നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് റെയിൽ മാർഗം നേരിട്ടെത്തുക എന്ന യാത്രക്കാരുടെ ദീർഘകാല സ്വപ്നം ഒടുവിൽ യാഥാർഥ്യമാകുന്നു. വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കുന്നതിനായി റെയിൽവേ ഗതിശക്തി വിഭാഗം ടെൻഡർ ക്ഷണിച്ചു.
7.56 കോടി രൂപ അടങ്കൽ തുക നിശ്ചയിച്ചിട്ടുള്ള പദ്ധതിക്കായി ഫെബ്രുവരി 5 വരെ കരാറുകൾ സമർപ്പിക്കാം. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒൻപത് മാസത്തിനുള്ളിൽ സ്റ്റേഷൻ സജ്ജമാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
റെയിൽ പാതയുടെ കിഴക്കുഭാഗത്ത് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഷൻ മന്ദിരമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇരുവശങ്ങളിലും 600 മീറ്റർ നീളമുള്ള പ്ലാറ്റ്‌ഫോമുകൾ, ഇവയെ ബന്ധിപ്പിക്കുന്ന ഫുട്ട് ഓവർ ബ്രിഡ്ജ്, ലിഫ്റ്റുകൾ, വിപുലമായ പാർക്കിങ് സൗകര്യം എന്നിവയും ആദ്യഘട്ടത്തിൽ പൂർത്തിയാക്കും.
സ്റ്റേഷനിൽ നിന്നും വിമാനത്താവളത്തിലേക്ക് യാത്രക്കാർക്ക് സുഗമമായി എത്തുന്നതിനായി വാക്കലേറ്ററുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ രണ്ടാം ഘട്ടത്തിൽ ഏർപ്പെടുത്താനും പദ്ധതിയുണ്ട്.
വർഷങ്ങളായി മുടങ്ങിക്കിടന്ന ഒരു പദ്ധതിക്കാണ് ഇപ്പോൾ പുതുജീവൻ ലഭിച്ചിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഇതിന് തറക്കല്ലിട്ടിരുന്നെങ്കിലും റെയിൽവേ ഗേറ്റ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രാദേശിക തർക്കങ്ങൾ കാരണം നിർമാണം നിലയ്ക്കുകയായിരുന്നു. പിന്നീട് കേന്ദ്രമന്ത്രി ജോർജ് കുര്യൻ നടത്തിയ ഇടപെടലുകളാണ് പദ്ധതിക്ക് വീണ്ടും അനുമതി ലഭിക്കാൻ കാരണമായത്.
വിവിധ ജില്ലകളിൽ നിന്ന് വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഇനി ട്രാഫിക് കുരുക്കുകളില്ലാതെ കൃത്യസമയത്ത് എയർപോർട്ടിൽ എത്താൻ ഈ സ്റ്റേഷൻ സഹായകമാകും.
വന്ദേ ഭാരത് ഉൾപ്പെടെയുള്ള പ്രീമിയം ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് ഉണ്ടായിരിക്കും. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് നേരത്തെ സ്ഥലം സന്ദർശിച്ചപ്പോൾ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
















