ആല്‍ത്തറ വിനീഷ് കൊലക്കേസിലെ പ്രതികളായ പെണ്‍ഗുണ്ട ശോഭാ ജോണിനെയും സംഘത്തെയും കോടതി വെറുതേ വിട്ടിരിക്കുന്നു. അപ്പോള്‍ ആല്‍ത്തറ വിനീഷിനെ കൊന്നത് ആരാണ് എന്നത് വലിയ ചോദ്യമായി മാറുകയാണ്. തലസ്ഥാന നഗരത്തിലെ പ്രധാന ഗുണ്ടാപ്പട്ടികയില്‍ ഇടംപിടിച്ചിരുന്ന ഗുണ്ടായയിരുന്നു ആല്‍ത്തറ വിനീഷ്. അയാളെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയതാണ്. അയാള്‍ കൊലചെയ്യപ്പെട്ടു എന്നതും വസ്തുതയാണ്. അയാളെ ഓടിച്ചിട്ട് വെട്ടിക്കൊന്നതാണെന്നും വസ്തുതയാണ്. പക്ഷെ, പ്രതികളാക്കപ്പെട്ട് വിചാരണ നേരിട്ടവരെല്ലാം കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതേ വിട്ടിരിക്കുന്നു. എങ്കില്‍, കുറ്റക്കാര്‍ ആരാണ്. ആല്‍ത്തറ വിനീഷിനെ കൊന്നതാരാണ് എന്നത് തെളിയിക്കേണ്ട പോലീസിന്റെ വീഴ്ചയോ.
2009 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുണ്ടാ നേതാവും നഗരത്തിലെ മുന്തിയ ഹോട്ടലുകള്‍, മണല്‍ ലോറികള്‍, ക്വാറി-മണ്ണ് മാഫിയ തുടങ്ങിയവരില്‍ നിന്നും ഗുണ്ടാ പിരിവ്, കൂലിത്തല്ല്, അടിപിടി തുടങ്ങി അനവധി കേസുകളിലെ പ്രതിയുമായിരുന്നു ആല്‍ത്തറ വിനീഷ്. ഇയാള്‍ തിരുവനന്തപുരം നഗരമധ്യത്തിലെ സിറ്റി പൊലീസ് കമീഷണറുടെ മുന്നില്‍ കോടതി ഉത്തരവിട്ട ജാമ്യവ്യവസ്ഥ പാലിക്കാനായി ഹാജരായി രജിസ്റ്ററില്‍ ഒപ്പിട്ട് പുറത്തിറങ്ങിയ ഉടന്‍ ശോഭാ ജോണിന്റെ ഗുണ്ടാ സംഘം വിനീഷിനെ പട്ടാപ്പകല്‍ പോലീസ് ആസ്ഥാനത്തിന് സമീപം വെച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. വെട്ടു കൊണ്ടോടിയ വിനീഷ് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥാനായിരുന്ന റാവുവിന്റെ കരിങ്കല്‍ മതില്‍ ചാടിക്കടന്നെങ്കിലും ഗുണ്ടകള്‍ സംഘം ചേര്‍ന്ന് വാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇത് പോലീസ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നതാണ്.
കമ്മീഷണറാഫീസിലെ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് വിനീഷിനെ സ്‌കെച്ച് ചെയ്ത് ശോഭാ ജോണിന് ഒറ്റിക്കൊടുത്ത് വിവരം കൈമാറിയതെന്ന് ആരോപണമുണ്ട്. കൊല്ലപ്പെടുന്നതിന് ആറു മാസം മുമ്പ് വിനീഷ് വെള്ളയമ്പലം ബുറാക്ക് ഹോട്ടലില്‍ ചെന്ന് ഗുണ്ടാപ്പിരിവ് ചോദിച്ചു. എന്നാല്‍ മുതലാളി സ്ഥലത്തില്ലെന്നും മുതലാളി പറയാതെ പണം തരാന്‍ പറ്റില്ലെന്നും കാഷ്യര്‍ അറിയിച്ച ഉടന്‍ വാള്‍ കൊണ്ട് വെട്ടി വിനീഷ് കാഷ്യറുടെ കൈക്ക് മാരകമായി പരിക്കേല്‍പ്പിച്ച് ക്യാഷ് കൗണ്ടറിലെ ക്യാഷ് ബോക്സില്‍ നിന്നും പണം പിടിച്ചു പറിച്ചു കൊണ്ടുപോയി. നഗരത്തിലെ സമ്പന്നരുടെ മക്കളെ സംഘത്തില്‍ ചേര്‍ത്ത് അവരെക്കൊണ്ട് കുറ്റകൃത്യങ്ങള്‍ ചെയ്യിച്ച് അവര്‍ക്ക് പുറത്തിറങ്ങാനാവാത്ത വിധം അവരെ തന്റെ വരുതിയില്‍ നിര്‍ത്തുന്നതില്‍ വിരുതനായിരുന്നു വിനീഷ്.
നഗരത്തില്‍ ശോഭാ ജോണ്‍’ നടത്തി വന്ന നക്ഷത്ര വേശ്യാലയം ഉള്‍പ്പെടെയുള്ള നിയമ വിരുദ്ധ ബിസിനസ്സില്‍ നിന്നും ഗുണ്ടാ പിരിവ് ചോദിച്ചതും ശോഭയുടെ നിലവിലെ ഭര്‍ത്താവ് കേപ്പന്‍ അനിയുടെ സഹോദരനെ കൊലപ്പെടുത്തിയതില്‍ വിനീഷ് പ്രധാന പങ്കു വഹിച്ചതിലും നഗരത്തിലെ പ്രബല ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും ബിസിനസ് വൈരാഗ്യവുമാണ് വിനീഷിന്റെ കൊലയ്ക്ക് കാരണമായി എന്നുമായിരുന്നു പ്രോസിക്യൂഷന്‍ കേസ്. തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ വിചാരണ ചെയ്തത്. ഈ കേസിന്റെ വിചാരണ ഇടയ്ക്ക് തടസ്സപ്പെട്ടിരുന്നു. 2010ല്‍ കേസ് റെക്കോര്‍ഡുകള്‍ കമ്മിറ്റ് ചെയ്ത് വിചാരണക്കോടതിക്ക് അയച്ചെങ്കിലും മജിസ്ട്രേട്ട് കോടതിയിലെ അന്നത്തെ ജൂനിയര്‍ സൂപ്രണ്ട് തൊണ്ടിമുതലുകള്‍ അയച്ചിരുന്നില്ല. തൊണ്ടിമുതലുകള്‍ ഹാജരാക്കാന്‍ ഒരു മാസം സമയം വേണമെന്ന് ജൂനിയര്‍ സൂപ്രണ്ട് സെഷന്‍സ് കോടതിയില്‍ അപേക്ഷാ കത്ത് സമര്‍പ്പിച്ചു.
അപേക്ഷ പ്രകാരം സമയം അനുവദിച്ച സെഷന്‍സ് ജഡ്ജി തൊണ്ടിമുതലുകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു. കേസ് വിചാരണ ഷെഡ്യൂള്‍ ചെയ്യാനിരിക്കെയാണ് നിര്‍ണ്ണായക തൊണ്ടി മുതലുകള്‍ മിസ്സിങ് ആയ വിവരം വിചാരണ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. മൂന്നാം പ്രതിയും സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലെ ആദ്യ വനിതാ ഗുണ്ടയുമായ ശോഭാ ജോണ്‍ അടക്കം എട്ടു പ്രതികളെ വിചാരണ ചെയ്യാനായി വിചാരണ തീയതി കോടതി ഷെഡ്യൂള്‍ ചെയ്യാനിരിക്കെയാണ് തൊണ്ടി മുതലുകളും രേഖകളും പരിശോധിച്ച് ഉറപ്പു വരുത്താന്‍ വിചാരണ കോടതി ഓഫീസിനോട് നിര്‍ദ്ദേശിച്ചത്. അപ്രകാരം നടത്തിയ പരിശോധനയിലാണ് കമ്മിറ്റല്‍ കോടതിയായ മജിസ്ട്രേട്ട് കോടതിയില്‍ നിന്നും തൊണ്ടി മുതലുകള്‍ മാത്രം വിചാരണക്കോടതിയില്‍ എത്താത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
തന്നെ വിചാരണ കൂടാതെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ശോഭ ജോണ്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് വിചാരണ കോടതി പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തിയത്. 2010ല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച് 10 വര്‍ഷം പിന്നിട്ട ശേഷം 2020 ല്‍ യാതൊരു ഉദ്ദേശ്യ ശുദ്ധിയുമില്ലാതെ വിടുതല്‍ ഹര്‍ജിയുമായി എത്തിയത് വൈകി വന്ന വിവേകമാണോയെന്ന് കോടതി നിരീക്ഷണം നടത്തി. ശോഭാ ജോണും കേപ്പന്‍ അനിയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് ബംഗ്ളുരുവിലടക്കം പെണ്‍വാണിഭം നടത്തിയ ആലുവ വരാപ്പുഴ – വടക്കന്‍ പറവൂര്‍ പീഡന കേസില്‍ 18 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ശിക്ഷാ തടവു പുള്ളികളായി നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരവെ അപ്പീല്‍ ജാമ്യത്തില്‍ കഴിഞ്ഞു വരികയായിരുന്നു ഇവര്‍.
ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 227 പ്രകാരമുള്ള വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് വകുപ്പ് 228 പ്രകാരം കുറ്റം ചുമത്തിയത്. പ്രതികള്‍ കൃത്യം ചെയ്തതായി പ്രഥമദൃഷ്ട്യാ അനുമാനിക്കാവുന്ന തെളിവുകള്‍ കോടതി മുമ്പാകെ ഉള്ളതായി ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തിയത്. 2015 മാര്‍ച്ച് 27 ന് വിചാരണ തുടങ്ങാനായി കോടതി കുറ്റം ചുമത്താനിരിക്കെ നാലാം പ്രതി ചന്ദ്രബോസും അഞ്ചാം പ്രതി അറപ്പു രതീഷും കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയി. തുടര്‍ന്ന് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുത്തരവ് നടപ്പിലാക്കി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി വന്ന കാലതാമസമാണ് വിചാരണ ആരംഭിക്കല്‍ വൈകിപ്പിച്ചത്. തുടര്‍ന്നാണ് ശോഭ വിടുതല്‍ ഹര്‍ജിയെന്ന അടവു തന്ത്രം പയറ്റിയത്.
എന്നാല്‍, 2026 ആയതോടെ ആല്‍ത്തറ വിനീഷ് കൊലക്കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതേ വിടുകയായിരുന്നു. കേസിന്റെ വിശദാംശങ്ങള്‍ പുറത്തു വരുമ്പോള്‍ മാത്രമേ എന്തുക1ണ്ടാണ് കോടതി ഈ തീരുമാനത്തില്‍ എത്തിയതെന്ന് മനസ്സിലാക്കാന്‍ കഴിയൂ. അപ്പോഴും ഒരു ചോദ്യം ബാക്കിയാകുന്നു. ആല്‍ത്തറ വിനീഷിനെ കൊന്നതാര്.
ശോഭാ ജോണ്‍ എന്ന പെണ്‍ഗുണ്ട
ആല്‍ത്തറ വിനീഷ് കൊലക്കേസില്‍ വെരുതേ വിട്ടെങ്കിലും ശോഭാജോണിനെതിരേ നിരവധി കേസുകള്‍ ഇപ്പോഴുമുണ്ട്. വരാപ്പുഴ പെണ്‍വാണിഭ കേസിലെ പ്രതികൂടിയാണ് ശോഭാ ജോണ്‍. കേരള പൊലീസിന്റെ വനിതാ ഗുണ്ടാ ലിസ്റ്റിലെ ഒന്നാം പേരുകാരിയും അനവധി ക്രിമിനല്‍ കേസിലെ പ്രതിയുമായ ശോഭാ ജോണ്‍, കൂട്ടാളിയും നിലവിലെ ഭര്‍ത്താവുമായ ശാസ്തമംഗലം പാങ്ങോട് കൂട്ടാംവിള തച്ചങ്കരി വീട്ടില്‍ കേപ്പന്‍ അനിയെന്ന അനില്‍കുമാര്‍, ശാസ്തമംഗലം സ്വദേശി പൂക്കട രാജന്‍ എന്ന ടി. രാജേന്ദ്രന്‍, ചന്ദ്ര ബോസ്, അറപ്പു രതീഷ് എന്ന രതീഷ്, സജു, വിമല്‍, രാധാകൃഷ്ണന്‍ എന്നിവരാണ് വിനീഷ് കൊലക്കേസിലെ ഒന്നു മുതല്‍ എട്ടു വരെയുള്ള പ്രതികള്‍. വരാപ്പുഴ പീഡനക്കേസില്‍ മുഖ്യപ്രതിയും ഇടനിലക്കാരിയുമായ ശോഭാ ജോണിന് 18 വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചിരിക്കുന്നത്.
കേരളത്തില്‍ ആദ്യമായി ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രീയാണ് ശോഭാ. സിനിമാകഥകളെ വെല്ലുന്ന കുറ്റകൃത്യങ്ങളാണ് ശോഭയുടേത്. ഗുണ്ടാസംഘങ്ങള്‍ വരെ ശോഭയ്ക്ക് ഉണ്ടായിരുന്നു. മുപ്പതിലേറെ കേസുകളാണ് ശോഭയുടെ പേരിലുള്ളത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയാണ് ശോഭ. കുറഞ്ഞ വര്‍ഷങ്ങള്‍കൊണ്ട് പെണ്‍വാണിഭം, കൊലപാതകം, ഗൂഢാലോചന ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായി അവര്‍. ബ്ലേഡുകാരിയായാണ് ആദ്യ രംഗപ്രവേശം. ബ്ലേഡ് ഇടപാടുകളില്‍ ഗുണ്ടകളുമായി കൂട്ടുപിടിച്ച ശോഭ ഗുണ്ടാ സംഘത്തിന്റെ തന്നെ തലൈവി ആകുകയായിരുന്നു. 2006 ജൂലൈ 23 നാണ് കണ്ഠരര് മോഹനരെ കുടുക്കിയ ഫ്‌ളാറ്റ് ബ്ലാക്ക് മെയിലിംഗ് കേസ് അരങ്ങേറുന്നത്.
കത്തിയും കളിത്തോക്കും കാണിച്ചാണ് തന്ത്രിയെ കുടുക്കിയത്. മോഹനരെയും സ്ത്രീയേയും നഗനരാക്കി ഫോട്ടോയെടുക്കുകയും അവ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഏഴ് വര്‍ഷം കഠിന തടവാണ് 2012ല്‍ കോടതി കേസില്‍ ശോഭയ്ക്കും കൂട്ടാളികള്‍ക്കും വിധിച്ചത്. 2011 ജൂലൈ മൂന്നിന് ശോഭയുടെ പേരില്‍ വാരാപ്പുഴയില്‍ വാടകയ്ക്കെടുത്ത ഫ്‌ളാറ്റില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതാണ് ശോഭയെ എന്നന്നേക്കുമായി പൂട്ടിയത്. പോലീസ് ആദ്യം അനാശാസ്യത്തിന് കേസെടുത്തെങ്കിലും പിന്നീട് പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെ ശോഭയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ പെണ്‍വാണിഭക്കുറ്റം കൂടി റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയെ വാങ്ങുകയും വില്‍ക്കുകയും ചെയ്തു എന്ന കേസിലാണ് ശോഭ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. 30 ലേറെ കേസുകളാണ് ശോഭയ്ക്കെതിരെ പോലീസ് റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആരാണ് ശോഭ ജോണ്‍? കേരളം പലപ്പോഴും ചോദിച്ച ചോദ്യമാണത്. ചെറുപ്രായത്തില്‍ വിവാഹം കഴിഞ്ഞ്, വീട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും എല്ലാം പ്രിയങ്കരിയായിരുന്ന ഒരു ശോഭ ജോണും ചരിത്രത്തില്‍ ഉണ്ട്. ചെറുപ്രായത്തില്‍ വിവാഹം ചെറുപ്രായത്തില്‍ തന്നെ വിവാഹിതയായിരുന്നു ശോഭ ജോണ്‍. അതുവരെ വീട്ടുകാര്‍ക്കും അയല്‍ വാസികള്‍ക്കും എല്ലാം ഏറെ പ്രിയപ്പെട്ടവള്‍ ആയിരുന്നു. പിന്നീടാണ് കഥകള്‍ മാറി മറിയുന്നത്.
അനാശാസ്യത്തിന് പിടിയില്‍ വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ നാട്ടില്‍ ആയിരുന്നു ശോഭ. എന്നാല്‍ ആയിടക്കാണ് അനാശാസ്യ കേസില്‍ ശോഭ അറസ്റ്റിലാകുന്നത്. അതോടെ വീടുമായുള്ള ബന്ധം ഏതാണ്ട് ഉപേക്ഷിച്ച മട്ടായി. സ്വന്തമായി ഗുണ്ടാസംഘം അതിന് ശേഷം ശോഭ ജോണ്‍ എന്ന പെണ്‍ഗുണ്ടയുടെ വളര്‍ച്ചയുടെ കാലമായിരുന്നു. കൊച്ചിയില്‍ സ്വന്തമായി ഒരു ഗുണ്ടാസംഘം തന്നെ ശോഭ ജോണ്‍ കെട്ടിപ്പടുത്തു. ക്വട്ടേഷനുകള്‍ ഏറ്റെടുത്തു. ഗുണ്ടാ സംഘങ്ങളെ നിയന്ത്രിച്ച് മുന്നോട്ട് പോയി. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ക്വട്ടേഷനുകളിലുടെ ലഭിച്ച പണം ആഡംബരജീവിതത്തിനും ശോഭ ഉപയോഗിച്ചു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ആയിരുന്നു പലപ്പോഴും താമസം. സഞ്ചാരം ആഡംബര വാഹനങ്ങളിലും. പെണ്‍വാണിഭവും തുടങ്ങി ഇതിനിടയില്‍ സ്വന്തമായി ഒരു പെണ്‍വാണിഭ സംഘത്തേയും സൃഷ്ടിച്ചു ശോഭ ജോണ്‍. അങ്ങനെയാണ് വരാപ്പുഴ കേസില്‍ പെടുന്നത്. 16 തികയാത്ത പെണ്‍കുട്ടിയെ നൂറിലേറെ പേര്‍ക്കാണ് ശോഭ ജോണും സംഘവും കാഴ്ചവച്ചത്. ഗുണ്ടാ കേസിലെ ആദ്യത്തെ സ്ത്രീ വരാപ്പുഴ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശോഭ ജോണിനെ ഗുണ്ട നിയമ പ്രകാരം ആണ് അറസ്റ്റ് ചെയ്തത്.
ഗുണ്ടകളെന്ന് കേള്‍ക്കുമ്പോഴേ മനസ്സില്‍ തെളിയുന്ന സിക്സ് പാക്ക് വില്ലന്മാരൊക്കെ സിനിമയുടെ മായാലോകത്തെ പരുക്കന്മാര്‍ മാത്രം. യഥാര്‍ഥ ജീവിതത്തില്‍, കഥയങ്ങനെയാകണമെന്നില്ല. കുപ്രസിദ്ധരായ പല ഗൂണ്ടകളും, പൊതുജനസങ്കല്‍പ്പത്തിന്റെ ഏഴയലത്ത് പോലും വരില്ല. ചില ഗൂണ്ടകള്‍ പഠിപ്പില്‍ നല്ല മിടുക്കരും, മോഡലിംഗില്‍ സാമര്‍ഥ്യം തെളിയിച്ചവരുമാണ്. ഓംപ്രകാശ്, തമ്മനം ഷാജി, കുണ്ടന്നൂര്‍ തമ്പി, ഭായ് നസീര്‍, മരട് അനീഷ് എന്നിങ്ങനെ പുരുഷ ഗൂണ്ടകളുടെ നീണ്ട പട്ടിക കേട്ട് പരിചയിച്ച മലയാളികള്‍ ആദ്യമായി ഒരു വനിതാഗുണ്ടയെ ജീവനോടെ കാണുന്നത് 2006 ലാണ്. ശോഭാ ജോണ്‍. ബോണി പാര്‍ക്കര്‍, പാറ്റി ഹേള്‍്സറ്റ്, സ്റ്റേസി കാസ്റ്റര്‍( ബ്ലാക് വിഡോ) എന്നിങ്ങനെ പലനാടുകളെ വിറപ്പിച്ച കുപ്രസിദ്ധ വനിതാഗൂണ്ടകളെ കേട്ടിട്ടുള്ളവര്‍് അങ്ങനെയൊന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ രൂപമെടുക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല. സംസ്ഥാനത്ത് ആദ്യമായി ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രീ ശോഭാ ജോണാണാണ്. സ്വന്തമായി ഗുണ്ടാ സംഘം വരെയുള്ള ശോഭ നയിച്ചിരുന്നത് സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളെപോലും വെല്ലുന്ന ജീവിതം.
ആല്‍ത്തറ വിനീഷിനെ കേപ്പന്‍ അനിയും സംഘവും കൊലപ്പെടുത്തിയത് രണ്ടുനാള്‍ പിന്‍തുടര്‍ന്നശേഷമാണ്. കൊലപാതക സംഘത്തിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തത് ശോഭാ ജോണായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്. ആല്‍ത്തറ വിനീഷ് ജാമ്യത്തിലിറങ്ങിയതു മുതല്‍ ഇവര്‍ തിരിച്ചടിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതിനുവേണ്ടി ശോഭ തന്റെ ഡ്രൈവറുടെ പേരില്‍ ഒരു കാര്‍ തന്നെ വാങ്ങുകയായിരുന്നു. മാരകായുധങ്ങളുമായി ഇവര്‍ വിനീഷിനെ പിന്‍തുടര്‍ന്നു. എപ്പോഴും മദ്യലഹരിയില്‍ ആരെയും നിഷ്പ്രയാസം നേരിടുന്ന വിനീഷിനെ പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങുമ്പോള്‍ കൊലപ്പെടുത്താമെന്ന ആശയം നല്‍കിയത് ‘ഊളന്‍ ഷിബു’ എന്ന മറ്റൊരു ഗുണ്ടയായിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ സഹായിച്ചത് ‘അറപ്പ് രതീഷ്’ എന്ന മറ്റൊരു ഗുണ്ടയുടെ ഡ്രൈവിങ്ങിലെ കഴിവും. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന വിനീഷിനെ കാറിടിച്ച് വീഴ്ത്തി മുഖത്ത് മുളകുപൊടി വിതറിയ ശേഷമാണ് വെട്ടിയത്.
‘പൊതുജനം ഗുണ്ടകളുടെ കാരുണ്യത്തിന് കീഴില്‍ കഴിയേണ്ട അവസ്ഥ നാട്ടിലുണ്ടാകരുത്. നിയമമനുസരിച്ച് ജീവിക്കുന്നവരുടെ സുരക്ഷയ്ക്കാണ് കോടതികളും പൊലീസും പരിഗണന നല്‍കേണ്ടത്” – ആല്‍ത്തറ വിനീഷ് കേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. ടി. ശങ്കരന്‍ പറഞ്ഞ വാക്കുകള്‍ ശോഭാ ജോണിനും സംഘത്തിനും മാത്രമല്ല, സംസ്ഥാന പൊലീസിന് കൂടിയുള്ള മുന്നറിയിപ്പായിരുന്നു അന്ന്. പക്ഷെ ഇന്ന് ആ പ്രതികളെല്ലാം നിരപരാധികളായിരിക്കു്‌നനു. ഥെലിവുകളുടെ അഭാവത്തിലോ സാക്ഷികള്‍ ഇല്ലാത്തതു കൊണ്ടോ ഒക്കെ.
CONTENT HIGH LIGHTS; When female goon Shobha John and his gang are left alone: Who killed Altara Vineesh?
















