ഇലക്ട്രിക് സ്കൂട്ടർ വിപണി കയ്യടക്കാൻ പുത്തൻ മോഡലുമായി ബജാജ് വരുന്നു. കൂടുതൽ പവർഫുൾ ആയ ചേതക് മോഡൽ ജനുവരി 14ന് അവതരിപ്പിക്കും. കരുത്തുറ്റ ഇലക്ട്രിക് മോട്ടർ, പുതിയ ഡിസൈൻ, കപ്പാസിറ്റി കൂടിയ ബാറ്ററി എന്നിവയാകും പുതിയ ചേതക്കിന്റെ പ്രധാന സവിശേഷതകൾ.
ഇതു വരെ ഇറങ്ങിയ എല്ലാ ചേതക് മോഡലുകളും ഒരേ ഡിസൈൻ പിന്തുടരുന്നവയായിരുന്നു. എന്നാൽ പുതിയ ചേതക്കിൽ കാര്യമായ രൂപമാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. എൽഇഡി ടെയിൽ ലൈറ്റ് ഡിസൈൻ പുതിയതായിരിക്കും. മുൻനിര ഇ–സ്കൂട്ടർ നിർമാതാക്കളായ ടിവിഎസ്, ഏഥർ, വിഡ, സിംപിൾ എനർജി എന്നിവയെല്ലാം പുതിയ മോഡലുകൾ വിപണിയിലിറക്കിയതോടെയാണ് പുതിയ ചേതക് മോഡൽ പുറത്തിറക്കുന്നത്.
പുതിയ ചേതക് വരുന്നതോടെ ബജാജിന്റെ ഇ–സ്കൂട്ടർ നിര കൂടുതൽ കരുത്തുറ്റതാകും. നിലവിൽ 3kWh, 3.5kWh ബാറ്ററി പാക്കുകളാണ് നിലവിലെ മോഡലുകൾക്ക്. 3001, 35 എന്നിങ്ങനെ രണ്ടു സീരീസുകളിലായാണ് ചേതക് മോഡലുകൾ വിപണിയിൽ വിൽക്കുന്നത്. 99,500 രൂപ മുതൽ 3001 മോഡലുകൾ ലഭ്യമാകും.
കഴിഞ്ഞ വർഷം ചേതക്കിന്റെ 2.70 ലക്ഷം യൂണിറ്റുകൾ വിറ്റു. നവംബറിൽ ടിവിഎസ് ഐ–ക്യൂബ് മോഡലുകളെ പിന്തള്ളി ബജാജ് മുന്നേറിയിരുന്നു. 21 ശതമാനമാണ് ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ ബജാജിന്റെ വിപണി വിഹിതം.
















