അവധിദിവസം സുഹൃത്തുക്കൾക്കൊപ്പം നീന്താനിറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നെയ്യാറ്റിൻകര കുന്നത്തുകാൽ പഞ്ചായത്തിലെ പൂനം കുടിക്കുളത്തിൽ വീണാണ് മലയിൻകാവ് സ്വദേശിയായ നിയാസ് (12) മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
മലയിൻകാവ് ഉള്ളുവിള വീട്ടിൽ ഷമീന-ഷാജി ദമ്പതികളുടെ മകനാണ് മരിച്ച നിയാസ്. ഉണ്ടൻകോട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ നിയാസ്, സഹോദരൻ ഫയാസ്, സുഹൃത്തായ അബി എന്നിവർക്കൊപ്പമാണ് കുളിക്കാൻ എത്തിയത്. കുന്നത്തുകാൽ പഞ്ചായത്തിലെ ചെറിയകൊല്ല വാർഡിൽ നവീകരിച്ച് സ്വിമ്മിംഗ് പൂളാക്കി മാറ്റിയ പൂനം കുടിക്കുളത്തിലായിരുന്നു അപകടം.
കുളത്തിലിറങ്ങിയ നിയാസ് പെട്ടെന്ന് അപകടത്തിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾ പരിഭ്രാന്തരായി നിലവിളിച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ നിയാസിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തു ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു
















