ദളപതി വിജയ് നായകനായ ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിൽ പ്രതികരിച്ച് നടൻ രവി മോഹൻ. ചിത്രത്തിനും വിജയ്ക്കും പിന്തുണ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് പ്രദർശനാനുമതി കിട്ടാത്തതിൽ താൻ ഏറെ വേദനിക്കുന്നുവെന്നും നിങ്ങളുടെ കൂടെയുള്ള ദശലക്ഷക്കണക്കിന് സഹോദരന്മാരിൽ ഒരാളായി ഞാൻ നിങ്ങളോടൊപ്പം നിൽക്കുന്നു എന്നും താരം പറഞ്ഞു. തസോഷ്യൽ മീഡിയ വഴിയായിരുന്നു രവി മോഹന്റെ പ്രതികരണം.
“ഹൃദയം തകരുന്നു വിജയ് അണ്ണാ.. ഒരു സഹോദരൻ എന്ന നിലയിൽ, അങ്ങയുടെ കൂടെയുള്ള ലക്ഷക്കണക്കിന് സഹോദരങ്ങളിൽ ഒരാളായി ഞാനും ഒപ്പമുണ്ട്. അങ്ങേയ്ക്ക് ഒരു തീയതിയുടെ ആവശ്യമില്ല.. അങ്ങ് തന്നെയാണ് തുടക്കം. ആ തീയതി എന്നാണോ, അന്ന് മുതലാണ് പൊങ്കൽ തുടങ്ങുന്നത്.” രവി മോഹൻ കുറിച്ചതിങ്ങനെ. ഈ വിഷയത്തിൽ വിജയ്ക്ക് പരസ്യ പിന്തുണ അറിയിക്കുന്ന ആദ്യ തമിഴ്നടനാണ് രവി മോഹൻ. നേരത്തേ സംവിധായകൻ അജയ് ജ്ഞാനമുത്തുവും വിജയ്ക്ക് പിന്തുണയുമായെത്തിയിരുന്നു.
പൊങ്കലിനോടനുബന്ധിച്ച് എത്തേണ്ടിയിരുന്ന ജനനായകന്റെ റിലീസ് വെള്ളിയാഴ്ച ഉണ്ടാകില്ല. റിലീസ് മാറ്റിവെച്ചതായി കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി. ചിത്രത്തിന് സെൻസർബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് തീരുമാനം. സെൻസർബോർഡിന്റെ നടപടിക്കെതിരേ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമാപിച്ചിരുന്നു. വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് റിലീസ് മാറ്റിക്കൊണ്ടുള്ള നിർമാതാക്കളുടെ നടപടി.
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടർന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
















