വിജയ് നായകനാകുന്ന അവസാന ചിത്രമായ ‘ജനനായകൻ’ റിലീസ് പ്രതിസന്ധിയിൽ ആയതിൽ പ്രതികരണവുമായി നടൻ ചിമ്പു. ഇതിലും വലിയ കൊടുങ്കാറ്റുകൾ വിജയ് തരണം ചെയ്തിട്ടുണ്ടെന്നും തിരിച്ചടികൾ അദ്ദേഹത്തെ ഒരിക്കലും തളർത്തില്ലെന്നും താരം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
No matter what!! This one is gonna be the BIGGEST farewell in Indian cinema #JanaNayagan https://t.co/StLuvEKCIf
— venkat prabhu (@vp_offl) January 8, 2026
‘‘പ്രിയപ്പെട്ട വിജയ് അണ്ണാ, തിരിച്ചടികൾ അങ്ങയെ ഒരിക്കലും തളർത്തിയിട്ടില്ല. ഇതിനേക്കാൾ വലിയ കൊടുങ്കാറ്റുകളെ അങ്ങ് തരണം ചെയ്തിട്ടുണ്ട്. ഇതും കടന്നു പോകും. യഥാർഥ തിരുവിഴ തുടങ്ങുന്നത് ജനനായകൻ റിലീസ് ആവുന്ന ദിവസമാണ്.’’–ചിമ്പുവിന്റെ വാക്കുകൾ
വിജയ്‌യ്ക്ക് പിന്തുണയുമായി ജയം രവി അടക്കമുള്ളവർ രംഗത്തുവന്നു. സെൻസർ ബോർഡിന്റെ അപ്രതീക്ഷിത തീരുമാനങ്ങളിൽ റിലീസ് വൈകിയതിൽ ഹൃദയം തകരുന്നുവെന്ന് രവി മോഹൻ കുറിച്ചു. വിജയ്‌യ്ക്ക് ഒരു തിയതിയുടെ ആവശ്യമില്ലെന്നും ഇത് റിലീസ് ആകുന്നതെന്നാണോ അന്നാണ് പൊങ്കലെന്നും രവി മോഹൻ വ്യക്തമാക്കി.
Dear @actorvijay anna, Setbacks have never stopped you. You’ve crossed bigger storms than this. This too shall pass, real Thiruvizha begins on the day #Jananayagan releases.
— Silambarasan TR (@SilambarasanTR_) January 8, 2026
‘‘ഹൃദയം തകർന്നു വിജയ് അണ്ണാ.. ഒരു സഹോദരൻ എന്ന നിലയിൽ, അങ്ങയുടെ കൂടെയുള്ള ലക്ഷക്കണക്കിന് സഹോദരങ്ങളിൽ ഒരാളായി ഞാനും ഒപ്പമുണ്ട്. അങ്ങേയ്ക്ക് ഒരു തീയതിയുടെ ആവശ്യമില്ല.. അങ്ങ് തന്നെയാണ് തുടക്കം. ആ തീയതി എന്നാണോ, അന്ന് മുതലാണ് പൊങ്കൽ തുടങ്ങുന്നത്.’’–രവി മോഹന്റെ വാക്കുകൾ. സിനിമയിൽ നിന്നും വിജയ്‌യ്ക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുന്ന ആദ്യ നടൻ കൂടിയാണ് രവി.
പൊങ്കൽ റിലീസ് ആയി ഈ വെള്ളിയാഴ്ച ‘ജനനായകൻ’ തിയറ്ററുകളിൽ എത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഒഴിവാക്കാനാകാത്ത ചില സാഹചര്യങ്ങൾ കാരണം റിലീസ് തീയതി നീട്ടുകയാണെന്ന് നിർമ്മാതാക്കളായ കെവിഎൻ (KVN) പ്രൊഡക്ഷൻസ് ഔദ്യോഗികമായി അറിയിച്ചു. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നതാണ് റിലീസ് മുടങ്ങാൻ പ്രധാന കാരണമായത്. ഇതുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി പരിഗണിക്കുകയാണ്. ഹർജിയിൽ വെള്ളിയാഴ്ച രാവിലെ മാത്രമേ വിധി പറയൂ എന്ന് കോടതി വ്യക്തമാക്കിയതോടെയാണ് റിലീസ് മാറ്റാൻ നിർമ്മാതാക്കൾ നിർബന്ധിതരായത്.
















