രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് (ISS) ക്രൂ-11 ദൗത്യസംഘത്തിന്റെ അപ്രതീക്ഷിത മടക്കയാത്ര തുടങ്ങി. നാലംഗ സംഘത്തിലെ ഒരാളുടെ ആരോഗ്യനില മോശമായതിനെത്തുടർന്നാണ് ദൗത്യം പാതിവഴിയിൽ ഉപേക്ഷിക്കാൻ നാസ തീരുമാനിച്ചത്. 25 വർഷത്തെ നിലയത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഇതാദ്യമാണ്. വൈദ്യചികിത്സ ആവശ്യമുള്ള ഒരു ബഹിരാകാശയാത്രികനും മറ്റു 3 ക്രൂ അംഗങ്ങളുമാണ് മടങ്ങുന്നത്. യുഎസ്, റഷ്യ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള നാല് ബഹിരാകാശയാത്രികരാണ് ക്രൂ-11 ദൗത്യസംഘത്തിലുള്ളത്.
സീന കാർഡ്‍മാൻ, മൈക്ക് ഫിൻകെ, കിമിയ യുയി, ഒലെഗ് പ്ലറ്റോനോവ് എന്നിവരാണ് മടക്കയാത്ര നടത്തുന്നവർ. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിലാണ് ഇവർ മടങ്ങുന്നത്. ചരിത്രപരമായ ഈ തിരിച്ചിറക്കം നാസ തത്സമയം സംപ്രേക്ഷണം ചെയ്യും. ക്രൂ-11 മടങ്ങുന്നതോടെ ബഹിരാകാശ നിലയത്തിൽ താൽക്കാലികമായി അംഗങ്ങളുടെ എണ്ണം കുറയും.
നിലവിൽ 7 പേരുള്ളിടത്ത്, ഇവർ മടങ്ങുന്നതോടെ നാസയുടെ ക്രിസ് വില്യംസും രണ്ട് റഷ്യൻ സഞ്ചാരികളും മാത്രമാകും അവശേഷിക്കുക. രോഗബാധിതനായ സഞ്ചാരിയെ തിരിച്ചെത്തിയ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്കായി മാറ്റും. അൺഡോക്കിങ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഇവർ ഭൂമിയെ ലക്ഷ്യമിട്ടുള്ള പത്തരമണിക്കൂർ നീളുന്ന യാത്ര തുടങ്ങിക്കഴിഞ്ഞു.
ഓസ്ട്രേലിയയ്ക്ക് മുകളിൽ വച്ചാണ് ബഹിരാകാശനിലയത്തിൽനിന്നും പേടകം വേർപെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.11 ഓടെ ക്രൂ-11 ദൗത്യസംഘവുമായി എത്തുന്ന പേടകം കലിഫോർണിയ തീരത്ത് കടലിൽ ഇറങ്ങും. 2025 ഓഗസ്റ്റിലാണ് ക്രൂ-11 ദൗത്യസംഘം ബഹിരാകാശ നിലയത്തിലെത്തിയത്. 2026 ഫെബ്രുവരി അവസാനം വരെ ബഹിരാകാശത്ത് തുടരാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ദൗത്യസംഘത്തിൽ ഒരാൾക്ക് വൈദ്യസഹായം ആവശ്യമായി വന്നതോടെ മടക്കം നേരത്തേയാക്കി.
















