ശബരിമല സ്വർണക്കൊള്ളയിൽ മുൻ തന്ത്രി കണ്ഠരര് രാജീവരേ എസ്‌ഐടി സംഘം അറസ്റ്റ് ചെയ്തു. ഇന്ന് ചോദ്യംചെയ്യാനായി എസ്‌ഐടി ഓഫീസിൽ വിളിച്ചുവരുത്തിയ തന്ത്രിയെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്വർണക്കൊള്ളയിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് അന്നത്തെ തന്ത്രി കണ്ഠരര് രാജീവര് ആണെന്ന് മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ അടക്കമുള്ളവർ നേരത്തേ മൊഴി നൽകിയിരുന്നു. സ്വർണപ്പാളികളിൽ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ സ്വർണം പൂശാൻ കൊണ്ടുപോകാൻ അനുവദിക്കാവുന്നതാണെന്ന കുറിപ്പ് നൽകിയതും കണ്ഠരര് രാജീവരായിരുന്നു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തേ തന്ത്രി കണ്ഠരര് രാജീവരിൽനിന്ന് എസ്‌ഐടി സംഘം മൊഴിയെടുത്തിരുന്നു. പോറ്റിയെ അറിയാമെന്നും എന്നാൽ, ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചാണ് കുറിപ്പ് നൽകിയതെന്നുമായിരുന്നു രാജീവരുടെ അന്നത്തെ മൊഴി.
















