അമേരിക്കയിൽ ഇമിഗ്രേഷൻ ഏജന്റിന്റെ വെടിയേറ്റ് റെനി നിക്കോൾ ഗുഡ് എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമൊട്ടാകെ വൻ ജനരോഷം. കൊലപാതകത്തിൽ പ്രതിഷേധിച്ച് മിനിയപ്പലിസ്, സെന്റ് പോൾ നഗരങ്ങളിൽ ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി. ന്യൂയോർക്ക്, ഷിക്കാഗോ, സിയാറ്റിൽ, കൊളംബസ് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു.
യു എസ് പൗരയാണ് കൊല്ലപ്പെട്ടത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള വാഹനപരിശോധനയ്ക്കു കാർ തടഞ്ഞതു കൂട്ടാക്കാതെ മുന്നോട്ടെടുത്തപ്പോഴാണ് ഉദ്യോഗസ്ഥൻ 2 തവണ നിറയൊഴിച്ചത്.
ഉദ്യോഗസ്ഥനെ വണ്ടിയിടിപ്പിച്ചുകൊല്ലാൻ ശ്രമിച്ചപ്പോഴാണു വെടിവച്ചതെന്നാണ് അധികൃതരുടെ ഭാഷ്യം. ആത്മരക്ഷാർഥമാണു ഓഫിസർ വെടിയുതിർത്തതെന്നു ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) സെക്രട്ടറി ക്രിസ്റ്റി നോയം ന്യായീകരിച്ചു.
3 കുട്ടികളുടെ അമ്മയും കവിയുമായ റെനെ, 6 വയസ്സുള്ള മകനെ സ്കൂളിലാക്കി തിരിച്ചുപോകുമ്പോഴാണു സംഭവം. കൊളറാഡോയിൽ ജനിച്ച യുവതി അടുത്തിടെയാണു മിനസോട്ടയിലേക്കു താമസം മാറിയത്.
















