ഉലകനായകൻ കമൽഹാസനെ നേരിൽ കണ്ടതിന്റെ ഓർമകൾ പങ്കുവെച്ച് നടിയും ഉർവശിയുടെ മകളുമായ കുഞ്ഞാറ്റ (തേജാലക്ഷ്മി). സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് 24 വർഷങ്ങൾക്ക് ശേഷം നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് താരം കുറിച്ചത്.
2001-ൽ പഞ്ചതന്ത്രം സിനിമയുടെ സെറ്റിൽ അമ്മയോടൊപ്പം എത്തുമ്പോൾ താൻ വെറുമൊരു കൈക്കുഞ്ഞായിരുന്നുവെന്ന് കുഞ്ഞാറ്റ കുറിച്ചു. താൻ കരയുമ്പോൾ കമൽ സാർ തന്നെ എടുത്ത് നടക്കുമായിരുന്നുവെന്നും ഇഷ്ടപ്പെട്ട പലഹാരങ്ങൾ നൽകി സമാധാനിപ്പിക്കുമായിരുന്നുവെന്നു താരം പങ്കുവെച്ചു. അന്ന് നടന്ന കാര്യങ്ങൾ തനിക്ക് ഓർമ്മയില്ലെങ്കിലും അമ്മ പറഞ്ഞു തന്ന കഥകളിലൂടെ കമൽഹാസൻ തനിക്ക് പ്രിയപ്പെട്ടവനായി മാറിയെന്ന് താരം പറയുന്നു.
2025-ലെ സൈമ (SIIMA) അവാർഡ് വേദിയിൽ വെച്ച് കമൽഹാസനെ തൊട്ടടുത്ത് കണ്ടിട്ടും സംസാരിക്കാൻ കഴിയാത്തതിലുള്ള സങ്കടം കുഞ്ഞാറ്റ പങ്കുവെച്ചു. അന്ന് സംസാരിക്കാൻ പേടി തോന്നി മാറിനിൽക്കുകയായിരുന്നു. അദ്ദേഹം വേദി വിട്ടുപോയപ്പോൾ നിരാശയോടെ കരഞ്ഞ തന്നെ അമ്മയാണ് സമാധാനിപ്പിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ഓഫീസിൽ പോയി നേരിൽ കാണാൻ അവസരം ഒരുങ്ങുകയായിരുന്നു.
പത്ത് മിനിറ്റിൽ താഴെ മാത്രമാണ് കൂടിക്കാഴ്ച നീണ്ടുനിന്നതെങ്കിലും അത് പത്ത് വർഷത്തെ അനുഭവം പോലെ തോന്നിച്ചുവെന്ന് കുഞ്ഞാറ്റ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ജീവിതം ഒരു വട്ടം പൂർത്തിയാക്കിയതുപോലെ തോന്നുന്നുവെന്നും തന്റെ വലിയൊരു സ്വപ്നം യാഥാർത്ഥ്യമായതിൽ അതിയായ നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഉർവശിയുടേയും മനോജ് കെ. ജയന്റേയും മകളായ തേജലക്ഷ്മി. നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിലാണ് തേജലക്ഷ്മി നായികയാവുന്നത്. ഉർവശിക്കൊപ്പം ‘പാബ്ലോ പാർട്ടി’ എന്ന ചിത്രത്തിലും തേജലക്ഷ്മി അഭിനയിക്കുന്നുണ്ട്.
















