നമുക്കിടയിലെത്ര പേർക്ക് മറ്റൊരാളെ എളുപ്പം വിധിയെഴുതാൻ ഒരു മടിയുമില്ല? “അവൻ ഇങ്ങനെയാണ്, അവൾ അങ്ങനെയാണ്,” എന്ന് നാം എളുപ്പത്തിൽ പറഞ്ഞുതീർക്കും. മറ്റൊരാളുടെ വികാരങ്ങളെക്കുറിച്ച് ഒരു നിമിഷം പോലും ചിന്തിക്കാതെ, സംശയത്തിൻ്റെ മുന മറ്റൊരാളിലേക്ക് നീട്ടി, പഴിചാരുന്നത് ഭൂരിഭാഗം മനുഷ്യർക്കും ഒരു വിനോദം മാത്രമാണ്.
എന്നാൽ, ഈ അനാവശ്യമായ കുറ്റപ്പെടുത്തലുകൾ ഒരു ജീവിതം തന്നെ ഇല്ലാതാക്കിയാലോ? തെറ്റ് ചെയ്യാതെ ക്രൂശിക്കപ്പെട്ട്, സ്വന്തം നിരപരാധിത്വം പോലും തെളിയിക്കാൻ കഴിയാതെ മരണത്തിന് കീഴടങ്ങേണ്ടി വന്ന ഒരു ഹതഭാഗ്യൻ്റെ കഥയാണിത്.
വർഷം 1982. നെവാഡയിൽ സംഭവിച്ച ആ ദുരന്തത്തിൽ, ശാസ്ത്രം വേണ്ടത്ര വളരാത്തതിനാലും, സ്നേഹിച്ച പെൺകുട്ടിയുടെ കൊലപാതകിയായി സമൂഹം മുദ്രകുത്തിയതിനാലും ഒരു ചെറുപ്പക്കാരൻ്റെ ജീവിതം ഹോമിക്കപ്പെട്ടു.
അവസാനം, വർഷങ്ങൾക്കിപ്പുറം ശാസ്ത്രം സത്യം പുറത്തുകൊണ്ടുവന്നപ്പോൾ അവശേഷിച്ചത് രണ്ട് ദുരന്തങ്ങൾ മാത്രം: ഒന്ന്, ചിറകുയർത്തി പറക്കാൻ തുടങ്ങിയിരുന്ന ഒരു പെൺകുട്ടിയുടെ ജീവിതം ക്രൂരമായി തകർന്നുപോയത്. രണ്ട്, താൻ നെഞ്ചോട് ചേർത്ത പ്രിയപ്പെട്ടവളുടെ ഘാതകൻ എന്ന ദുഷ്പേര് പേറി മണ്ണടിഞ്ഞ, നിരപരാധിയായ ഒരു കാമുകൻ്റെ നീറുന്ന ഓർമ്മകൾ.
1982 ജനുവരി 7. നെവാഡയിലെ ഡഗ്ലസ് കൗണ്ടി. അവിടെ 18 വയസ്സുകാരിയായ ഷീല ജോസഫൈൻ ഹാരിസ് – മിസ് നെവാഡ മത്സരത്തിൽ പങ്കെടുക്കാൻ മോഹിച്ച, ഭാവിയിൽ ഒരു നടിയാകാൻ സ്വപ്നം കണ്ട ആ സുന്ദരി. സൂപ്പർ മാർക്കെറ്റിൽ ജോലി ചെയ്തിരുന്ന അവൾ അന്ന് ഡ്യൂട്ടിക്ക് എത്തിയില്ല. സംശയം തോന്നിയ മാനേജർ ഷീലയെ വിളിച്ചു നോക്കി,
ഫോണെടുകാതെ വന്നപ്പോൾ അവിടേക്ക് മാനേജർ അവളുടെ സുഹൃത്തിന് പറഞ്ഞയച്ചു. ഷീലയുടെ കാർസൺ സിറ്റിയിലെ അപ്പാർട്ട്മെൻ്റിലെത്തിയ സുഹൃത്ത് കണ്ടത് തുറന്നുകിടക്കുന്ന മുൻവാതിലാണ്. അകത്ത്, തകർന്ന ടേബിൾ ലാമ്പിനും തറയിൽ ചിതറിയ മരച്ചീളുകൾക്കും നടുവിൽ, കഴുത്തിൽ ലാമ്പിൻ്റെ വയർ മുറുകി, തലക്കടിയേറ്റ നിലയിൽ ഷീലയുടെ ജീവനറ്റ ശരീരം. അവളുടെ ജീവിതം ക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷം അരുംകൊല ചെയ്യപ്പെട്ടിരുന്നു. ആ മുറിയിലെ ഭീകരമായ നിശബ്ദതയിൽ, ഒരുപാട് സ്വപ്നങ്ങളുടെ അന്ത്യം കുറിക്കപ്പെട്ടു.
പോലീസ് അന്വേഷണം തിരിഞ്ഞത് അവളുടെ കാമുകനായ സ്റ്റീഫൻ ഫർലോംഗിലേക്കാണ്. താൻ നിരപരാധിയാണെന്നും, കൈ ഒടിഞ്ഞ് പ്ലാസ്റ്റർ ഇട്ട തനിക്ക് ഇത്രയും ബലം പ്രയോഗിച്ച് കൊലപാതകം നടത്താൻ കഴിയില്ലെന്നും സ്റ്റീഫൻ കരഞ്ഞു പറഞ്ഞു. താൻ ഷീലയെ അത്രയേറെ സ്നേഹിച്ചിരുന്നുവെന്നും അവൻ ആണയിട്ടു. പക്ഷെ, പോലീസ് അത് കേട്ടില്ല. മാധ്യമങ്ങളോ സമൂഹമോ കേട്ടില്ല.
സ്റ്റീഫൻ്റെ സഹോദരൻ ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്നറിഞ്ഞതോടെ, കഥ മാറിമറിഞ്ഞു. “പോലീസ് സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുന്നു!” – മാധ്യമങ്ങൾ മുറവിളി കൂട്ടി. സംശയത്തിൻ്റെ കറുത്ത കുപ്പായം സമൂഹം സ്റ്റീഫനെ അണിയിച്ചു. അവൻ്റെ കണ്ണീരോ നിസ്സഹായതയോ ആരും കണ്ടില്ല. കൊലയാളി അവനാണെന്ന് എല്ലാവരും ഉറപ്പിച്ചു. ഒറ്റപ്പെടലിൻ്റെയും അപമാനത്തിൻ്റെയും ഭാരം ആ ചെറുപ്പക്കാരൻ്റെ തോളിൽ ഒരു ഭീമൻ പാറയായി അമർന്നു.
പോലീസിൻ്റെ ചോദ്യം ചെയ്യലുകളും, സമൂഹത്തിൽ നിന്നുള്ള സമ്മർദ്ദവും താങ്ങാനാവാതെ സ്റ്റീഫൻ തകർന്നുപോയി. തന്നെ ആരും വിശ്വസിക്കുന്നില്ല, തൻ്റെ നിരപരാധിത്വം ആർക്കും ബോധ്യപ്പെടുന്നില്ല. അവൻ്റെ ഹൃദയം നുറുങ്ങി. ഒടുവിൽ, ജയിലഴികൾക്കുള്ളിൽ വെച്ച് ആ യുവാവ് ഒരു കടുംകൈ ചെയ്തു.
“ഞാൻ നിരപരാധിയാണ്” എന്ന് അവസാനമായി പറഞ്ഞുകൊണ്ട് സ്റ്റീഫൻ ഫർലോങ് ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചു. സത്യം മരിക്കുമ്പോൾ നുണ വിജയിച്ചു. ഷീലയുടെ കൊലയാളി സ്റ്റീഫൻ തന്നെയാണെന്ന് ജനം വിശ്വസിച്ചു. യഥാർത്ഥ കൊലയാളി ഇരുളിൽ ചിരിച്ചുകൊണ്ട് മറഞ്ഞു നിന്നു. ഒരു നിരപരാധി, ചെയ്യാത്ത കുറ്റത്തിന് അപമാനിതനായി, നീതി നിഷേധിക്കപ്പെട്ട് മണ്ണടിഞ്ഞു.
വർഷങ്ങൾ കടന്നുപോയി. ഷീലയുടെ കേസ് തെളിവുകളില്ലാതെ ഒരു ‘കോൾഡ് കേസ്’ ആയി നിലകൊണ്ടു. എന്നാൽ, നീതിക്ക് വേണ്ടി ഷീലയുടെ അമ്മയും, ദുഷ്പേര് പേറി മരിച്ച സ്റ്റീഫൻ്റെ കുടുംബവും ഉള്ളുരുകി കാത്തിരുന്നു.
17 വർഷങ്ങൾ! 1999-ൽ, ഡിഎൻഎ (DNA) ടെസ്റ്റിംഗ് കുറ്റാന്വേഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കാലം. അധികൃതർ ഷീലയുടെ കേസ് വീണ്ടും തുറന്നു. അന്ന് ശേഖരിച്ച സ്രവങ്ങൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വീണ്ടും പരിശോധിച്ചു.
അവിടെയാണ് വിധി അതിൻ്റെ നാടകീയമായ വഴിത്തിരിവ് പ്രകടമാക്കിയത്. കൊലയാളി സ്റ്റീഫൻ ആയിരുന്നില്ല! ആ ഡിഎൻഎ സ്റ്റീഫൻ്റേതായിരുന്നില്ല. ഒരു നിരപരാധിക്ക് വേണ്ടി പ്രകൃതി സംസാരിച്ചു. ജനം തെറ്റിദ്ധരിച്ച, അപമാനിച്ച് കൊന്നുകളഞ്ഞ ആ ചെറുപ്പക്കാരൻ തെറ്റുകാരനായിരുന്നില്ലെന്ന് ശാസ്ത്രം വിളിച്ചുപറഞ്ഞു.
പോലീസ് പഴയ ഫയലുകൾ വീണ്ടും പരിശോധിച്ചു. 1982-ൽ ആ അപ്പാർട്ട്മെൻ്റ് കോംപ്ലക്സിൽ തോട്ടപ്പണിക്കും അറ്റകുറ്റപ്പണിക്കും വന്നിരുന്ന ഡേവിഡ് വിൻഫീൽഡ് മിച്ചൽ എന്ന വ്യക്തിയിലേക്ക് അന്വേഷണം നീണ്ടു. ആർക്കും സംശയം തോന്നാത്ത അയാളുടെ രൂപത്തിന് പിന്നിൽ ന്യൂയോർക്കിലും കാലിഫോർണിയയിലും സ്ത്രീകളെ ആക്രമിച്ച ഭീകരമായ ഭൂതകാലമുണ്ടായിരുന്നു.
ഷീലയുടെ മൃതദേഹത്തിൽ നിന്ന് ലഭിച്ച മുടിയും ഡിഎൻഎ സാമ്പിളുകളും ഡേവിഡിൻ്റേതുമായി ഒത്തുനോക്കി. ഫലം 100 ശതമാനം പോസിറ്റീവ്! 17 വർഷം മുമ്പ് അറ്റകുറ്റപ്പണികൾക്കായി എന്ന വ്യാജേന കയറിപ്പറ്റിയ ഡേവിഡ് ആയിരുന്നു ആ ക്രൂരകൃത്യം ചെയ്തത്.
അപ്പോഴേക്കും ഡേവിഡ് അമേരിക്ക വിട്ട് സ്വന്തം നാടായ ട്രിനിഡാഡിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു. 2006-ൽ ഇന്റർപോളിൻ്റെ സഹായത്തോടെ അയാളെ നെവാഡയിൽ എത്തിച്ചു. കോടതിയിൽ ഡേവിഡ് കുറ്റം നിഷേധിച്ചു, താൻ നിരപരാധിയാണെന്ന് വാദിച്ചു. പക്ഷേ, കാലം കരുതിവെച്ച ശാസ്ത്രത്തിൻ്റെ തെളിവുകൾക്ക് മുന്നിൽ അയാൾക്ക് പിടിച്ചുനിൽക്കാനായില്ല. കോടതി ഡേവിഡ് വിൻഫീൽഡ് മിച്ചലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
വിധി പ്രസ്താവിച്ചപ്പോൾ കോടതി മുറിയിൽ കണ്ടത് ആശ്വാസത്തിൻ്റേതിനേക്കാൾ വലിയ ദുഃഖമായിരുന്നു. യഥാർത്ഥ പ്രതി ശിക്ഷിക്കപ്പെട്ടു. പക്ഷേ, അതിനുവേണ്ടി നൽകേണ്ടി വന്നത് രണ്ട് അമൂല്യ ജീവനുകളായിരുന്നു: ഒന്ന്, ക്രൂരമായി കൊലചെയ്യപ്പെട്ട ഷീല ജോസഫൈൻ ഹാരിസ്. രണ്ട്, ചെയ്യാത്ത കുറ്റത്തിന് അപമാനിതനായി ജീവനൊടുക്കേണ്ടി വന്ന സ്റ്റീഫൻ ഫർലോങ്. നുണ ലോകം ചുറ്റിക്കഴിഞ്ഞ ശേഷമാണ് സത്യം വന്നതെങ്കിലും, 17 വർഷങ്ങൾക്ക് ശേഷം ശാസ്ത്രത്തിൻ്റെ രൂപത്തിൽ സത്യം തിരികെയെത്തി; സ്റ്റീഫൻ്റെ ആത്മാവിനെങ്കിലും നിത്യശാന്തി നൽകിക്കൊണ്ട്.
















