സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച ഭരണകൂട വിരുദ്ധ പ്രക്ഷോഭം ഇറാനിൽ അക്രമാസക്തമായി തുടരുന്ന സാഹചര്യത്തിൽ, അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യൻ എംബസി. നിലവിൽ ലഭ്യമായ യാത്രാ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി എത്രയും വേഗം രാജ്യം വിടണമെന്നാണ് എംബസി നൽകിയിരിക്കുന്ന പ്രധാന നിർദ്ദേശം.
ഇറാനിൽ തുടരുന്ന ഇന്ത്യക്കാർ പ്രതിഷേധ സ്ഥലങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും പരമാവധി അകന്നു നിൽക്കണമെന്ന് വിദേശകാര്യ മന്ത്രാലയം കർശനമായി അറിയിച്ചു.
പാസ്‌പോർട്ട് ഉൾപ്പെടെയുള്ള എല്ലാ യാത്രാ രേഖകളും സുരക്ഷിതമായി കൈവശം വെക്കണം. ഏത് അടിയന്തര സാഹചര്യത്തിലും സഹായത്തിനായി എംബസിയുമായി നിരന്തരം ബന്ധപ്പെടാൻ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും എംബസി പുറത്തിറക്കിയിട്ടുണ്ട്.
















