ഗുരുവായൂർ ക്ഷേത്രത്തിൽ പൂജക്കായി കൊണ്ടുവന്ന കാർ നിയന്ത്രണം വിട്ട് ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയിലെ സ്റ്റീൽ കവാടം തകർത്തു. ഞായറാഴ്ച വൈകുന്നേരം 5:30-ഓടെയാണ് സംഭവം. തിരക്കേറിയ സമയമായിരുന്നിട്ടും യാതൊരു അപകടവും ഇല്ലാതെ തീർത്ഥാടകർ രക്ഷപ്പെട്ടത് വൻ ദുരന്തം ഒഴിവാക്കി.
കോഴിക്കോട് നിന്ന് എത്തിയ ഭക്തരുടേതാണ് അപകടത്തിൽപ്പെട്ട വാഹനം. കിഴക്കേ നടപ്പുരയിൽ വാഹനത്തിന്റെ പൂജാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം കാർ മുന്നോട്ടെടുത്തപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ സ്റ്റീൽ കവാടം പൂർണ്ണമായി തകർന്ന് നിലം പതിച്ചു. കാറിന്റെ മുൻഭാഗത്ത് നേരിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടം സംഭവിക്കുമ്പോൾ നടപ്പുരയിലൂടെ ഭക്തർ നടന്നു പോകുന്നുണ്ടായിരുന്നു. കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് പാഞ്ഞത് അവിടെയുണ്ടായിരുന്നവരിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
അപകടത്തെത്തുടർന്ന് തകർന്ന കവാടം എത്രയും പെട്ടെന്ന് പൂർവ്വസ്ഥിതിയിലാക്കി നൽകുമെന്ന് വാഹന ഉടമ ദേവസ്വം അധികൃതരെ അറിയിച്ചു.
ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ദേവസ്വം മരാമത്ത് വിഭാഗം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും, അറ്റകുറ്റപ്പണികൾക്കായി വരുന്ന മുഴുവൻ ചെലവും ദേവസ്വത്തിൽ അടക്കാമെന്നും അവർ ഉറപ്പ് നൽകി. സംഭവത്തിൽ ദേവസ്വം തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
















