കൊല്ലം, തൃശ്ശൂര്‍ കണ്ണൂര്‍ നഗരങ്ങളിലെ വൈദ്യുതി വിതരണ ശൃംഖല ആധുനിക സ്‌കാഡ എ ഡി എം എസ് (SCADA/ADMS – Supervisory Control and Data Acquisition / Advanced Distribution Management System) സംവിധാനത്തിലൂടെ സമഗ്രമായി നവീകരിക്കുവാന്‍ കെ.എസ്.ഇ.ബി പദ്ധതി നടപ്പിലാക്കുന്നു. വൈദ്യുതി വിതരണ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഈ പദ്ധതി വിതരണ ശൃംഖല നവീകരണ പദ്ധതി (RDSS)യുടെ ഭാഗമായാണ് നടപ്പിലാക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ മൂന്ന് നഗരങ്ങളിലെയും വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമവും വിശ്വസനീയവുമാകും.
വൈദ്യുതി വിതരണം സംബന്ധിച്ച് തത്സമയ നിരീക്ഷണവും നിയന്ത്രണവും സാധ്യമാകുമെന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. സബ്സ്റ്റേഷനുകളിലെയും വിതരണ ശൃംഖലയിലെയും വിവരങ്ങള്‍ തത്സമയം കണ്‍ട്രോള്‍ സെന്ററുകളില്‍ ലഭ്യമാകും. 11കെ.വി ഫീഡറുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവയുടെ പ്രവര്‍ത്തനം 24 മണിക്കൂറും നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇതുവഴി സാധിക്കും. ലൈനുകളില്‍ എവിടെയെങ്കിലും തകരാറുകള്‍ ഉണ്ടായാല്‍, നിമിഷങ്ങള്‍ക്കകം അത് കൃത്യമായി കണ്ടെത്താനും തകരാറുള്ള ഭാഗം മാത്രം വേര്‍തിരിച്ച് ബാക്കിയുള്ള സ്ഥലങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനും സഹായിക്കുന്ന’ഫ്‌ളിസര്‍’ (FLISR) സാങ്കേതികവിദ്യയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇതിനായി 1915 റിംഗ് മെയിന്‍ യൂണിറ്റുകള്‍, ഫീഡര്‍ റിമോട്ട് ടെര്‍മിനല്‍ യൂണിറ്റുകള്‍, 1500 ഓളം ഫാള്‍ട്ട് പാസ്സ് ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ വിതരണ ശൃംഖലയില്‍ സ്ഥാപിക്കും. പദ്ധതിയുടെ നിര്‍വ്വഹണത്തിനായി മൂന്ന് നഗരങ്ങളിലും ഓരോ സ്‌കാഡ കണ്‍ട്രോള്‍ സെന്ററും എറണാകുളത്ത് ഒരു ഡിസാസ്റ്റര്‍ റിക്കവറി സെന്ററും സ്ഥാപിക്കും. ഏതെങ്കിലും കാരണവശാല്‍ ഒരു കണ്‍ട്രോള്‍ സെന്ററിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടാല്‍ എറണാകുളത്തെ സെന്ററില്‍ നിന്നും ആ നഗരത്തിലെ വിതരണ ശൃംഖല നിയന്ത്രിക്കാന്‍ സാധിക്കും. നൂതന സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, കെ-ഫോണ്‍ ഒപ്റ്റിക്കല്‍ ഫൈബര്‍, 4G/5G സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ഫീല്‍ഡ് ഉപകരണങ്ങളും കണ്‍ട്രോള്‍ സെന്ററുകളും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്നത്.
ഉപഭോക്തൃസേവനം ഏറെ മെച്ചപ്പെടുമെന്നതാണ് മറ്റൊരു വലിയ സവിശേഷത. ലൈനുകളിലെ വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ നിരീക്ഷിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഓട്ടോമാറ്റിക് ആയി നടത്തുന്നതിലൂടെ ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പാക്കാനും സാങ്കേതികനഷ്ടം കുറയ്ക്കാനും സാധിക്കും. വൈദ്യുതി മുടക്കം സംബന്ധിച്ച് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നതിന് മുന്‍പ് തന്നെ കണ്‍ട്രോള്‍ റൂമില്‍ അറിയാനും, ജീവനക്കാരെ വേഗത്തില്‍ അയച്ച് തകരാര്‍ പരിഹരിക്കാനും കഴിയും. 1912 കസ്റ്റമര്‍ കെയറുമായി സ്‌കാഡ സംവിധാനം ബന്ധിപ്പിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി പുന:സ്ഥാപനം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാനും സാധിക്കും.
സ്‌കാഡ ഡി എം എസ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് തടസ്സരഹിതമായ വൈദ്യുതി ഗുണമേന്മയോടെ ലഭ്യമാക്കുന്നതിനൊപ്പം, വൈദ്യുതി തകരാറുകള്‍ പരിഹരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും കെ.എസ്.ഇ.ബിക്ക് സാധിക്കും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ‘സ്മാര്‍ട്ട് ഗ്രിഡ്’ എന്ന ലക്ഷ്യത്തിലേക്കുള്ള കേരളത്തിന്റെ സുപ്രധാന ചുവടുവയ്പ്പാണിത്.
CONTENT HIGH LIGHTS; SCADA ADMS is coming: Electricity distribution in Kollam, Thrissur and Kannur cities will now be high-tech
















