KSRTC ജീവനക്കാരുടെ മനസ്സു നീറിയുള്ള ശാപമാണ് മുന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന് ഏറ്റിരിക്കുന്നത്. ജീവനക്കാരുടെ മാത്രമല്ല, അവരുടെ കുടുംബങ്ങളില്‍ ഉള്ളവരുടെയും ശാപം കിട്ടിയിട്ടുണ്ട്. ശമ്പളം കൊടുക്കാതെ ജീവനക്കാരന്റെ ജീവിതവും അവന്റെ കുടുംബത്തെയും നരകതുല്യമാക്കിയ മന്ത്രിയുടെ കുലം മുടിഞ്ഞു പോകണേയെന്നു പഴിക്കാത്ത ഒരു കുടുംബം പോലുമുണ്ടാക്കില്ലെന്നുറപ്പാണ്. അല്പന് അര്‍ത്ഥം കിട്ടിയ പോലെയാണ് ആന്റണി രാജു മന്ത്രിപ്പണി നടത്തിയതെന്നാണ് ജീവനക്കാര്‍ പറയുന്നത്. എങ്ങനെ KSRTCയെ ഇല്ലാതാക്കാം. ജീവനക്കാരെ എങ്ങനെയൊക്കെ ദ്രോഹിക്കാം എന്നായിരുന്നു മന്ത്രിയുടെ തന്ത്രങ്ങളില്‍ ഉണ്ടായിരുന്നത്. ഇതിന്റെ പ്രതിഫലനമാണ് ‘സായിപ്പിന്റെ ജട്ടി’ യില്‍ കുരുങ്ങി, തൊണ്ടി മുതല്‍ കേസില്‍ ആന്റണി രാജു വീണിരിക്കുന്നത്.
തൊണ്ടിമുതലില്‍ തിരിമറി നടത്തിയ ആന്റണി രാജുവിനെ മന്ത്രിയാക്കിയതു വഴി ഇടതുപക്ഷവും KSRTC തൊഴിലാളികളെ കളിയാക്കുകയായിരുന്നു. കിട്ടിയ വകുപ്പിനെ എങ്ങനെ വിറ്റു തുലയ്ക്കാമെന്നും ജീവനക്കാരെ ഏതൊക്കെ രീതിയില്‍ നശിപ്പിക്കാമെന്നും അന്നുതൊട്ടുള്ള റിസര്‍ച്ചിലായിരുന്നു ‘ജെട്ടിസംഘം’. പിന്നീടു നടന്നത് KSRTCയുടെ ചരിത്രത്തിലെ ജീവനക്കാരുടെ ഏറ്റവും കഷ്ടകാലവും. ശമ്പളം ഇല്ല. കിട്ടിയാല്‍ കിട്ടി. മാസങ്ങളുടെ ഇടവേളകളില്‍ കിട്ടുന്ന ശമ്പളം കാത്തിരിക്കുന്ന ജീവനക്കാരന്റെ ഗതികേട് വാര്‍ത്തകളില്‍ ഇടംപിടിച്ചു. ആത്മഹത്യകള്‍ പെരുകി. ബാങ്കുകള്‍ ജീവനക്കാരന്റെ വീടുകളില്‍ ജപ്തി നോട്ടീസുകള്‍ പതിച്ചു. കടം കയറിയവര്‍ ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിച്ചു. കുടുംബങ്ങള്‍ അനാഥമായി. വാര്‍ധക്യം ബാധിച്ച് രോഗാവസ്ഥയിലായ അച്ഛനമ്മമാര്‍ക്ക് മരുന്നു വാങ്ങാന്‍ ഗതിയില്ലാതെ വിയര്‍ത്തു.
കുടുംബത്തിനു മുമ്പില്‍ നാണംകെട്ടു നിന്നു. മക്കളുടെ കരച്ചിലിനു മുമ്പില്‍ സ്വയം ശപിച്ചു. ഭാര്യയോടു മാത്രം തന്റെ ഗതികേടു പറഞ്ഞ് സമാധാനിച്ച എത്രയോ ജീവനക്കാരുണ്ട്. പണം കടം വാങ്ങിയവരുടെ മുമ്പില്‍ കള്ളനെപ്പോലെ നില്‍ക്കേണ്ടി വന്നവര്‍, സ്‌കൂള്‍ ഫീസടയ്ക്കാന്‍ കഴിയാതെ ക്ലാസ്സില്‍ നിന്നും പുറത്താക്കപ്പെട്ട മക്കളുടെ മുമ്പില്‍ കുറ്റക്കാരനായി നിന്നവര്‍, ഒരു തെറ്റും ചെയ്യാതെ സമൂഹത്തിനു മുമ്പില്‍ തലകുനിച്ചു നില്‍ക്കേണ്ടി വന്നവര്‍. ഇതിനെല്ലാം കാരണം, ആന്റണി രാജുവിന്റെ KSRTCയിലെ ഉട്ടോപ്യന്‍ ഭരണപരിഷ്‌ക്കാരങ്ങള്‍ തന്നെയായിരുന്നു എന്ന് ഉറപ്പിച്ചു പറയാം. നോക്കൂ, ഇതു പറയാന്‍ കാരണമുണ്ട്. ആന്റണി രാജു മന്ത്രിയായിരുന്ന അതേ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാണ് ഇപ്പോഴും. അതേ KSRTCയിലെ ജീവനക്കാര്‍ തന്നെയാണ് ഇപ്പോഴും. മന്ത്രിസഭയിലെ മന്ത്രിയും എം.ഡിയും മാത്രമേ മാറിയുള്ളൂ.
ആന്റണി രാജുവിനു പകരം കെ.ബി. ഗണേഷ്‌കുമാര്‍ വന്നു. ബിജു പ്രഭാകറിനു പകരം പ്രമോജ് ശങ്കര്‍ വന്നു. പഴയതില്‍ നിന്നും എന്തൊക്കെ മാറ്റമാണ് വന്നത്. ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി കിട്ടുന്നു. KSRTCയില്‍ പുതിയ ബസുകള്‍ എത്തിക്കുന്നു. പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടുന്നു. വരുമാനത്തില്‍പ്പോലും ചരിത്രം തിരുത്തിയില്ലേ. എന്തുകൊണ്ട് ആന്റണി രാജുവിന് അതു സാധിച്ചില്ല. എന്തുകൊണ്ട് ജീവനക്കാര്‍ക്ക് ശമ്പളം വെട്ടി മുറിച്ചു കൊടുത്തു. എന്തു കൊണ്ട് എംപാനല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടു. എന്തുകൊണ്ട് KSRTCപോലെ SWIFT എന്ന മറ്റൊരു കമ്പനി രൂപീകരിച്ചു. ഗതാഗത വകുപ്പിനെ തന്നെ സ്വകാര്യവത്ക്കരിക്കാന്‍ ശ്രമിച്ചൊരു മന്ത്രിയായിരുന്നു ആന്റണി രാജുവെന്ന കുപ്രസിദ്ധിയുമായാണ് അദ്ദേഹം കളം വിടുന്നത്.
അന്നത്തെ KSRTC എം.ഡി. ബിജു പ്രഭാകറിന്റെ വസതിയിലേക്ക് ജീവനക്കാര്‍ക്ക് പ്രതിഷേധ സമരം ചെയ്യേണ്ട ഗതികേടുണ്ടാക്കിയത് ആരാണ്. സമൂഹത്തിനു മുമ്പില്‍ ഒന്നിനും കൊള്ളാത്തവരാണ് KSRTC ജീവനക്കാരെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും ആരും മറന്നിട്ടില്ല. കള്ളനെന്നും, പണി ചെയ്യാത്തവരെന്നും, KSRTCയുടെ അവസ്ഥയ്ക്കു കാരണക്കാര്‍ ജീവനക്കാരണെന്നും അടച്ചാക്ഷേപിച്ചപ്പോഴൊക്കെയും തലകുനിച്ച് നില്‍ക്കേണ്ടി വന്നവരാണ്. അപ്പോഴൊക്കെയും നിരന്തരം കേരളത്തിന്റെ നാഡീ ഞരമ്പുകള്‍ പോലെ കിടക്കുന്ന റോഡുകളില്‍ അവര്‍ പണിയെടുക്കുകയായിരുന്നു. സ്വയം രോഗികളായി മാറിക്കൊണ്ട്, പരിമിതികളിലും ശമ്പളവും ആനുകൂല്യങ്ങളും കിട്ടാത്തപ്പോഴും, അവഗണനകളുടെ മുകളിലിരുന്ന് ജനങ്ങള്‍ക്കു വേണ്ടി ആന വണ്ടി ഓടിക്കൊണ്ടേയിരുന്നത് ജീവനക്കാരുടെ തളരാത്ത മനസ്സു കൊണ്ടു മാത്രമാണ്.
മന്ത്രിയെയും സിസ്റ്റത്തെയും എല്ലാം വെറുത്തപ്പോഴും ജീവനക്കാര്‍ KSRTCയെ വെറുത്തില്ല. ജനങ്ങളെ മറന്നില്ല. അവര്‍ ഓടിക്കൊണ്ടേയിരുന്നു. അപ്പോഴും അവരുടെ വീടുകളില്‍ പട്ടിണിയും, കടക്കാരും ബാങ്കുകളും നിരന്തരം പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ആ കുടംബങ്ങളിലെ കണ്ണീരുണങ്ങാത്ത ശാപം തന്നെയാണ് തൊഴിലാളികളുടെ വേദന കാണാതെ പോയ മന്ത്രിക്കു മേല്‍ ഇടിത്തീപോലെ വീണത്. ഇനിയുമുണ്ട്, ദ്രോഹിച്ചവര്‍ പലരും. അഴരെല്ലാം അനുഭവിച്ചിട്ടേ പോകൂവെന്നാണ് ജീവനക്കാര്‍ പറയുന്നത്. അത്രയും കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ടെന്ന സാക്ഷ്യമാണ് KSRTC ജീവനക്കാരില്‍ നിന്നും കിട്ടുന്നത്. നോക്കൂ, ഇപ്പോള്‍ റെക്കോര്‍ട്ട് കളക്ഷനാണ് KSRTC നേടുന്നത്.
ടിക്കറ്റ് വരുമാനം ദിവസവും പത്തുകോടി ആയാല്‍ ലാഭമില്ലാതെ മുന്നോട്ടു പോകാന്‍ കഴിയുന്ന അവസ്ഥയുണ്ടാകും എന്നാണ് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നത്. അതായത്, KSRTCയുടെ കടങ്ങള്‍ കുറേശ്ശെ തീര്‍ക്കാനും, പലിശകള്‍ നല്‍കാനും, വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ്, ഡീസല്‍ എന്നിവയ്‌ക്കെല്ലാം പണം കണ്ടെത്താന്‍ കഴിയുമെന്ന് സാരം. ലാഭവുമില്ല നഷ്ടവുമില്ല. കടം വാങ്ങാതെ പുതിയ പലിശ കൊടുക്കാതെ കഴിയാം. ഇതാണ് പത്തുകോടി കളക്ഷനിലൂടെ KSRTC നേടിയ പുതു ചരിത്രം. ആ വരുമാനമാണ് ഇപ്പോള്‍ 12.18 കോടിയായി ഉയര്‍ന്നിരിക്കുന്നത്. വരും ദിവസങ്ങളിലും ഈ കളക്ഷന്‍ കിട്ടിയാല്‍ അത് ജീവനക്കാര്‍ക്ക് ഉപകാരപ്പെടുമോ എന്നാണ് അറിയേണ്ടത്.
ഇനിയെങ്കിലും ജീവനക്കാരുടെ ഡി.എ നല്‍കാന്‍ തയ്യാറാകുമോ. DA മാത്രം പൂജ്യം ശതമാനം. മറ്റെല്ലാര്‍ക്കും അനുവദിച്ചതില്‍ 18 ശതമാനം കുടിശ്ശിക. ബേസിക് പേ മാത്രമുള്ള ജീവനക്കാരാണ് KSRTCയില്‍ ജോലി ചെയ്യുന്നത്. നോക്കൂ, ശമ്പളം കൃത്യമായി കിട്ടിയപ്പോള്‍ ടിക്കറ്റ് കളക്ഷന്‍ റെക്കോര്‍ഡിട്ടു എങ്കില്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ കൂടി കൊടുത്താല്‍ വരുമാനം കുതിച്ചുയരുമെന്നുറപ്പാണ്. ആന്റണി രാജുവിന്റെ തലയില്‍ വീണ ‘ജട്ടിശാപം’ ഗണേഷ്‌കുമാറിന് കിട്ടില്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എങ്കിലും ഗതാഗതമന്ത്രിയായിരുന്നു ബാലകൃഷ്ണ പിള്ളയും ജയിലില്‍ കിടന്നിട്ടുണ്ടെന്ന് പറയാതെ വയ്യ.
CONTENT HIGH LIGHTS: KSRTC employees’ ‘curse’: Antony Raju finally falls into ‘Saip’s jetty’; Are there still those waiting in line to be cursed?; Don’t forget, even when the collection record is broken, the employee benefits immensely
















