സർക്കാർ വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്ന ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാർ സുരക്ഷിതരായി നാട്ടിലെത്തി. രണ്ട് വിമാനങ്ങളിലായാണ് ആദ്യ സംഘം ഡൽഹി വിമാനത്താവളത്തിലിറങ്ങിയത്.
സ്വന്തം നിലയിലാണ് ഇന്ത്യൻ പൗരന്മാർ തിരിച്ചെത്തിയത്. ഇതിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾ ആണെന്നെന്ന് എന്നാണ് വിവരം. പതിവ് ഷെഡ്യൂൾ ചെയ്തിട്ടുള്ള വിമാന സർവീസുകളിലാണ് മടങ്ങിയെത്തിയത്.
ഇറാനിലെ ഇന്ത്യൻ പൗരന്മാരോട് ഇറാൻ വിടണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു. ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നുമായിരുന്നു നിർദേശം. സംഘർഷം നടക്കുന്ന മേഖലകൾ ഒഴിവാക്കി വേണം യാത്ര ചെയ്യാനെന്നും പൗരന്മാരോട് എംബസി നിർദേശിച്ചിരുന്നു.
















