വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയ സംഘം സഞ്ചരിച്ച വാഹനം ഇടുക്കി നാരകക്കാനത്ത് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും എത്തിയ സഞ്ചാരികളുടെ വാഹനമാണ് നിയന്ത്രണം വിട്ട് തിട്ടയിലിടിച്ച് മറിഞ്ഞത്. അപകടത്തിൽ കുട്ടികളടക്കം 18 പേർക്ക് പരിക്കേറ്റു. ഇവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
കാൽവരി മൗണ്ടിൽ നിന്നും രാമക്കൽമേട്ടിലേക്ക് പോകുന്നതിനിടെയാണ് നാരകക്കാനം അമലഗിരിക്ക് സമീപം അപകടമുണ്ടായത്. സുരക്ഷിതമായ പ്രധാന പാത ഒഴിവാക്കി ഗൂഗിൾ മാപ്പ് നിർദ്ദേശിച്ച എളുപ്പവഴിയിലൂടെ (ഇടുങ്ങിയ പാത) പോയതാണ് അപകടത്തിന് കാരണമായത്. വീതി കുറഞ്ഞ റോഡിലെ തിട്ടയിൽ ഇടിച്ചതിനെത്തുടർന്ന് വാഹനം ചരിഞ്ഞു വീഴുകയായിരുന്നു.
അപകടം നടന്നയുടൻ തന്നെ നാട്ടുകാരും സ്ഥലത്തെത്തിയ തങ്കമണി പോലീസും ചേർന്ന് അതിവേഗത്തിൽ രക്ഷാപ്രവർത്തനം നടത്തി. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം ആര്യനാട് സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
















