സഭയിലെ അനീതികൾക്കെതിരെ ശക്തമായ നിലപാടെടുത്ത് ശ്രദ്ധേയയായ സിസ്റ്റർ ലൂസി കളപ്പുര, അറുപതാം വയസ്സിൽ അഭിഭാഷകയായി എൻറോൾ ചെയ്തു. കേരള ഹൈക്കോടതിയുടെ ബാർ കൗൺസിലർക്ക് കീഴിലാണ് സിസ്റ്റർ ലൂസി കഴിഞ്ഞ ശനിയാഴ്ച അഭിഭാഷകയായി സത്യപ്രതിജ്ഞ ചെയ്തത്. നീതിക്കുവേണ്ടിയുള്ള തന്റെ പോരാട്ടത്തിന്റെ നിർണായക ഫലമാണിതെന്നാണ് സിസ്റ്റർ ലൂസി പ്രതികരിച്ചത്.
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നാഗരേഷ്, കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വക്കേറ്റ് അജിത് ടി.എസ്., എൻറോൾമെന്റ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് മുഹമ്മദ് ഷാ പി.എ. എന്നിവരുടെ സാന്നിധ്യത്തിലാണ് സിസ്റ്റർ ലൂസിക്ക് എൻറോൾമെന്റ് സർട്ടിഫിക്കറ്റ് ലഭിച്ചത്. പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച് നിയമലോകത്തേക്ക് കടന്നുവന്ന സിസ്റ്റർ ലൂസിയുടെ എൻറോൾമെന്റ് സഭയ്ക്കകത്തും പുറത്തും വലിയ ചർച്ചയായിട്ടുണ്ട്.
ഗണിതശാസ്ത്ര അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ചതിന് ഒരു വർഷത്തിനുശേഷം 2022 ജൂലൈയിലാണ് സിസ്റ്റർ ലൂസി നിയമപഠനം ആരംഭിച്ചത്. എറണാകുളത്തെ ശ്രീനാരായണ ലോ കോളേജിൽ നിന്നാണ് സിസ്റ്റർ നിയമ ബിരുദം നേടിയത്. നീതി നിഷേധിക്കപ്പെട്ട സ്ത്രീകൾക്ക് നിയമ സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വെല്ലുവിളി ഏറ്റെടുത്തതെന്നാണ് സിസ്റ്റർ വ്യക്തമാക്കുന്നത്.
”ഇതൊരു എളുപ്പമുള്ള യാത്രയായിരുന്നില്ല. നീതി നിഷേധിക്കപ്പെട്ടതും ന്യായ വ്യവസ്ഥയ്ക്ക് മുന്നിൽ ഒറ്റപ്പെട്ടു നിൽക്കേണ്ടി വന്നതുമായ സ്ത്രീകൾക്ക് ശബ്ദം നൽകാനും നിയമസഹായം നൽകാനും ഞാൻ ആഗ്രഹിക്കുന്നു,” സിസ്റ്റർ ലൂസി മാധ്യമങ്ങളോട് പറഞ്ഞു.
തൊഴിലിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി, ഒരു ജൂനിയർ അഭിഭാഷകയായി കുറച്ചുകാലം പ്രവർത്തിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വർഷങ്ങളായി സഭയുടെ അകത്തും പുറത്തും നടത്തിയ പോരാട്ടങ്ങൾക്ക് പുതിയ നിയമപരമായ മാനം നൽകുകയാണ് ഈ എൻറോൾമെന്റിലൂടെ സിസ്റ്റർ ലൂസി കളപ്പുര.
















