ഇറാനിൽ സാമ്പത്തിക പ്രതിസന്ധിക്കും ഭരണകൂടത്തിനുമെതിരെ ജനങ്ങൾ നടത്തുന്ന പ്രതിഷേധം 11-ാം ദിവസത്തിലേക്ക് കടന്നു. സൈന്യവും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ മരിച്ചവരുടെ എണ്ണം 36 ആയതായാണ് റിപ്പോർട്ടുകൾ.
ടെഹ്‌റാനിലെ ഗ്രാൻഡ് ബസാറിൽ ധർണ നടത്തിയ പ്രതിഷേധക്കാരെ സൈന്യം അക്രമാസക്തമായി നേരിട്ടു. നിരവധി പേർക്ക് പരിക്ക്. ഇന്നലെ ഇറാനിലെ 88 നഗരങ്ങളിൽ 257 സ്ഥലങ്ങളിൽ സർക്കാർ വിരുദ്ധ പ്രകടനങ്ങൾ നടന്നു.
അതേസമയം പ്രക്ഷോഭം രാജ്യത്തെ സാമ്പത്തികാവസ്ഥ കൂടുതൽ മോശമാക്കുമെന്നും സംയമനം പാലിക്കണമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു. പ്രക്ഷോഭത്തിൽ 60-ലധികം പ്രതിഷേധക്കാർക്ക് പരിക്കേറ്റതായും 2,076 പേരെ അറസ്റ്റ് ചെയ്തതായും മനുഷ്യാവകാശ പ്രവർത്തകരുടെ വാർത്താ ഏജൻസി അറിയിച്ചു.
ഇറാനിൽ പണപ്പെരുപ്പവും കറൻസി തകർച്ചയുമാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടയാക്കിയത്. ഡിസംബർ 28 നാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. യുഎസ് ഡോളറിനെതിരെ ഇറാനിയൻ കറൻസിയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞതിൽ രോഷം പ്രകടിപ്പിച്ച് കടയുടമകൾ തലസ്ഥാനത്തെ തെരുവിലിറങ്ങിയതോടെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
















