മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യപരിശോധനയ്ക്കായി ഉടൻ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. പത്തനംതിട്ട എആർ ക്യാമ്പിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിന് പിന്നാലെയാണിത്.
വൈദ്യപരിശോധക്ക് ശേഷം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷയ്ക്ക് കൂടുതൽ പൊലീസിനെ ക്യാമ്പിൽ നിയോഗിച്ചിരിക്കുകയാണ്.
കനത്ത സുരക്ഷയിൽ ആയിരിക്കും രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്കും അവിടെനിന്ന് മജിസ്ട്രേറ്റിന് മുമ്പിലും കൊണ്ടുപോവുക. എസ്പിയുടെ ക്യാമ്പ് ഓഫീസിന് അടുത്തുള്ള മജിസ്ട്രേറ്റിന്റെ വസതിയിലേക്കായിരിക്കും രാഹുലിനെ കൊണ്ടുപോകുക.
ബലാൽസംഗവും ഗർഭ ഛിദ്രവും ആരോപിച്ചുള്ളതാണ് ഇപ്പോൾ വിദേശത്തുള്ള പരാതിക്കാരി ഇമെയിൽ വഴി പൊലീസിന് നൽകിയ പരാതി. ഇ മെയിലിൽ ലഭിച്ച പരാതിയിൽ വീഡിയോ കോൺഫറൻസിലൂടെ പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാം അടിസ്ഥാനമാക്കിയാണ് ഇന്ന് പുലർച്ചെ പാലക്കാട് ഹോട്ടലിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്.
















