നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി സിപിഐയുടെ നേതൃയോഗങ്ങൾ ഇന്നും നാളെയുമായി തിരുവനന്തപുരത്ത് നടക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. സിപിഐ മത്സരിക്കുന്ന 25 സീറ്റുകളിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ പ്രാഥമിക ചർച്ചകൾ നടക്കും. വിജയ സാധ്യതയുള്ള സീറ്റുകളിൽ ടേം വ്യവസ്ഥയിൽ ഇളവ് നൽകാനും തീരുമാനിച്ചേക്കും. നിലവിലെ നാല് സിപിഐ മന്ത്രിമാരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് പ്രാഥമിക വിവരങ്ങൾ. സിപിഐയിൽ മൂന്ന് ടേം പൂർത്തിയാക്കിയ ആറ് എംഎൽഎമാർ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറും. മൂന്ന് വട്ടം മത്സരിച്ച് ജയിച്ചവർക്ക് പിന്നീട് അവസരം നൽകാത്ത പാർട്ടി രീതിയിൽ ഇളവ് നൽകാൻ സാധ്യതയില്ലെന്നാണ് വിവരം. കൂടാതെ, പ്രകടനം മോശമായ ചില എംഎൽഎമാരെയും മാറ്റുന്നതിനെക്കുറിച്ച് ആലോചനകൾ നടക്കുന്നുണ്ട്.
















