പ്രകൃതി ഭംഗിയും സാഹസികതയും ഒരുമിച്ച് ആസ്വദിക്കാൻ പറ്റിയ ഇടമാണ് ഉത്തരാഖണ്ഡ്. ലോകത്തിലെ തന്നെ പ്രശസ്ത ട്രെക്കിങ് പാതകൾ ഉത്തരാഖണ്ഡിൽ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ‘വാലി ഓഫ് ഫ്ലവേഴ്സ്’.
പുഷ്പവതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ താഴ്വര ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ നൂറുകണക്കിന് അപൂർവയിനം പൂക്കളാൽ മൂടപ്പെടും. തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്ന ഈ ട്രെക്ക്. മഞ്ഞുകാലത്ത് ട്രെക്കിങ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഇടമാണ് കേദാർകാന്ത.
സമുദ്രനിരപ്പിൽ നിന്ന് 12,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേദാർകാന്തയുടെ ഏറ്റവും മുകളില്‍ നിന്നുള്ള കാഴ്ചകള്‍ അതിമനോഹരമാണ്. പൈൻ മരങ്ങൾ നിറഞ്ഞ വനങ്ങളിലൂടെയുള്ള യാത്രയും മഞ്ഞുമൂടിയ മലനിരകളുടെ 360 ഡിഗ്രി കാഴ്ചയും കാണാം. നക്ഷത്രങ്ങൾ വിരിഞ്ഞുനിൽക്കുന്ന ആകാശത്തിന് താഴെ മലമുകളിൽ ടെന്റ് അടിച്ച് താമസിക്കാം.
സാഹസികതയും നിഗൂഢതയും ഇഷ്ടപ്പെടുന്നവർക്ക് രൂപ്കുണ്ഡ് ട്രെക്കിന് പോകാം. ‘മിസ്റ്ററി ലേക്ക്’ എന്ന് വിളിക്കപ്പെടുന്ന രൂപകുണ്ഡ് തടാകം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 16,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞുരുകുന്ന സമയത്ത് തടാകത്തിന്റെ അടിത്തട്ടിൽ കാണപ്പെടുന്ന നൂറുകണക്കിന് മനുഷ്യ അസ്ഥികൂടങ്ങളാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. കഠിനമായ പാതകളും കുത്തനെയുള്ള കയറ്റങ്ങളും ഉള്ളതുകൊണ്ട് തന്നെ, നല്ല ഫിറ്റ്നെസ് ഉണ്ടെങ്കില്‍ മാത്രമേ ഈ ട്രെക്ക് പൂർത്തിയാക്കാൻ സാധിക്കൂ.
ഉത്തരാഖണ്ഡിലെ ഗ്രാമീണ ഭംഗിയും പർവതനിരകളുടെ വിദൂര കാഴ്ചകളും ആസ്വദിക്കാൻ ആഗ്രഹമുള്ളവര്‍ക്ക് നാഗ് ടിബ്ബ ട്രെക്കിങ് തിരഞ്ഞെടുക്കാം. മസൂരിക്ക് വളരെ അടുത്തുള്ള ഈ ട്രെക്ക് പൂര്‍ത്തിയാക്കാന്‍ കുറഞ്ഞ സമയം മതി. അതേപോലെ, അധികം ആയാസമില്ലാതെ കയറാൻ സാധിക്കുന്നതുകൊണ്ട് കുടുംബത്തോടൊപ്പം ട്രെക്കിങ് നടത്തുന്നവർക്ക് ഇത് വളരെ അനുയോജ്യമാണ്.
ഹിമാലയൻ ജനതയുടെ തനതായ ജീവിതരീതികളും വാസ്തുവിദ്യയും നേരിട്ടറിയാൻ, ‘ഹർ കി ദൂൻ’ താഴ്വരയിലൂടെ ട്രെക്ക് ചെയ്യാം. ഹിമാലയൻ ഗ്രാമങ്ങളിലൂടെയുള്ള ഈ യാത്രയില്‍ പർവതങ്ങളുടെയും ഹിമാനികളുടെയും മനോഹരമായ ദൃശ്യങ്ങൾ കാണാം.
എപ്പോഴാണ് ട്രെക്കിങ്ങിന് നല്ല സമയം?
ഉത്തരാഖണ്ഡിൽ ട്രെക്കിങ്ങിനു പോകുമ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് അവിടുത്തെ കാലാവസ്ഥയാണ്. ഉത്തരാഖണ്ഡിലെ ട്രെക്കിങ് സീസണുകളെ പ്രധാനമായും രണ്ടായി തിരിക്കാം; വേനൽക്കാലവും മഞ്ഞുകാലവും.
മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളാണ് ഇവിടുത്തെ പ്രധാന വേനൽക്കാല ട്രെക്കിങ് സീസൺ. ശൈത്യകാലത്തെ കഠിനമായ മഞ്ഞുരുകി മലനിരകൾ പച്ചപ്പിലേക്ക് മാറുന്ന സമയമാണിത്. വാലി ഓഫ് ഫ്ലവേഴ്‌സ് പോലെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ ഈ സമയമാണ് നല്ലത്.
സെപ്റ്റംബർ പകുതി മുതൽ നവംബർ വരെയുള്ള പോസ്റ്റ്-മൺസൂൺ കാലയളവാണ് ട്രെക്കിങ്ങിനു പറ്റിയ മറ്റൊരു മികച്ച സമയം. മഴക്കാലം കഴിഞ്ഞ് ആകാശം തെളിയുന്ന ഈ സമയത്ത് പർവതനിരകൾക്ക് മനോഹാരിത കൂടും. മഞ്ഞുകാലം തുടങ്ങുന്നതിന് മുൻപുള്ള ഈ സമയത്ത് തണുപ്പ് അല്പം കൂടുതലായിരിക്കുമെങ്കിലും ട്രെക്കിങ് പാതകളിലൂടെയുള്ള യാത്ര വളരെ സുഖകരമായിരിക്കും.
സാഹസികത ഇഷ്ടപ്പെടുന്നവർക്കും മഞ്ഞിനെ പ്രണയിക്കുന്നവർക്കും ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മഞ്ഞുകാലം തിരഞ്ഞെടുക്കാം. കേദാർകാന്ത, കുവാരി പാസ് തുടങ്ങിയ സ്ഥലങ്ങൾ ഈ സമയത്ത് പൂർണമായും മഞ്ഞിൽ പുതഞ്ഞു കിടക്കുകയായിരിക്കും. തണുപ്പിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകൾ എടുത്ത ശേഷം മാത്രമേ ഈ സമയത്ത് യാത്ര ചെയ്യാവൂ.
എന്നാല്‍, ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള മഴക്കാലം ഉത്തരാഖണ്ഡിൽ ട്രെക്കിങ്ങിന് ഒട്ടും അനുയോജ്യമല്ല. ഉരുൾപൊട്ടലിനും മലയിടിച്ചിലിനും സാധ്യതയുള്ളതിനാൽ ഈ സമയത്തെ യാത്ര ഒഴിവാക്കുന്നതാണ് സുരക്ഷിതം.
















