ഗുജറാത്തിലെ രാജ്കോട്ടിൽ ഏഴു വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച 30കാരനായ പ്രതിക്ക് വധശിക്ഷ. മധ്യപ്രദേശ് സ്വദേശിയായ പ്രതിക്ക് അതിവേഗം വിചാരണ പൂർത്തിയാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. രാജ്കോട്ടിലെ അറ്റ്കോട്ട് താലൂക്കിലെ ഗ്രാമത്തിലാണ് ഏഴു വയസ്സുള്ള പെൺകുട്ടി 2025 ഡിസംബർ 4 നാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. മാതാപിതാക്കൾ വയലിൽ ജോലി ചെയ്യുമ്പോൾ പ്രതിയായ രാംസിങ് തെർസിങ് ദുദ്‌വ പെൺകുട്ടിയെ തട്ടിയെടുത്തു ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. അന്വേഷണത്തിൽ കുട്ടിയെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്.
സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. പൊലീസ് നടത്തിയ അന്വേഷണത്തിൽ രാംസിങ്ങിനെ ഡിസംബർ 8 ന് പിടികൂടി. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 11 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് രാജ്കോട്ടിലെ പ്രത്യേക പോക്സോ കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചു. 2026 ജനുവരി 12 കോടതി രാംസിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജനുവരി 17 വധശിക്ഷ വിധിക്കുകയും ചെയ്തു.
















