കേരള കോൺഗ്രസ് എം എൽഡിഎഫ് മുന്നണി വിട്ട് യുഡിഎഫിൽ ചേരുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പാർട്ടിയാണ്. അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. കേരളത്തിൽ വിസ്മയമുണ്ടാകുമെന്ന് സതീശൻ ആവർത്തിച്ചു. യുഡിഎഫിലേക്ക് എൽഡിഎഫിൽനിന്നും എൻഡിഎയിൽനിന്നും കക്ഷികളും അല്ലാത്തവരും വരും. അത് ആരൊക്കെയാണെന്ന് ചോദിക്കരുത്. സമയമാകുമ്പോൾ അറിയിക്കും. വിരലിൽ എണ്ണാവുന്ന ദിവസം കൂടി കാത്തിരിക്കൂ. വിസ്മയം എന്താണെന്ന് കാണാമെന്നും സതീശൻ പറഞ്ഞു.
സർക്കാർ പരിപാടികളിലെ രാഷ്ട്രീയ അതിപ്രസരത്തെയും സതീശൻ കടുത്ത ഭാഷയിൽ വിമർശിച്ചു. കുട്ടികൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പിണറായി വിജയൻ എന്നാക്കി മാറ്റിയത് കേരളത്തിന് തന്നെ നാണക്കേടാണെന്ന് അദ്ദേഹം പരിഹസിച്ചു. സർക്കാർ പണമെടുത്ത് ഇത്തരത്തിൽ പ്രചാരണം നടത്താൻ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്നും അദ്ദേഹം ചോദിച്ചു.
രാഷ്ട്രീയ പ്രവർത്തനത്തിന് സ്വന്തം പണമാണ് ഉപയോഗിക്കേണ്ടതെന്നും നികുതിപ്പണം ദുരുപയോഗം ചെയ്താൽ അതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തമുണ്ടാകുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി. ഇതിനെതിരെ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും പാഴാക്കിയ പണം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















