ജീവിതം ഒരു വലിയ പാഠപുസ്തകമാണ്. ആ പുസ്തകത്തിലെ ഓരോ താളും നമുക്ക് സമ്മാനിക്കുന്നത് വിലമതിക്കാനാവാത്ത പാഠങ്ങളാണ്. ജീവിതം പഠിപ്പിക്കുന്ന ആ വലിയ പാഠങ്ങളെ നെഞ്ചോടു ചേർത്ത്, തളരാതെ മുന്നോട്ടു പോകാൻ കഴിയുന്നിടത്താണ് ഒരാളുടെ വിജയം ആരംഭിക്കുന്നത്. പലപ്പോഴും സാഹചര്യങ്ങൾ നമ്മളെ തളർത്താൻ ശ്രമിച്ചേക്കാം, തകർത്തെറിയാൻ നോക്കിയേക്കാം. എന്നാൽ വീണയിടത്തുനിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ചിറകടിച്ചുയരാൻ എത്രപേർക്ക് സാധിക്കും?
മിക്ക ആളുകളും ജീവിതത്തിൽ ചെറിയൊരു തിരിച്ചടിയുണ്ടാകുമ്പോഴേക്കും മടുത്ത് പിന്മാറുന്നവരാണ്. വീണ്ടും ശ്രമിക്കാൻ അവർക്ക് ഭയമാണ്. എന്നാൽ പരാജയങ്ങളാണ് പലരെയും വിജയത്തിന്റെ കൊടുമുടിയിൽ എത്തിച്ചിട്ടുള്ളതെന്ന് നമ്മൾ മറന്നുപോകുന്നു. ആരും ജനിക്കുമ്പോൾ തന്നെ എല്ലാം നേടുന്നില്ല.
കടുത്ത പരാജയങ്ങളും, കണ്ണ് നനയിക്കുന്ന സങ്കടങ്ങളും, പ്രതിസന്ധികളുടെ നിരവധി കടമ്പകളും കടന്നുവരുന്നവർക്കേ ജീവിതത്തിൽ എന്തെങ്കിലും ആയിത്തീരാൻ സാധിക്കൂ. അത്തരത്തിൽ പരാജയത്തിന്റെ ചാരക്കൂമ്പാരത്തിൽ നിന്ന് പറന്നുയർന്ന ഒരു ഫീനിക്സ് പക്ഷിയാണ് സീമ ബൻസാൽ.
സീമയ്ക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് ആ തണൽമരം വീണുപോയത്. അച്ഛന്റെ മരണം ആ കുടുംബത്തെ കൊടും ദാരിദ്ര്യത്തിലേക്കാണ് തള്ളിയിട്ടത്. അന്ത്യകർമ്മങ്ങൾ ചെയ്യാൻ പോലും പണമില്ലാതെ പകച്ചുനിന്ന നിമിഷം. ഒടുവിൽ, ആ അമ്മ തന്റെ വീട്ടിലെ സീലിംഗ് ഫാൻ 170 രൂപയ്ക്ക് വിറ്റാണ് ആ ചടങ്ങുകൾ പൂർത്തിയാക്കിയത്.
അന്ന് ആ കുഞ്ഞു മനസ്സ് ദാരിദ്ര്യം എന്താണെന്ന് തിരിച്ചറിഞ്ഞു. പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് ഫീസടയ്ക്കാൻ കഴിയാത്തതിനാൽ സർക്കാർ സ്കൂളിലേക്ക് മാറേണ്ടി വന്നപ്പോഴും, സുഹൃത്തുക്കളില്ലാതെ ഒറ്റപ്പെട്ടപ്പോഴും സീമ തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. നന്നായി പേടിച്ചു മുന്നോട്ട് പോയി.
പിന്നീട് മുംബൈയിലെ കത്തുന്ന ചൂടിൽ ഒരു ടിൻ ഷെഡിനുള്ളിൽ സഹോദരനൊപ്പം താമസിച്ച് പഠിച്ചു. ആ കഠിനാധ്വാനം സീമയെ ലണ്ടനിലെ ഒരു ഐടി കമ്പനിയിൽ എത്തിച്ചു. അവിടെ വെച്ച് സുരേഷിനെ കണ്ടുമുട്ടുകയും അവർ വിവാഹിതരാവുകയും ചെയ്തു. പിന്നീട് അമേരിക്കയിലെ വാൾസ്ട്രീറ്റിൽ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തു.
എന്നാൽ വിധി വീണ്ടും അവരെ പരീക്ഷിച്ചു. ബിസിനസ്സിൽ വലിയ തകർച്ചയുണ്ടായി. കൈവശമുണ്ടായിരുന്ന സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട്, ശൂന്യമായ കൈകളുമായി അവർക്ക് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നു. എല്ലാം നഷ്ടപ്പെട്ടവർ സാധാരണ തളർന്നു പോകാറുണ്ട്, എന്നാൽ സീമ അവിടെയാണ് തന്റെ പുതിയ ജീവിതം ആരംഭിച്ചത്.
ലണ്ടനിൽ താമസിച്ചിരുന്ന കാലത്ത് വീട്ടിൽ വരാറുണ്ടായിരുന്ന ഒരു പാക്കേജിംഗ് കാറ്റലോഗ് സീമയുടെ മനസ്സിൽ ഒരു കനലായി അവശേഷിച്ചിരുന്നു. “എന്തുകൊണ്ട് ഇന്ത്യയിൽ ഇതൊരു ബിസിനസ്സായി ചെയ്തുകൂടാ?” എന്ന ചിന്ത ഒരു വെബ്സൈറ്റിലേക്കും, തുടർന്ന് ‘ഡിസിജി പാക്സ്’ (DCG Packs) എന്ന സ്ഥാപനത്തിലേക്കും വളർന്നു.
സ്വന്തം വീട്ടിലെ ഒരു ചെറിയ മേശപ്പുറത്ത് ഇരുന്നാണ് സീമ ഈ സ്വപ്നം നെയ്തെടുത്തത്. ആദ്യത്തെ ഉപഭോക്താവിൽ നിന്ന് ലഭിച്ച 4000 പാക്കേജുകളുടെ ഓർഡർ സീമയുടെ കണ്ണുകളിൽ നനവും ഉള്ളിൽ പുതിയൊരു ഊർജ്ജവും നിറച്ചു.
പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ബ്ലിങ്കിറ്റ് പോലുള്ള വമ്പൻ കമ്പനികൾ അവരുടെ സ്ഥിരം ഉപഭോക്താക്കളായി. കോവിഡ് കാലത്ത് ലോകം മുഴുവൻ അടച്ചിട്ടപ്പോൾ, അത്യാവശ്യ മരുന്നുകളും ഉപകരണങ്ങളും എത്തിക്കാൻ പാക്കേജിംഗ് അത്യാവശ്യമായി വന്നു. പ്രതിസന്ധിയെ അവസരമാക്കി മാറ്റിയ സീമയുടെ ബിസിനസ്സ് ഇന്ന് 157 കോടി രൂപ വിറ്റുവരവുള്ള ‘ഡിസിജി ടെക് ലിമിറ്റഡ്’ എന്ന വൻകിട കമ്പനിയായി വളർന്നു കഴിഞ്ഞു. ഡൽഹി മുതൽ ദുബായ് വരെ നീളുന്ന ശാഖകൾ ഇന്ന് അവരുടെ വിജയഗാഥ വിളിച്ചുപറയുന്നു.
ഇന്ന് സീമയുടെ സ്ഥാപനത്തിലെ ജീവനക്കാരിൽ 40 ശതമാനവും സ്ത്രീകളാണ്. താൻ അനുഭവിച്ച കഷ്ടപ്പാടുകൾ മറ്റാർക്കും ഉണ്ടാകരുത് എന്ന നിർബന്ധം അവർക്കുണ്ട്. “വിജയം എന്നത് ഭാഗ്യമല്ല, പരാജയങ്ങളെ അംഗീകരിക്കാനും അതിൽ നിന്ന് പഠിച്ച് മുന്നോട്ട് പോകാനുമുള്ള കഴിവാണെന്ന്” സീമ ബൻസാൽ തന്റെ ജീവിതത്തിലൂടെ നമുക്ക് കാട്ടിത്തരുന്നു. ആ വീടിന്റെ മേൽക്കൂരയിൽ നിന്ന് അന്ന് അഴിച്ചുമാറ്റപ്പെട്ട സീലിംഗ് ഫാനിന് പകരം, ഇന്ന് ആയിരക്കണക്കിന് കുടുംബങ്ങൾക്ക് തണലേകുന്ന ഒരു വൻമരമായി സീമ വളർന്നു കഴിഞ്ഞു.
















