ഇറാൻ പിടിച്ചെടുത്ത എണ്ണ ടാങ്കറിലെ പൗരൻമാരുടെ മോചനം വേഗത്തിലാക്കാൻ ഇന്ത്യ ശ്രമം തുടങ്ങി. കഴിഞ്ഞ മാസം ഇറാൻ പിടിച്ചെടുത്ത എണ്ണ ടാങ്കറിൽ 16 ഇന്ത്യൻ പൗരൻമാരാണുള്ളത്. ഇവർക്കെതിരായ നിയമ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഇന്ത്യ അഭ്യർഥിച്ചതായി ടെഹ്‌റാനിലെ ഇന്ത്യൻ എംബസി പറഞ്ഞു.
കപ്പലിലുള്ള ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ഡിസംബർ 14മുതൽ ഇന്ത്യൻ എംബസി ശ്രമങ്ങൾ ആരംഭിച്ചിരുന്നു. കപ്പലിലുള്ളവർക്ക് ഇന്ത്യയിലെ കുടുംബങ്ങളുമായി ആശയവിനിമയം നടത്താനുള്ള അനുമതിക്കായും ഇന്ത്യ സമ്മർദം ചെലുത്തുന്നുണ്ട്.
2025 ഡിസംബർ 8 നാണ് ഇന്ധന കള്ളക്കടത്ത് ആരോപിച്ചു ദുബായ് ആസ്ഥാനമായുള്ള കമ്പനിയുടെ കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ബംഗ്ലദേശ്, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് കപ്പലിലുണ്ടായിരുന്നത്.
















