സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലർ ചിത്രം “ഇതാണ് ഫ്രണ്ട്ഷിപ്പ്” ജനുവരി 30-ന് തീയേറ്ററുകളിലെത്തുന്നു. എ.കെ.ബി. മൂവീസ് ഇന്റർനാഷണലിന്റെ ബാനറിൽ എ.കെ.ബി. കുമാർ നിർമ്മാണവും രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം കോടനാട്, പെരുമ്പാവൂർ, മൂന്നാർ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
എറണാകുളത്തെ പ്രമുഖ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന രജനി (ചന്ദന അരവിന്ദ്), രേഷ്മ (ചിത്ര രാജേഷ്) എന്നീ പെൺകുട്ടികളുടെയും, അവർക്ക് യാദൃച്ഛികമായി പരിചയപ്പെടേണ്ടി വരുന്ന നാല് യുവാക്കളുടെയും കഥയാണിത്.

എറണാകുളത്തെ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന ജോഷി, ഹരി, വിഷ്ണു, അൻസിൽ എന്നിവരുമായി ഇവർ സ്ഥാപിക്കുന്ന സൗഹൃദം പിന്നീട് മൂന്നാറിലേക്ക് നടത്തുന്ന ഒരു വിനോദയാത്രയിലേക്ക് വഴിമാറുന്നു. അവിടെ ഒരു റിസോർട്ടിൽ വെച്ചുണ്ടാകുന്ന അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഗതി നിശ്ചയിക്കുന്നത്.
മുതിർന്ന താരം ദേവൻ, സ്ഫടികം ജോർജ്, സാജു കൊടിയൻ, റഫീക് ചോക്ളി, ഉണ്ണി എസ്. നായർ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദേവനും റഫീക് ചോക്ളിയും പോലീസ് ഉദ്യോഗസ്ഥരായി എത്തുമ്പോൾ, ചിത്രത്തിലെ നായികമാരിൽ ഒരാളായ രേഷ്മയുടെ പിതാവായാണ് സ്ഫടികം ജോർജ് വേഷമിടുന്നത്.

ആത്മാർത്ഥമായ സൗഹൃദങ്ങൾക്കിടയിൽ ഉണ്ടാകുന്ന പ്രണയവും പിണക്കവും സസ്പെൻസും പ്രേക്ഷകരെ ഒരുപോലെ ആകർഷിക്കുന്ന രീതിയിലാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.
മികച്ചൊരു കുറ്റാന്വേഷണ കഥ പറയുന്ന ഈ ചിത്രം ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഷെട്ടി മണി ക്യാമറയും ഷിബു പി.എസ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന് അൻവർ അമനാണ് സംഗീതം നൽകിയിരിക്കുന്നത്. കോമഡിക്കും സസ്പെൻസിനും ഒരുപോലെ പ്രാധാന്യം നൽകുന്ന “ഇതാണ് ഫ്രണ്ട്ഷിപ്പ്” ജനുവരി 30 മുതൽ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.
















