ്ക്ക് പകരം ഇരുപതിനായിരം ഡോളറാണ് അമേരിക്കന്‍ ബാങ്ക് വഴി പ്രഭാഷകന് നല്‍കാന്‍ ഒരു വിദേശ കോണ്‍സള്‍ട്ടന്റിന് സര്‍വ്വകലാശാല കൈമാറിയത്. ഇത് ഏകദേശം 17 ലക്ഷം ഇന്ത്യന്‍ രൂപയാണ്. സര്‍വ്വകലാശാലയുടെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസ്സര്‍ കൂടിയായ ഡോ.ആര്‍. ഗിരീഷ്‌കുമാറിനെയാണ് ലാറ്റിന്‍ അമേരിക്കന്‍ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റ് നിയമിച്ചിട്ടുള്ളത്.
ലാറ്റിന്‍ അമേരിക്കയെ കുറിച്ച് പഠനം നടത്തുന്ന സെന്ററിന് അനുവദിച്ച ഫണ്ടില്‍ നിന്നും ഭീമമായ ഈ തുക യു.എസ് പൗരനായ ഒരു കണ്‍സള്‍ട്ടന്റിന് കൈമാറിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഓണ്‍ലൈനായി പ്രഭാഷണം നടത്തിയ വ്യക്തിയുടെ പേരില്‍ മാത്രം നല്‍കേണ്ട തുക ഒരു കണ്‍സള്‍ട്ടന്റിനു കൈമാറിയതില്‍ ദുരൂഹതയുള്ളതായും ആരോപണമുണ്ട്. അത് യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്. യൂണിവേഴ്‌സിറ്റി അക്കൗണ്ട് സൂക്ഷിച്ചിട്ടുള്ള എസ്.ബി.ഐ കാര്യവട്ടം ശാഖ മാനേജര്‍ ടെക്‌നോപാര്‍ക്കിലെ ബാങ്കിന്റെ തേജസ്വിനി ബ്രാഞ്ച് മുഖേനയാണ് ബാങ്ക് ഓഫ് അമേരിക്ക വഴി കണ്‍സള്‍ട്ടന്റിന് 20,000 ഡോളര്‍, അതായത് ഏകദേശം 17 ലക്ഷം ഇന്ത്യന്‍ രൂപ, കൈമാറിയത്.
ഭീമമായ തുക സര്‍വ്വകലാശാലയ്ക്ക് നഷ്ടപ്പെട്ടത് സെന്റര്‍ ഡയറക്ടര്‍ ഗിരീഷ് കുമാര്‍ സര്‍വ്വകലാശാലയെ യഥാസമയം അറിയിക്കാതെ വിദ്യാര്‍ഥികളുടെ പഠന കൈമാറ്റത്തിന്റെ മറവില്‍ ബ്രസീല്‍ സന്ദര്‍ശിക്കവേ രൂപ കൈപ്പറ്റിയ കണ്‍സള്‍ട്ടന്റിനെ നേരില്‍കണ്ട് തുക മടക്കി അയപ്പിച്ചുവെന്ന് അവകാശപ്പെടുന്നു വെങ്കിലും രണ്ടുവര്‍ഷം കഴിഞ്ഞിട്ടും തുക സര്‍വ്വകലാശാല ഫണ്ടില്‍ തിരികെ ലഭിച്ചിട്ടില്ല. മാത്രമല്ല, പ്രഭാഷണത്തിന് നല്‍കേണ്ട ഇരുപതിനായിരം രൂപ അദ്ദേഹം നേരിട്ട് കൈമാറിയതായും സര്‍വകലാശാലയെ അറിയിച്ചിരിക്കുകയാണ്. യൂണിവേഴ്‌സിറ്റിയുടെ അനുമതി കൂടാതെ ഒരു വിദേശപൗരന് തുക കൈമാറിയത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
സര്‍വ്വകലാശാല രജിസ്ട്രാറെ ഒഴിവാക്കി ഡയറക്ടര്‍ തന്നെ ബാങ്ക് ഓംബുഡ്‌സ്മാന് നേരിട്ട് പരാതി നല്‍കിയിട്ടും മേല്‍ നടപടികള്‍ ഉണ്ടായില്ലെന്നാണ് ഡയറക്ടര്‍ സര്‍വകലാശാലയെ അറിയിച്ചിരിക്കുന്നത്. ഇതേ കുറിച്ച് അന്വേഷണം നടത്തിയ സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ: മുരളീധരന്‍ പിള്ള, ജെ. എസ്. ഷിജുഖാന്‍, ഡോ: എസ്. നസീബ് എന്നിവരടങ്ങുന്ന ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വകലാശാല തന്നെ നേരിട്ട് തുടര്‍ അന്വേഷണം നടത്താനും ഡയറക്ടര്‍ ഗിരീഷ് കുമാറിനെമേല്‍ നടപടികളില്‍ നിന്നും ഒഴിവാക്കാനും ശുപാര്‍ശ ചെയ്തു. എന്നാല്‍ സര്‍വ്വകലാശാലയുടെ 17 ലക്ഷം രൂപ നഷ്ടപ്പെട്ടതിന് ഉത്തരവാദപ്പെട്ടവരെ കണ്ടെത്തി നഷ്ടപ്പെട്ട തുക ഈടാക്കുന്നതിനുള്ള നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ശുപാര്‍ശ സ്വീകരിക്കാനാകില്ലെന്നുമാണ് വിസി ഡോ: മോഹനന്‍ കുന്നുമ്മേലിന്റെ നിലപാട്.
ലക്ഷങ്ങള്‍ സര്‍വകലാശാല ഫണ്ടില്‍ നിന്ന് നഷ്ടപ്പെട്ട കാര്യം മൂന്നുവര്‍ഷക്കാലമായി മറച്ചുവച്ചത് ഗുരുതരമായ കൃത്യവിലോപമാണെന്നും സര്‍വ്വകലാശാലയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍വ്വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ പ്രൊഫസറായി നേരിട്ട് നിയമനം ലഭിച്ച ഡോ: ആര്‍. ഗിരീഷ്‌കുമാര്‍ സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗമാണ്. ഭരണഘടന അനുശാസിക്കുന്ന
സംവരണ നിയമം അവഗണിച്ച്2020ല്‍ നടത്തിയ അധ്യാപക നിയമനങ്ങള്‍ ചോദ്യംചെയ്ത് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള 58 നിയമനങ്ങളില്‍ പെട്ടയാളാണ് ഡോക്ടര്‍ ഗിരീഷ് കുമാറും.
കേരളവും ലാറ്റിന്‍ അമേരിക്കയും തമ്മില്‍ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌ക്കാരിക വിഷയങ്ങളില്‍ സമാനതകളുള്ള പഠനവും ഗവേഷണവും നടത്തുന്നതിന്റെയും കേരളവും ലാറ്റിന്‍ അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന്റെയും ഭാഗമായി കേരള സര്‍വ്വ ര്‍വകലാശാല ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തിന് സംസ്ഥാന ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ രണ്ടു കോടി രൂപ പ്രത്യേക പദ്ധതി ഗ്രാന്റ് ആയി 2022-23 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ വകകൊള്ളിച്ചിരുന്നു. പ്രസ്തുത ഫണ്ടില്‍ നിന്ന് നഷ്ടപ്പെട്ട ഭീമമായ തുക വീണ്ടെടുക്കുന്നത് ഗൗരവമായെടുക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി തയ്യാറായില്ല.
കേരള സര്‍വ്വകലാശാല ലാറ്റിന്‍ അമേരിക്കന്‍ പഠന സെന്റര്‍ മുഖേന വിദ്യാഭ്യാസ/ സാംസ്‌കാരിക കൈമാറ്റ ഉടമ്പടി( Cultural exchange programme) പ്രകാരം സംസ്ഥാനത്തെ ഏതാനും വിദ്യര്‍ത്ഥികളെ ഉപരിപഠനാര്‍ത്ഥo ബ്രസില്‍ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലിലേക്ക് അയച്ചുവെങ്കിലും നമ്മുടെ സര്‍വ്വകലാശാലയില്‍ ആരും പ്രവേശനം നേടിയില്ലെന്നത് ശ്രദ്ധേയമാണ്.
CONTENT HIGH LIGHTS; University funds were converted into dollars like gold into copper: 20,000 US dollars were transferred to a foreign bank instead of 20,000 Indian rupees; Lakhs of dollars in fraud took place at the Latin American Studies Center
















