ദിവസങ്ങള്‍ കഴിയുന്തോറും പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ കൂടുതല്‍ രൂക്ഷമായി മാറുകയാണ്. ഓരോ മണിക്കൂറിലും മാറുന്ന യുദ്ധ സാഹചര്യം. ഇറാനും അമേരിക്കയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം എപ്പോള്‍ വേണമെങ്കിലും മുന്നറിയിപ്പുകള്‍ ഇല്ലാതെ തുടങ്ങാനുള്ള തയ്യാറെടുപ്പുകള്‍. രാജ്യങ്ങള്‍ അവരുടെ പൗരന്‍മാരെ ഇറാനില്‍ നിന്നും ഒഴിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇറാന്‍ അമേരിക്കയെ ആക്രമിക്കുകയല്ല, അമേരിക്ക ഇറാനെയാണ് ആക്രമിക്കാനൊരുങ്ങുന്നത്. അതുകണ്ടു തന്നെ ആക്രമണത്തിനെത്തുന്നവരെ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനുമാണ് ഇറാന്‍ തയ്യാറെടുക്കുന്നത്. ആദ്യം യുദ്ധത്തിന് തുടക്കം കുറിക്കുന്നത് ആരായിരിക്കുമെന്ന് മുന്‍കൂട്ടി അറിയാവുന്നതു കൊണ്ട്, എപ്പോള്‍ തുടങ്ങുമെന്നു മാത്രമാണ് ലോകം കാത്തിരിക്കുന്നത്.
പക്ഷെ, അമേരിക്കയുടെ കണക്കു കൂട്ടലുകള്‍ക്ക് പിഴവു സംഭവിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍. കാരണം, ഇറാനെ സഹായിക്കുന്നതും പിന്‍ബലം പ്രഖ്യാപിച്ചിരിക്കുന്നതും റഷ്യയും ചൈനയുമാണ്. സഖ്യ കക്ഷികള്‍ സംയുക്തമായി പോരാടിയാലും ഈ ത്രയത്തിനൊപ്പം പിടിച്ചു നില്‍ക്കാനാവുമോ എന്നത് കണ്ടറിയണം. അപ്പോഴും ഇറാന്‍ ആത്മവിശ്വാസത്തോടെ പറയുകയാണ്. തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെങ്കില്‍ വേണ്ടി വന്നാല്‍ അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ വരെ തയ്യാറാകുമെന്ന്. ലോകത്ത് ഒരു രാജ്യവും നടത്താത്ത വെല്ലുവിളിയാണിപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന് എതിരെ ഇറാന്‍ മുഴക്കിയിരിക്കുന്നത്.
2024ല്‍ പെന്‍സില്‍വാനിയയില്‍ നടന്ന ഒരു പ്രചാരണ റാലിയില്‍, ഡോണള്‍ഡ് ട്രമ്പിനെ വധിക്കാന്‍ ശ്രമിച്ചതിന്റെ പ്രകോപനപരമായ ചിത്രം സംപ്രേഷണം ചെയ്തുകൊണ്ട്, ഇത്തവണ ബുള്ളറ്റ് മിസ് ചെയ്യില്ല എന്നാണ് ഇറാന്‍ സ്റ്റേറ്റ് ടി.വി അമേരിക്കന്‍ പ്രസിഡന്റിനു നേരെ നേരിട്ട്’ ഭീഷണി മുഴക്കിയിരിക്കുന്നത്. ലോക രാജ്യങ്ങളെ മാത്രമല്ല, അമേരിക്കന്‍ ഉന്നതരെയും ഞെട്ടിച്ച പ്രകോപനമാണിത്. ഇറാനിലെ ”പ്രതിഷേധക്കാരെ കൊല്ലുന്നത്” നിര്‍ത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഇറാന് മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ്, മുന്‍പ് നടന്ന ട്രമ്പനെതിരായ വധശ്രമത്തിന്റെ ചിത്രങ്ങള്‍ ഇറാനിയന്‍ സ്റ്റേറ്റ് ടിവിയില്‍ സംപ്രേഷണം ചെയ്തത്, ”അവിടെ അദ്ദേഹം വെടിയുണ്ട തട്ടിമാറ്റി, അത് അദ്ദേഹത്തിന്റെ ചെവിക്ക് തൊട്ടുസമീപത്തു കൂടി കടന്നുപോയി.
എന്നാല്‍, തങ്ങള്‍ ഉന്നംവച്ചാല്‍ തെറ്റില്ല എന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ ഈ ഔദ്യോഗിക വാര്‍ത്താ ചാനലിന്റെ ദൃശ്യങ്ങളില്‍, രക്തം ചിതറുന്ന ട്രമ്പിന്റെ ചെവിക്ക് സമീപം സുരക്ഷാ ഏജന്റുമാര്‍ വലയം ചെയ്തിരിക്കുന്ന ഫോട്ടോയും കൊടുത്തിട്ടുണ്ട്. ഇതിന് ഒപ്പമാണ് ”ഇത്തവണ അത് ലക്ഷ്യം തെറ്റില്ല” എന്ന് പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതിയ ഒരു മുന്നറിയിപ്പുള്ളത്. ‘ബുള്ളറ്റ് മിസ് ചെയ്യില്ല’ എന്ന ഞെട്ടിക്കുന്ന സന്ദേശം ഇറാന്‍ ഔദ്യോഗിക ടിവിയില്‍ സംപ്രേഷണം ചെയ്തതിന് ശേഷമാണ് ഇറാന് എതിരായി കഴിഞ്ഞ ദിവസം രാത്രി നടത്താന്‍ നിശ്ചയിച്ച ആക്രമണത്തില്‍ നിന്നും താല്‍ക്കാലികമായാണെങ്കില്‍ പോലും അമേരിക്ക പിന്‍വാങ്ങിയത്.
ഇറാന് എതിരായ ഏതൊരു സൈനിക നടപടിയും അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും വന്‍ തിരിച്ചടിയുണ്ടാക്കുമെന്ന തിരിച്ചറിവും ഇതിന് പിന്നിലുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും പ്രധാന സൈനിക ശക്തിയായ ഇറാനെ ആകമിക്കുന്നത് ആരായാലും പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പ് നല്‍കിയത് റഷ്യയാണ്. അവരുടെ തന്ത്രപ്രധാന ഇന്റലിജന്‍സ് വിവരങ്ങള്‍ ഇറാന് കൈമാറി തുടങ്ങിയതും അമേരിക്കയെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ ഇന്റലിജന്‍സ് വിവരങ്ങളും, ടെക്‌നോളജിയും ഇറാന് ലഭ്യമാകുന്നത് അമേരിക്കന്‍ യുദ്ധകപ്പലുകള്‍ക്കും, സൈനിക താവളങ്ങള്‍ക്കും നേരെ കൃത്യതയാര്‍ന്ന ആക്രമണം നടത്താന്‍ ഇറാനെ പര്യാപ്തമാക്കും.
ഇറാന്റെ മിസൈല്‍ കരുത്തും, റഷ്യന്‍ സങ്കേതികതയും ചേര്‍ന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരിക്കും അമേരിക്കയും അവരുടെ സഖ്യകക്ഷികളും ഏറ്റുവാങ്ങുക. വൈകിയാണെങ്കിലും അമേരിക്കയും തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിക്കുമെന്ന്, ഖത്തറിനും, സൗദി അറേബ്യയ്ക്കും ഉള്‍പ്പെടെ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതോടെ തങ്ങളുടെ മണ്ണ് ഇറാന് എതിരായ ആക്രമണത്തിന് ഉപയോഗിക്കരുതെന്ന് ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാന് എതിരെ കരുക്കള്‍ നീക്കുന്ന ഇസ്രയേലിനെയും ഇറാന്‍ നോട്ടമിട്ടിട്ടുണ്ട്. ഇസ്രയേലും അമേരിക്കയും സ്‌പോണ്‍സര്‍ ചെയ്യുന്ന കലാപമാണ് ഇറാനില്‍ നടക്കുന്നതെന്ന ബോധ്യം ഇറാന്‍ ഭരണകൂടത്തിന് മാത്രമല്ല ഇപ്പോള്‍ ഇറാന്‍ ജനതയ്ക്കുമുണ്ട്. അതുകൊണ്ടാണ് കലാപകാരികളെ എതിര്‍ത്തും ആയത്തുള്ള അലി ഖമേനി എന്ന ഇറാന്റെ പരമോന്നത നേതാവിനെ പിന്തുണച്ചും ലക്ഷക്കണക്കിന് ജനങ്ങള്‍ ഇപ്പോള്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. 1989, 1993, 2001,2009, 2017, 2021 കാലഘട്ടങ്ങളിലെ അമേരിക്കന്‍ പ്രസിഡന്റുമാര്‍ വിചാരിച്ചിട്ട് നടക്കാത്ത അട്ടിമറി, ഈ 2026ല്‍ ഇറാനില്‍ നടത്തി കളയാമെന്ന് ഡൊണാള്‍ഡ് ട്രമ്പ് കരുതിയത് തന്നെ അദ്ദേഹത്തിന്റെ മാനസികാവസ്ഥ തകരാറിലാണെന്നതിന് ഉദാഹരണമാണ്.
സ്വന്തം രാജ്യത്തിനായി പോരാടി മരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇറാനിലുള്ളത്. മരണത്തെ ഭയമില്ലാത്ത ആ ജനതയ്ക്ക് മുന്നിലേക്ക് ഏത് സൈന്യത്തെ അമേരിക്ക ഇറക്കിയാലും അവരുടെ ശവശരീരം പോലും ബാക്കി കാണില്ല. ഇപ്പോള്‍ ഇറാനില്‍ കുഴപ്പം ഉണ്ടാക്കാന്‍ ഇറങ്ങിയ കലാപകാരികള്‍ക്ക് എതിരെ യഥാര്‍ത്ഥത്തില്‍ പ്രതികാരം ചെയ്യുന്നതും ഇതേ ജനതയാണ്. ചാരന്‍മാരും രാജ്യ ദ്രോഹികളും, സ്വന്തം പൗരന്‍മാര്‍ ആയാല്‍ പോലും അവരെ കൈകാര്യം ചെയ്യാനുള്ള അവകാശം, ആ നാട്ടിലെ സുരക്ഷാ സേനകള്‍ക്ക് മാത്രമല്ല, രാജ്യ സ്‌നേഹികള്‍ക്കുമുണ്ട്. അത് ചോദ്യം ചെയ്യാനുള്ള അവകാശമൊന്നും മറ്റൊരു രാജ്യത്തിനും ഇല്ല.
പരമാധികാരത്തെ ആരുടെ മുന്നിലും പണയം വയ്ക്കില്ലന്ന ഉറച്ച നിലപാടുള്ള ഒരു ഭരണകൂടമാണ് ഇറാനെ ഇപ്പോള്‍ നയിക്കുന്നത്. ട്രമ്പിന്റെ വാദങ്ങള്‍ക്ക് ഒരടിസ്ഥാനവും ഇല്ലന്നതിന്റെ നേര്‍ചിത്രമാണ് ഇറാന്‍ സ്റ്റേറ്റ് മീഡിയ പുറത്ത് വിട്ട ചിത്രത്തിലൂടെയും വ്യക്തമാകുന്നത്. ഇറാനെ ആക്രമിച്ചാല്‍ ട്രമ്പിനെ തന്നെ കൊല്ലുമെന്ന് പറയാനുള്ള ധൈര്യം ഇറാനുണ്ടെങ്കില്‍ അവരുടെ ശേഷി ലോകം കണ്ടതിലും അപ്പുറമാണ് എന്നു വ്യക്തമാണ്. മറ്റ് രാജ്യങ്ങളില്‍ കയറി അധിനിവേശം നടത്തിയ പോലെ, വെനസ്വേല പ്രസിഡന്റിനെ തട്ടികൊണ്ടു പോയതു പോലെയും എളുപ്പത്തില്‍ ഇറാനെ വരുതിയിലാക്കാമെന്ന അമേരിക്കയുടെ കണക്കു കൂട്ടലുകള്‍ക്ക് തിരിച്ചടി കിട്ടുന്ന കാലം വിദൂരമല്ല.
CONTENT HIGH LIGHTS; Will not hesitate to kill Trump if necessary?: Warning that if you aim, you will not miss the target; Iranian regime challenges America; ‘The bullet will not miss’
















