മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ പ്രധാനധ്യാപികക്ക് സസ്പെൻഷൻ. പീഡന വിവരം പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ.
അധ്യാപികയ്ക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നും കണ്ടെത്തൽ. പ്രതിയായ അധ്യാപകനെ പുറത്താക്കാൻ എഇഒ ശുപാർശ നൽകും. അധ്യാപകനെ നേരത്തെ എഇഒ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് എഇഒ റിപ്പോർട്ടിലുള്ളത്. വിവരം പൊലീസിനെ അറിയിക്കുന്നതിൽ സ്കൂളിന് വീഴ്ച പറ്റി. രക്ഷിതാക്കളുടെ നിസഹകരണവും വിഷയത്തിൽ പ്രശ്നമായെന്നും എഇഒ റിപ്പോർട്ടിൽ പറയുന്നുണ്ട്.
വിവരമറിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമാണ് വിഷയത്തിൽ പരാതി നൽകിയത്. രക്ഷിതാക്കളുടെ നിസഹകരണം ഉണ്ടായിരുന്നെങ്കിലും സ്കൂൾ അധികൃതർക്ക് പരാതി നൽകാമായിരുന്നുവെന്നും ജനുവരി മൂന്നാം തീയതിയാണ് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയതെന്നും എഇഒ റിപ്പോർട്ടിൽ പറയുന്നുണ്ട്.
കഴിഞ്ഞ നവംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിയെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് അധ്യാപകൻ മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. കുട്ടി സുഹൃത്തുക്കളോട് കാര്യം പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്.
















