തമിഴ്‌നാട്ടിലെ ജല്ലിക്കെട്ട് താരങ്ങൾക്കും കാളയുടമകൾക്കും വലിയ ആവേശം പകരുന്ന പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മികച്ച ജല്ലിക്കെട്ട് വീരന് സർക്കാർ ജോലി നൽകുമെന്ന് എം.കെ.സ്റ്റാലിൻ പറഞ്ഞു.
ജല്ലിക്കെട്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ കാളകളെ പിടിച്ചുകെട്ടുന്നവർക്കു മൃഗസംരക്ഷണ വകുപ്പിലാണ് ജോലി നൽകുക. ലോക പ്രശസ്തമായ അളങ്കാനല്ലൂർ ജല്ലിക്കെട്ടിന്റെ ഉദ്ഘാടന വേദിയിലായിരുന്നു പ്രഖ്യാപനം.
കാളകളെ പരിശീലിപ്പിക്കുന്നതിനും ചികിത്സിക്കുന്നതിനും 2 കോടി രൂപ ചെലവിൽ നവീന സൗകര്യങ്ങളോടെ അളങ്കാനല്ലൂരിൽ പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും അറിയിച്ചു. ജല്ലിക്കെട്ട് മത്സരങ്ങൾക്കുള്ള സർക്കാർ പിന്തുണ കൂട്ടുന്നതിനും മത്സരാർഥികൾക്ക് കൂടുതൽ അംഗീകാരം ലഭിക്കുന്നതിനുമാണു ജോലി നൽകുമെന്ന തീരുമാനം.
വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരുടെ വകയായി കാർ, ഇരുചക്ര വാഹനം തുടങ്ങിയ സമ്മാനങ്ങളാണ് വിജയികൾക്കും ഉടമകൾക്കും ഇതുവരെ നൽകിയിരുന്നത്. സർക്കാർ ജോലി നൽകണമെന്നതു വിജയികളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു.
















