സ്വന്തം ജീവൻ പണയപ്പെടുത്തി കൊച്ചുപെൺകുട്ടിയെ തെരുവുനായയുടെ പിടിയിൽ നിന്നും രക്ഷിച്ച നിർമ്മാണ തൊഴിലാളിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത. മലപ്പുറം ആനൊഴുക്കുപാലത്തിന് സമീപം കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. നിർമ്മാണ തൊഴിലാളിയായ സുരേഷിനാണ് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ലക്ഷ്യമിട്ട് തെരുവുനായ പാഞ്ഞടുക്കുന്നത് കണ്ടാണ് സമീപത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന സുരേഷ് ഇടപെട്ടത്. കുട്ടിക്ക് നേരെ നായ ചാടാൻ തുടങ്ങിയതോടെ റോഡ് മുറിച്ചുകടന്ന് സുരേഷ് തടയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടിയെ വിട്ട് നായ സുരേഷിന് നേരെ തിരിയുകയും ആക്രമിച്ച് വീഴ്ത്തുകയുമായിരുന്നു.
ആക്രമണത്തിനിടെ പ്രതിരോധിക്കാൻ ശ്രമിച്ച സുരേഷ് സമീപത്തെ ഓടയിലേക്ക് വീണു. ഈ സമയമത്രയും നായ സുരേഷിനെ വിടാതെ കടിച്ചു കീറുകയായിരുന്നു. ഓടയിൽ വീണ സുരേഷിന്റെ കയ്യിൽ നായ കടിച്ചു.
നാട്ടുകാർ ഓടിക്കൂടി നായയെ അടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ഏറെ നേരത്തേക്ക് നായ സുരേഷിന്റെ കയ്യിലെ പിടി വിട്ടില്ല.
ശരീരത്തിൽ പതിനഞ്ചോളം ഇടങ്ങളിൽ സുരേഷിന് മുറിവേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ ഇദ്ദേഹം നിലവിൽ ചികിത്സയിലാണ്.
















