ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ 25 വയസ്സുകാരി കൊല്ലപ്പെട്ട കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. സബ്നൂർ ആണ് കൊല്ലപ്പെട്ടത്. അമ്മ യാസ്മിൻ, കാമുകൻ റഹീസ് അഹമ്മദ് എന്നിവരാണ് മകളെ കൊലപ്പെടുത്തിയ കുറ്റത്തിന് പിടിയിലായത്. സ്വന്തം വിവാഹേതര ബന്ധം മകൾ പുറത്തുപറയുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണം.
ഡിസംബർ 26നാണ് സബ്നൂറിന്റെ മൃതദേഹം ഗ്രാമത്തിലെ കനാലിൽ നിന്ന് കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ മകളെ ഭർതൃവീട്ടുകാർ കൊലപ്പെടുത്തിയതാണ് എന്നാരോപിച്ച് യാസ്മിൻ പൊലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റഹീസ് എന്നൊരാളുമായി യാസ്മിന് വിവാഹേതര ബന്ധം ഉള്ളതായി കണ്ടെത്തിയത്.
ഈ വിവരം മകളായ സബ്നൂർ അറിഞ്ഞിരുന്നു. ഇത് പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇരുവരും ചേർന്ന് സബ്നൂറിനെ കൊലപ്പെടുത്തുകയായിരുന്നു. മകളെ കൊലപ്പെടുത്തി കനാലിൽ തള്ളും മുൻപ് ആഭരണങ്ങൾ യാസ്മിൻ അഴിച്ചെടുത്തിരുന്നു. ഇവ പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ യാസ്മിനെയും റഹീസ് അഹമ്മദിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















