ഉത്തർപ്രദേശിലെ മഥുരയിൽ കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിൽ എത്തി യുവാവ്. മുപ്പത്തൊൻപതുകാരനായ ദീപക് എന്ന ഇ–റിക്ഷാ ഡ്രൈവറാണ് ഒന്നരയടി നീളമുള്ള പാമ്പിനെ പോക്കറ്റിലിട്ട് അന്റി–വെനം കുത്തിവയ്പ്പ് എടുക്കാനായി ജില്ലാ ആശുപത്രിയിൽ എത്തിയത്.
പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയിൽ എത്തിയ യുവാവിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആശുപത്രിയിൽ എത്തിയ യുവാവിനോട് കടിച്ച പാമ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ, പോക്കറ്റില്‍ നിന്ന് പാമ്പിനെ പുറത്തെടുക്കുന്നതായി വിഡിയോയിൽ കാണാം.
അരമണിക്കൂർ കാത്തുനിന്നിട്ടും തനിക്ക് ചികിത്സ ലഭിച്ചില്ലെന്നും ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്നും ആരോപിച്ച് ഇയാൾ പരിഭ്രാന്തി സൃഷ്ടിച്ചു. പാമ്പിനെ പുറത്തെടുത്ത് കളയാൻ പറഞ്ഞെങ്കിലും ദീപക് തയാറായില്ല.
പിന്നീട് പൊലീസ് എത്തി പാമ്പിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം യുവാവിനെ ചികിത്സയ്ക്കു വിധേയനാക്കുകയായിരുന്നു.
















