വെനിസ്വേലയുടെ ആത്യന്തിക ചുമതല തനിക്കാണെന്നും അടുത്ത 30 ദിവസത്തേക്ക് വെനിസ്വേലയിൽ തെരെഞ്ഞെടുപ്പ് നടത്താനാകില്ലെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്.
വെനിസ്വേലയിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്താനുണ്ടെന്നും അതിന് സമയം എടുക്കുമെന്നും ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. വെനസ്വേലയിൽ വീണ്ടുമൊരു സൈനിക നടപടിക്കു മടിക്കില്ലെന്ന് നേരത്തേ ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
പ്രസിഡന്റ് നിക്കോളാസ് മഡൂറോക്കും ഭാര്യയ്ക്കുമെതിരായ യുഎസ് സൈനിക നടപടികളെ തുടർന്ന് വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അധികാരമേറ്റിരുന്നു.
വെനസ്വേലയുടെ ഭാവി കാര്യങ്ങൾ ശരിയായ രീതിയിൽ ചെയ്യാൻ തയ്യാറല്ലെങ്കിൽ ഡെൽസി കനത്ത വില നൽകേണ്ടി വരുമെന്നും അത് ചിലപ്പോൾ മഡൂറോയ്ക്ക് ലഭിച്ചതിനേക്കാൾ വലുതാകാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
















