സൂപ്പർ സ്റ്റാർ യാഷ് നായകനാകുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിനുപിന്നാലെ യഷിന്റെ ഇൻട്രോ സീനും ഗീതുമോഹൻദാസിന്‍റെ മുൻ നിലപാടുകളുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇന്നലെ ഗീതു തന്റെ നിലപാട് അറിയിക്കുകയും ചെയ്തു. ഇപ്പോഴിതാ ടീസറിലെ ദൃശ്യങ്ങളെ ന്യായീകരിച്ച സംവിധായിക ഗീതു മോഹൻദാസിനും അവർക്ക് പിന്തുണയുമായെത്തിയ റിമ കല്ലിങ്കലിനുമെതിരെ നിർമാതാവ് വിജയ് ബാബു രംഗത്ത്.
വിജയ് ബാബു പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം:
‘‘ഇരട്ടത്താപ്പിന്റെ രാജ്ഞിമാരെക്കുറിച്ച്, അവരുടെ ഓരോരുത്തരുടെയും കഥകൾ പറഞ്ഞു തുടങ്ങിയാൽ അത് അവസാനിക്കില്ല. അവരുടെ വാക്കിനും പ്രവൃത്തിക്കും മറുപടി പറയാതിരിക്കുന്നതാണ് നല്ലത്. കാരണം, എല്ലാ ആനുകൂല്യങ്ങളും എപ്പോഴും കൈപ്പറ്റിക്കൊണ്ട്, സ്വന്തം സൗകര്യത്തിനനുസരിച്ച് വാക്കിനെയും പ്രവൃത്തിയെയും വളച്ചൊടിക്കുന്നവരാണവർ.
ഒരു പുരുഷനെയോ പുരുഷന്മാരെയോ ആക്രമിക്കണം എന്ന് തോന്നുമ്പോൾ മാത്രം ‘സ്ത്രീരത്നങ്ങൾ’ എന്ന നിലയിൽ അവർ ഒന്നിച്ചു ചേരും. സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനായി കൂട്ടമായി ആക്രമിച്ച ശേഷം, അടുത്ത ഇര വരുന്നത് വരെ അവർ പിരിഞ്ഞു പോകും. എന്നാൽ സ്വന്തം കാര്യത്തിൽ ഇവർക്ക് യാതൊരു നിലപാടുകളോ ചിട്ടവട്ടങ്ങളോ ഇല്ല. ആടിയും ഉലഞ്ഞും നിൽക്കുന്ന ഇവർക്ക് കൃത്യമായ നയങ്ങളോ നിയമങ്ങളോ ഒന്നുമില്ല. അതാത് സമയത്തെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ വെറുമൊരു വാട്സാപ്പ് ഗ്രൂപ്പ് മാത്രമാണത്.’’
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസറിലെ ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വിമർശിച്ചതോടെയാണ് തർക്കങ്ങൾ തുടങ്ങിയത്. മുൻപ് ‘കസബ’ പോലുള്ള സിനിമകളിലെ സ്ത്രീവിരുദ്ധതയെ നഖശിഖാന്തം എതിർത്ത ഗീതു, സ്വന്തം സിനിമയിൽ പൗരുഷാഘോഷങ്ങൾക്കും മാസ്സ് എലമെന്റുകൾക്കും വേണ്ടി സ്ത്രീശരീരത്തെ ഉപയോഗിക്കുന്നു എന്നതായിരുന്നു പ്രധാന വിമർശനം.
‘കസബ’യിലെ സ്ത്രീവിരുദ്ധതയെ പാർവതി തിരുവോത്ത് വിമർശിച്ചപ്പോൾ “സേ ഇറ്റ്, സേ ഇറ്റ്” എന്ന് വിളിച്ച് പ്രോത്സാഹിപ്പിച്ച ഗീതു മോഹൻദാസ്, ഇപ്പോൾ യഷിനെപ്പോലൊരു സൂപ്പർ താരത്തിന് ഹൈപ്പ് നൽകാൻ സമാനമായ രീതിയിലുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് വിരോധാഭാസമാണെന്ന് നിതിൻ രൺജി പണിക്കരും ചൂണ്ടിക്കാട്ടിയിരുന്നു. റിമ കല്ലിങ്കൽ ഗീതുവിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ വാക്പോര് മുറുകി. ഇതിനിടയിലാണ് വിജയ് ബാബുവും നിഥിൻ രൺജി പണിക്കരും അടക്കമുള്ളവർ ഗീതുവിന്റെയും കൂട്ടരുടെയും പഴയകാല നിലപാടുകളെ ഓർമ്മിപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്.
















