ഹാസ്യത്തിൽ പൊതിഞ്ഞ ജീവിത യാഥാർഥ്യങ്ങളെയും സാമൂഹിക പ്രശ്നങ്ങളെയും
മിഴിവോടെ അവതരിപ്പിച്ച തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസന്റെ വേർപാട് മലയാള സിനിമയ്ക്ക് മാത്രമല്ല ഓരോ പ്രേക്ഷകനും തീരാവേദനയാണ് സമ്മാനിച്ചത്. ഇപ്പോഴിതാ കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ‘സന്മനസുള്ള ശ്രീനി’ എന്ന പരിപാടിയിൽ ശ്രീനിവാസനെ കുറിച്ച് നടനും മന്ത്രിയുമായ കെ.ബി ഗണേഷ് കുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഗണേഷ് കുമാറിന്റെ വാക്കുകൾ ‘‘ശ്രീനിയേട്ടന്റെ കഥകളൊക്കെ കേൾക്കുമ്പോൾ അദ്ദേഹം ഒരു ജീനിയസ് ആണെന്ന് നമുക്കൊക്കെ തോന്നും. സാധാരണക്കാരനായ ഒരു മലയാളി അദ്ദേഹത്തിലുമുണ്ട്. ശ്രീനിവാസന്റെ അളിയൻ മോഹൻ സംവിധായകനാകുന്നതിന് മുൻപ്, അദ്ദേഹത്തെ എങ്ങനെയെങ്കിലും രക്ഷിച്ചുവിടണം എന്നു പറഞ്ഞു നിൽക്കുകയാണ് ശ്രീനിവാസൻ. അപ്പോഴാണ് അടൂർ പങ്കജം ചേച്ചിയുടെ മകൻ അജയൻ ഒരു കണ്ടുപിടിത്തവുമായി വരുന്നത്. ബ്രൂണെ രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി മാവേലിക്കരക്കാരനായ ഒരു നായരാണ്! ബ്രൂണെ രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി വിചാരിച്ചാൽ മോഹനെ ബ്രൂണെയിൽ കൊണ്ടുപോയി അവിടുത്തെ രാജാവിന്റെ സ്റ്റാഫ് ആയി കയറ്റാം. മോഹനെ കയറ്റിവിട്ടാൽ മോഹന്റെ ജീവിതം രക്ഷപ്പെടും എന്ന് ശ്രീനിയേട്ടൻ കരുതി. അങ്ങനെ ബ്രൂണെ രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായ നായർക്ക് കൊടുക്കാൻ വേണ്ടി അഞ്ച് ലക്ഷം രൂപ അജയനെ ഏൽപ്പിച്ചു. അങ്ങനെ പൈസ കളഞ്ഞയാളാണ് ശ്രീനിവാസൻ. ‘വരവേൽപ്പ്’ ‘സന്ദേശം’ തുടങ്ങിയ ചിത്രങ്ങളെല്ലാം എഴുതിയ ശ്രീനിവാസനാണ് ഇത് പറ്റിയത് എന്നോർക്കണം. അദ്ദേഹം വലിയ ജീനിയസാണ് എന്ന് നമ്മൾ പറയുമ്പോഴും ഇങ്ങനെയൊരു മലയാളി വശം കൂടെ അദ്ദേഹത്തിനുണ്ട്. ‘ഇങ്ങനെയൊരു മണ്ടത്തരം പറ്റിയെടാ’ എന്ന് അദ്ദേഹം തന്നെയാണ് എന്നോട് പറഞ്ഞത്. എത്ര വലിയ ബുദ്ധിമാനാണ്, ജീനിയസാണ് എന്ന് പറഞ്ഞാലും അതിന്റെ സൈഡിലൂടെ നമ്മളെ പറ്റിക്കാൻ പറ്റുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്.’
ശ്രീനിവാസൻ ചെമ്മീൻകെട്ട് ബിസിനസ് ആരംഭിച്ച കഥ സംവിധായകൻ പ്രിയദർശനും പങ്കുവച്ചു.
പ്രിയദർശന്റെ വാക്കുകൾ: ‘മമ്മൂട്ടിയും മോഹൻലാലുമൊക്കെ ബിസിനസ് ചെയ്യുന്നതറിഞ്ഞ് ശ്രീനിവാസനും ബിസിനസ് ചെയ്യണമെന്ന് തോന്നി. ബാങ്ക് ലോണുകളൊക്കെ സംഘടിപ്പിച്ച് പുള്ളി ബിസിനസ് ആരംഭിച്ചു. സ്ഥലമൊക്കെ എന്നെ കാണിച്ചു. ഭയങ്കര ചെമ്മീൻകെട്ടാണ്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാതെയായി. നമ്മൾ അക്കാര്യം സംസാരിച്ചുതുടങ്ങുമ്പോൾ വിഷയം മാറ്റും. വല്ല ആവശ്യവുമുണ്ടായിരുന്നോ എന്ന് ഞാനൊരിക്കൽ ചോദിച്ചു. വേറൊന്നുമല്ലടോ, നമുക്കറിയാം ഇത് ചെമ്മീനാണെന്ന്, ചെമ്മീന് അറിയില്ലല്ലോ ഞാൻ ശ്രീനിവാസൻ ആണെന്ന് എന്നായിരുന്നു മറുപടി. ഇതുപോലെ ഒരുപാട് കഥകളുണ്ട് പറയാൻ.’’
















