കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ജനുവരി 19ന് രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഹാജരാകാൻ നടനും ടിവികെ നേതാവുമായ വിജയ്‌യോട് സിബിഐ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ.
ജനുവരി 12ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് വച്ച് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് വീണ്ടും ഹാജരാകാൻ നിർദേശം.
ഏകദേശം 7 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ 2025 സെപ്റ്റംബറിൽ കരൂരിലുണ്ടായ അപകടത്തെ കുറിച്ചും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സംഭവിച്ച വീഴ്ചയെ കുറിച്ചുമാണ് പ്രധാനമായും സിബിഐ ചോദിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ 27നായിരുന്നു കരൂരിൽ വിജയ് പങ്കെടുത്ത റാലിയിൽ തിക്കും തിരക്കുമുണ്ടായി വൻ ദുരന്തം സംഭവിച്ചത്. വൻ രാഷ്ട്രീയ വിവാദം കൂടിയായി മാറിയ സംഭവത്തിന്റെ അന്വേഷണം സുപ്രീംകോടതി സിബിഐക്ക് വിട്ടിരുന്നു.
ടിവികെ തന്നെ നൽകിയ ഹർജിയിലായിരുന്നു ഇത്. മുൻ സുപ്രീംകോടതി ജഡ്ജി അജയ് റസ്തോഗി അധ്യക്ഷനായ സമിതിയുടെ മേൽനോട്ടത്തിലാണ് സിബിഐ അന്വേഷണം.
















